ബെംഗളൂരുവിൽ മഴക്കളി തുടരുന്നു; ഇന്ത്യ–ന്യൂസീലൻഡ് ടെസ്റ്റിൽ ആദ്യ ദിനം കളിയില്ല, ടോസും നാളെ
Mail This Article
ബെംഗളൂരു∙ ഇന്ത്യ– ന്യൂസീലൻഡ് ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിവസത്തെ കളി ഉപേക്ഷിച്ചു. ബുധനാഴ്ച ബെംഗളൂരുവിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് മത്സരത്തിന്റെ ആദ്യ ദിവസം ഒരു പന്തുപോലും എറിയാൻ സാധിക്കാതിരുന്നത്. മത്സരത്തിലെ ടോസും വ്യാഴാഴ്ച രാവിലെയാണ് നടക്കുക. ബുധനാഴ്ച രാവിലെ 9.30നാണു കളി തുടങ്ങേണ്ടിയിരുന്നത്. ഉച്ചയായിട്ടും മഴ തുടർന്നതോടെ ആദ്യ ദിവസത്തെ കളി വേണ്ടെന്നുവയ്ക്കുകയായിരുന്നു.
ഇന്ത്യൻ താരങ്ങളായ വിരാട് കോലിയും യശസ്വി ജയ്സ്വാളും ഇടയ്ക്ക് പരിശീലനത്തിനായി ഗ്രൗണ്ടിൽ ഇറങ്ങിയെങ്കിലും പെട്ടെന്നു തന്നെ മടങ്ങി. ബെംഗളൂരുവിൽ വ്യാഴാഴ്ചയും മഴയ്ക്കു സാധ്യതയുണ്ട്. ബംഗ്ലദേശിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയതിന്റെ ആത്മവിശ്വാസവുമായി എത്തുന്ന ഇന്ത്യയ്ക്ക് വരാനിരിക്കുന്ന ഓസ്ട്രേലിയൻ പരമ്പരയ്ക്കുള്ള തയാറെടുപ്പാണ് പരമ്പര.
ബാറ്റിങ്ങിൽ രോഹിത് ശർമയ്ക്കൊപ്പം യശസ്വി ജയ്സ്വാൾ തന്നെ ഓപ്പണറായി എത്തും. ശുഭ്മൻ ഗിൽ, വിരാട് കോലി, ഋഷഭ് പന്ത്, കെ.എൽ.രാഹുൽ എന്നിവരടങ്ങിയ ടോപ് ഓർഡർ സുശക്തം. ബോളിങ്ങിൽ മൂന്നാം സ്പിന്നർ വേണമെന്നു തോന്നിയാൽ ആർ.അശ്വിനും രവീന്ദ്ര ജഡേജയ്ക്കുമൊപ്പം അക്ഷർ പട്ടേലോ കുൽദീപ് യാദവോ ആദ്യ ഇലവനിൽ എത്തും.
ശ്രീലങ്കയ്ക്കെതിരായ പരമ്പര 2–0നു തോറ്റതിന്റെ ഞെട്ടൽ വിട്ടുമാറാതെയാണ് ഇന്ത്യയ്ക്കെതിരായ പരമ്പരയ്ക്കായി കിവീസ് എത്തുന്നത്. ബാറ്റിങ്ങിലും ബോളിങ്ങിലും ലങ്കയെക്കാൾ കരുത്തരായ ഇന്ത്യയെ പിടിച്ചുകെട്ടുക സന്ദർശകർക്ക് എളുപ്പമാകില്ല. പരുക്കുമൂലം പുറത്തായ സീനിയർ താരം കെയ്ൻ വില്യംസന്റെ അഭാവം ടീമിനെ അലട്ടുന്നു. അജാസ് പട്ടേൽ, മിച്ചൽ സാന്റ്നർ, രചിൻ രവീന്ദ്ര എന്നിവരടങ്ങിയ സ്പിൻ നിരയിലാണ് കിവീസിന്റെ പ്രതീക്ഷ.