രാഹുൽ ‘നന്നായി കളിച്ചാൽ’ തോൽവി ഉറപ്പ്; ഒഴിവാക്കാൻ ലക്നൗ, ലേലത്തിൽ ആർസിബി വാങ്ങുമോ?
Mail This Article
ലക്നൗ∙ ക്യാപ്റ്റൻ കെ.എൽ. രാഹുലിനെ ടീമിൽനിന്ന് ‘റിലീസ്’ ചെയ്യാനൊരുങ്ങി ഐപിഎൽ ടീം ലക്നൗ സൂപ്പർ ജയന്റ്സ്. രണ്ടു സീസണുകളിൽ ലക്നൗവിനെ പ്ലേ ഓഫ് കളിപ്പിച്ച ക്യാപ്റ്റനാണെങ്കിലും ഇപ്പോഴത്തെ ഫോം വച്ച് രാഹുലിനെ നിലനിര്‍ത്തേണ്ടതില്ലെന്നാണ് ലക്നൗ മാനേജ്മെന്റിന്റെ നിലപാട്. ലേലത്തിൽ ഇപ്പോഴത്തേതിലും കുറഞ്ഞ തുകയ്ക്കോ, അല്ലെങ്കില്‍ റൈറ്റ് ടു മാച്ച് വഴിയോ രാഹുലിനെ വേണമെങ്കില്‍ സ്വന്തമാക്കാമെന്നാണു ടീം കണക്കു കൂട്ടുന്നത്.
ലക്നൗ മെന്റർ സഹീർ ഖാനും പരിശീലകൻ ജസ്റ്റിൻ ലാംഗറും രാഹുലിന്റെ കാര്യത്തിൽ നീണ്ട ചർച്ചകളാണു നടത്തിയത്. ഒടുവില്‍ താരത്തെ നിലനിര്‍ത്തേണ്ടതില്ലെന്നു തീരുമാനിച്ചു. ട്വന്റി20യിൽ ദേശീയ ടീമിൽ ഏറെ നാളായി കളിക്കാത്ത രാഹുലിന്റെ സ്ട്രൈക്ക് റേറ്റിലും ടീം തൃപ്തരല്ല. ഇംപാക്ട് പ്ലേയർ സംവിധാനം കൂടി എത്തിയതോടെ ഐപിഎല്‍ മത്സരങ്ങളിലെ ശരാശരി സ്കോർ ഉയർന്നതായും, നിലയുറപ്പിക്കാൻ ഏറെ സമയം വേണ്ട രാഹുലിനെപ്പോലൊരു താരത്തെ ആവശ്യമില്ലെന്നുമാണ് ലക്നൗവിന്റെ നിലപാട്.
കെ.എൽ. രാഹുല്‍ നന്നായി സ്കോർ ചെയ്ത മത്സരങ്ങളിലെല്ലാം ലക്നൗ തോൽക്കുന്നുവെന്നാണ് മാനേജ്മെന്റിന്റെ കണ്ടെത്തൽ. രാഹുൽ നേരിടുന്ന പന്തുകള്‍ മത്സരഫലത്തിൽ വളരെയേറെ സ്വാധീനിക്കുന്നുണ്ടെന്നും ലക്നൗ മാനേജ്മെന്റ് വിലയിരുത്തിയതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. അടുത്ത സീസണിലേക്കു മൂന്നു താരങ്ങളെ നിലനിർത്താനാണ് ലക്നൗ ആഗ്രഹിക്കുന്നത്.
വെസ്റ്റിൻഡീസ് ബാറ്റർ നിക്കോളാസ് പുരാൻ, ഇന്ത്യൻ പേസർ മായങ്ക് യാദവ്, സ്പിന്നർ രവി ബിഷ്ണോയ് എന്നിവർ ലക്നൗവിൽ അടുത്ത സീസണിലും കളിക്കും. ലക്നൗവിന്റെ കണ്ടെത്തലാണ് തീപ്പൊരി ബോളറായ മായങ്ക്. ലേലത്തിൽപോയാൽ താരത്തെ തിരികെയെത്തിക്കാനും ബുദ്ധിമുട്ടാകും. സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന പുരാൻ, രവി ബിഷ്ണോയ് എന്നിവരെ നിലനിർത്തുന്നതിനും ലക്നൗവിന് അധിക ചർച്ചകൾ വേണ്ടിവന്നില്ല.
കഴിഞ്ഞ സീസണിൽ തുടര്‍ തോൽവികൾക്കിടെ രാഹുലിനെ ടീം ഉടമ സഞ്ജീവ് ഗോയങ്ക ഗ്രൗണ്ടിൽവച്ച് പരസ്യമായി ശകാരിച്ചത് ഏറെ വിവാദമായിരുന്നു. ലേലത്തിൽപോയാല്‍ രാഹുല്‍ മുൻപ് കളിച്ചിട്ടുള്ള റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവും താരത്തിനായി ശ്രമിക്കാൻ സാധ്യതയുണ്ട്.