ADVERTISEMENT

മുൾട്ടാൻ (പാക്കിസ്ഥാൻ) ∙ ടീം സിലക്‌ഷനിലെ ഉറച്ച നിലപാടുകളും സ്പിൻ ബോളർമാർക്കായി ഒരുക്കിയ മുൾട്ടാനിലെ പിച്ചും കൈകോർത്തപ്പോൾ ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ പാക്കിസ്ഥാന് 152 റൺസ് വിജയം. 2021 ഫെബ്രുവരിയിൽ റാവൽപിണ്ടിയിൽ നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേടിയ വിജയത്തിനു ശേഷം പാക്കിസ്ഥാൻ സ്വന്തം മണ്ണിൽ ടെസ്റ്റ് മത്സരം ജയിക്കുന്നത് ഇതാദ്യം. സ്കോർ: പാക്കിസ്ഥാൻ – 366, 221. ഇംഗ്ലണ്ട്– 219, 144. 

തുടർച്ചയായി 6 ടെസ്റ്റുകൾ തോറ്റതിനു വിമർശനമേറെ ഏറ്റുവാങ്ങിയ ഷാൻ മസൂദിന്റെ ക്യാപ്റ്റൻസിയിൽ പാക്കിസ്ഥാന്റെ ആദ്യ വിജയമാണിത്. ബംഗ്ലദേശിനെതിരെ നാട്ടിൽ നടന്ന പരമ്പര 2–0ന് അടിയറവു വച്ചതുൾപ്പെടെ പാക്കിസ്ഥാനു മേൽ പെയ്യാനൊരുങ്ങി നിന്ന തോൽവിയുടെ കാർമേഘങ്ങളെ നീക്കുന്നതായി ഈ വിജയം. ജയത്തോടെ 3 മത്സര ടെസ്റ്റ് 1–1 എന്ന നിലയിലായി. മൂന്നാം ടെസ്റ്റ് 24 മുതൽ റാവൽപിണ്ടിയിൽ. 

സ്പിന്നർമാരായ നോമാൻ അലി, സാജിദ് ഖാൻ എന്നിവർ ചേർന്നാണ് ഇംഗ്ലണ്ടിന്റെ 20 വിക്കറ്റുകളും വീഴ്ത്തിയത്. ഇടംകൈ സ്പിന്നർ നോമാൻ അലി രണ്ടാം ഇന്നിങ്സിൽ 46 റൺസ് വഴങ്ങി 8 വിക്കറ്റ് നേടി. ആദ്യ ഇന്നിങ്സിൽ 3 വിക്കറ്റ് നേടിയ അലിയുടെ ആകെ നേട്ടം 11 വിക്കറ്റുകളാണ്. ഓഫ് സ്പിന്നർ സാജിദ് ഖാൻ രണ്ടാം ഇന്നിങ്സിൽ 2 വിക്കറ്റ് കൂടി നേടിയതോടെ (93ന് 2) ആകെ നേട്ടം 9 വിക്കറ്റുകളായി. സാജിദ് ഖാനാണ് പ്ലെയർ ഓഫ് ദ് മാച്ച്. 

 ബെൻ സ്റ്റോക്സ് (37) ആണ് ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സിലെ ടോപ് സ്കോറർ. ബാബർ അസം, നസീം ഷാ, ഷഹീൻ അഫ്രീദി എന്നിവരെ ഒഴിവാക്കാൻ സിലക്‌ടർമാർ തീരുമാനിച്ചതു നിർണായകമായി.

English Summary:

Pakistan won by 152 in the second cricket test against England

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com