‘സ്വയം കുഴിയൊരുക്കി’ കറങ്ങി വീണു; പുണെയിൽ ഇന്ത്യയെ വീഴ്ത്തി ചരിത്രമെഴുതി ന്യൂസീലൻഡ്, പരമ്പര ഉറപ്പാക്കി
Mail This Article
പുണെ∙ താരതമ്യേന വലിയ വിജയലക്ഷ്യത്തിനു മുന്നിൽ യുവതാരങ്ങൾ പുറത്തെടുത്ത പോരാട്ടവീര്യം പോലും കൂടാതെ ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോലിയും ഉൾപ്പെടെയുള്ള മുതിർന്ന താരങ്ങൾ വിക്കറ്റ് തുലച്ചതോടെ, ന്യൂസീലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ദയനീയ തോൽവി. 359 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ, 60.2 ഓവറിൽ 245 റൺസിന് എല്ലാവരും പുറത്തായി. ന്യൂസീലൻഡിന്റെ വിജയം 113 റൺസിന്.
ഇതോടെ, മൂന്നു മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പര ന്യൂസീലൻഡ് ഉറപ്പാക്കി. ആദ്യ ടെസ്റ്റിലും കിവീസ് ഇന്ത്യയെ തോൽപ്പിച്ചിരുന്നു. പരമ്പരയിലെ മൂന്നാം മത്സരം നവംബർ ഒന്നു മുതൽ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കും. സ്കോർ: ന്യൂസീലൻഡ് – 259 & 255, ഇന്ത്യ – 156 & 245. ഇന്ത്യയിൽ ആദ്യമായാണ് ന്യൂസീലൻഡ് ഒരു ടെസ്റ്റ് പരമ്പര വിജയിക്കുന്നത്.
ടെസ്റ്റ് കരിയറിലാദ്യമായി 13 വിക്കറ്റ് നേട്ടം കൈവരിച്ച സ്പിന്നർ മിച്ചൽ സാന്റ്നറാണ് ന്യൂസീലൻഡിന് ഐതിഹാസിക വിജയം സമ്മാനിച്ചത്. ഒന്നാം ഇന്നിങ്സിൽ ഏഴു വിക്കറ്റെടുത്ത സാന്റ്നർ, രണ്ടാം ഇന്നിങ്സിൽ 29 ഓവറിൽ 104 റൺസ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തി. അജാസ് പട്ടേൽ രണ്ടും ഗ്ലെൻ ഫിലിപ്സ് ഒരു വിക്കറ്റും നേടി. സ്വന്തം നാട്ടിൽ 18 പരമ്പരകളിലായി തുടരുന്നുവന്ന ആധിപത്യമാണ്, ന്യൂസീലൻഡിനെതിരായ പരമ്പര നഷ്ടത്തോടെ ഇന്ത്യയ്ക്ക് കൈമോശം വന്നത്. 18 പരമ്പരകളിലായി 53 മത്സരങ്ങളാണ് ഇന്ത്യ കളിച്ചത്. അതിൽ 42 എണ്ണവും വിജയിച്ചു. ഏഴു കളികൾ സമനിലയിൽ കലാശിച്ചു. തോറ്റത് വെറും നാലു മത്സരങ്ങള്‍ മാത്രം.
അർധസെഞ്ചറിയുമായി കുറച്ചെങ്കിലും പ്രതീക്ഷ സമ്മാനിച്ച ഓപ്പണർ യശസ്വി ജയ്സ്വാളാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഏകദിന ശൈലിയിൽ തകർത്തടിച്ച ജയ്സ്വാൾ 65 പന്തിൽ ഒൻപതു ഫോറും മൂന്നു സിക്സും സഹിതം 77 റൺസെടുത്ത് പുറത്തായി. ജയ്സ്വാളിനു പുറമേ ഇന്ത്യൻ നിരയിൽ രണ്ടക്കം കണ്ടത് വൺഡൗണായെത്തിയ ശുഭ്മൻ ഗിൽ (31 പന്തിൽ നാലു ഫോറുകളോടെ 23), വിരാട് കോലി (40 പന്തിൽ രണ്ടു ഫോറുകളോടെ 17), വാഷിങ്ടൻ സുന്ദർ (47 പന്തിൽ രണ്ടു ഫോറുകളോടെ 21), രവിചന്ദ്രൻ അശ്വിൻ (34 പന്തിൽ രണ്ടു ഫോറുകളോടെ 18), രവീന്ദ്ര ജഡേജ (84 പന്തിൽ 42), ബുമ്ര (നാലു പന്തിൽ പത്ത്) എന്നിവർ മാത്രം. യശസ്വി ജസ്വാളിനു പുറമേ രണ്ടാം ഇന്നിങ്സിൽ സിക്സടിച്ച മറ്റൊരു ഇന്ത്യൻ ബാറ്റർ ബുമ്രയാണ്.ക്യാപ്റ്റൻ കൂടിയായ ഓപ്പണർ രോഹിത് ശർമ (16 പന്തിൽ എട്ട്), ഋഷഭ് പന്ത് (0), സർഫറാസ് ഖാൻ (15 പന്തിൽ 9) എന്നിവർ പൂർണമായും നിരാശപ്പെടുത്തി.
