മറുപടി ബാറ്റിങ്ങിൽ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം, സൗത്തിയുടെ പന്തിൽ രോഹിത് ബോൾഡ്
Mail This Article
പുണെ∙ രണ്ടാം ടെസ്റ്റിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം. ഒന്‍പതു പന്തുകൾ നേരിട്ട രോഹിത് ശർമ റണ്ണൊന്നുമെടുക്കാതെ പുറത്തായി. പേസർ ടിം സൗത്തിയെറിഞ്ഞ മൂന്നാം ഓവറിലെ അവസാന പന്തിൽ രോഹിത് ബോൾഡാകുകയായിരുന്നു. ആദ്യ ദിനം കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 16 റൺസെന്ന നിലയിലാണ് ഇന്ത്യ. യശസ്വി ജയ്സ്വാള്‍ (25 പന്തിൽ ആറ്), ശുഭ്മൻ ഗിൽ (32 പന്തിൽ 10) എന്നിവരാണു ക്രീസിൽ.
ആദ്യ ഇന്നിങ്സിൽ ന്യൂസീലൻഡ് 259 റൺസിനു പുറത്തായിരുന്നു. ഓൾറൗണ്ടർ വാഷിങ്ടൻ സുന്ദർ ആദ്യ ഇന്നിങ്സിൽ ഏഴു വിക്കറ്റുകൾ വീഴ്ത്തി. ആർ. അശ്വിൻ മൂന്നു വിക്കറ്റുകളും സ്വന്തമാക്കി. 141 പന്തിൽ 76 റൺസെടുത്ത ഡെവോൺ കോൺവെയാണ് കിവീസിന്റെ ടോപ് സ്കോറർ. രചിന്‍ രവീന്ദ്രയും ന്യൂസീലൻഡിനായി അർധ സെഞ്ചറി നേടി. 105 പന്തുകൾ നേരിട്ട താരം 65 റൺസെടുത്തു പുറത്തായി.
മിച്ചൽ സാന്റ്നർ (51 പന്തിൽ 33), വിൽ യങ് (45 പന്തിൽ 18), ഡാരിൽ മിച്ചൽ (54 പന്തിൽ 18), ടോം ലാഥം (22 പന്തിൽ 15) എന്നിവരാണ് ന്യൂസീലൻഡിന്റെ മറ്റു പ്രധാന സ്കോറർമാർ. സ്പിന്നർമാരെ തുണയ്ക്കുന്ന പിച്ചിൽ ന്യൂസീലൻഡിന്റെ വിക്കറ്റുകൾ വാഷിങ്ടൻ സുന്ദറും അശ്വിനും പങ്കിട്ടെടുക്കുകയായിരുന്നു.
23.1 ഓവറുകൾ പന്തെറിഞ്ഞ വാഷിങ്ടന്‍ സുന്ദർ 59 റൺസ് വഴങ്ങിയാണ് ഏഴു വിക്കറ്റുകൾ സ്വന്തമാക്കിയത്. 24 ഓവറുകൾ എറിഞ്ഞ അശ്വിൻ 64 റൺസ് വഴങ്ങി. നേരത്തേ, നിർണായകമായ ടോസ് നേടിയ ന്യൂസീലൻഡ് നായകൻ ടോം ലാതം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.