നേരത്തേ 103 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡുമായി വീണ്ടും ബാറ്റിങ് ആരംഭിച്ച ന്യൂസീലൻഡ്, രണ്ടാം ഇന്നിങ്സിൽ 69.3 ഓവറിൽ 255 റൺസിന് ഓൾഔട്ടായതോടെയാണ് ഇന്ത്യയ്ക്കു മുന്നിൽ 359 റൺസിന്റെ സാമാന്യം വലിയ വിജയലക്ഷ്യം ഉയർന്നത്. ഇന്ത്യ ഇതിനു മുൻപ് സ്വന്തം നാട്ടിൽ 25 തവണ 300നു മുകളിലുള്ള വിജയലക്ഷ്യം പിന്തുടർന്നിട്ടുണ്ടെങ്കിലും ജയിച്ചത് ഒറ്റത്തവണ മാത്രമാണ്. 2008ൽ ചെന്നൈയിൽ ഇംഗ്ലണ്ടിനെതിരെ 387 റൺസ് വിജയലക്ഷ്യമാണ് ഇന്ത്യ പിന്തുടർന്നു ജയിച്ചിട്ടുള്ളത്. ശേഷിക്കുന്ന 14 മത്സരങ്ങൾ തോറ്റപ്പോൾ, ഒരു മത്സരം ടൈയിൽ അവസാനിച്ചു. ഒൻപതു മത്സരങ്ങൾ സമനിലയായി. രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽത്തന്നെ ന്യൂസീലൻഡിനെതിരെ ഒരു ടീം നാലാം ഇന്നിങ്സിൽ പിന്തുടർന്ന് ജയിച്ചിട്ടുള്ള ഉയർന്ന സ്കോർ 345 റൺസാണ്. 1969ൽ ഓക്‌ലൻഡിൽ വെസ്റ്റിൻഡീസാണ് ഈ നേട്ടം കൈവരിച്ചത്.
മൂന്നാം ദിനം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 198 റൺസുമായി ബാറ്റിങ് പുനരാരംഭിച്ച ന്യൂസീലൻഡിന്, 56 റൺസ് കൂട്ടിച്ചേർക്കുമ്പോഴേയ്ക്കും ശേഷിച്ച അഞ്ച് വിക്കറ്റുകളും നഷ്ടമായി. അർധസെഞ്ചറി നേടിയ ഓപ്പണറും ക്യാപ്റ്റനുമായ ടോം ലാതമാണ് കിവീസിന്റെ ടോപ് സ്കോറർ. 133 പന്തുകൾ നേരിട്ട ലാതം 10 ഫോറുകൾ സഹിതം 86 റൺസാണെടുത്തത്. ടോം ബ്ലണ്ടൽ (83 പന്തിൽ മൂന്നു ഫോറുകളോടെ 41), മിച്ചൽ സാന്റ്നർ (16 പന്തിൽ നാല്), ടിം സൗത്തി (മൂന്നു പന്തിൽ 0) എന്നിവരാണ് മൂന്നാം ദിനം പുറത്തായ മറ്റു താരങ്ങൾ.
ഗ്ലെൻ ഫിലിപ്സ് 82 പന്തിൽ നാലു ഫോറും രണ്ടു സിക്സും സഹിതം 48 റൺസുമായി പുറത്താകാതെ നിന്നു. ഓപ്പണർ ഡിവോൺ കോൺവേ (25 പന്തിൽ 17), വിൽ യങ് (28 പന്തിൽ 23), രചിൻ രവീന്ദ്ര (13 പന്തിൽ ഒൻപത്), ഡാരിൽ മിച്ചൽ (23 പന്തിൽ 18), വില്യം റൂർക് (0) എന്നിവരാണ് രണ്ടാം ഇന്നിങ്സിൽ പുറത്തായ മറ്റ് ന്യൂസീലൻഡ് താരങ്ങൾ. ഇന്ത്യയ്‌ക്കായി വാഷിങ്ടൻ സുന്ദർ 19 ഓവറിൽ 56 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. സുന്ദർ കരിയറിലാദ്യമായി 10 വിക്കറ്റ് നേട്ടവും കൈവരിച്ചു. ഒന്നാം ഇന്നിങ്സിൽ സുന്ദർ ഏഴു വിക്കറ്റ് വീഴ്ത്തിയിരുന്നു. രവീന്ദ്ര ജഡേജ 19.4 ഓവറിൽ 72 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. രവിചന്ദ്രൻ അശ്വിൻ 25 ഓവറിൽ 97 റൺസ് വഴങ്ങി രണ്ടു വിക്കറ്റും സ്വന്തമാക്കി.