ADVERTISEMENT

പുണെ∙ ഓസ്ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചതിനു പിറ്റേന്ന്, ഒരിക്കൽക്കൂടി ദയനീയ പ്രകടനം ആവർത്തിച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ. ന്യൂസീലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ എട്ടു റൺസെടുത്ത് രോഹിത് പുറത്തായതോടെ, ഒടുവിൽ കളിച്ച ആറ് ഇന്നിങ്സുകളിലും ഒറ്റയക്കത്തിനു പുറത്തെന്ന നാണക്കേടു കൂടിയായി. നേരിട്ട ആദ്യ പന്തിൽ ബൗണ്ടറിയുമായി ആത്മവിശ്വാസത്തോടെ തുടങ്ങിയെങ്കിലും, 16 പന്തിൽ എട്ടു റണ്‍സെടുത്ത രോഹിത് മിച്ചൽ സാന്റ്നറിനാണ് വിക്കറ്റ് സമ്മാനിച്ചത്.

359 റൺസ് പോലെ ഉയർന്ന വിജയലക്ഷ്യം പിന്തുടരുമ്പോൾ ഇന്ത്യൻ ബാറ്റിങ്ങിന്റെ നട്ടെല്ലാകേണ്ട രോഹിത്, താരതമ്യേന ചെറിയ സ്കോറിനു പുറത്തായത് ടീമിന് കനത്ത സമ്മർദ്ദം കൂടിയായി. ഒരറ്റത്ത് യുവതാരം യശസ്വി ജയ്‌സ്വാൾ ആത്മവിശ്വാസത്തോടെ ബാറ്റേന്തുമ്പോഴാണ്, മറുഭാഗത്ത് ക്യാപ്റ്റന്റെ നിരാപ്പെടുത്തുന്ന പ്രകടനം.

ഏറ്റവും ഒടുവിൽ കളിച്ച എട്ട് ടെസ്റ്റ് ഇന്നിങ്സുകളിൽ, രോഹിത് അർധസെഞ്ചറി പിന്നിട്ടത് ഒറ്റത്തവണ മാത്രമാണ്. ന്യൂസീലൻഡിനെതിരെയ ബെംഗളൂരുവിൽ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ നേടിയ 52 റൺസാണ് ആ അർധസെഞ്ചറി പ്രകടനം. അതിനു മുൻപും പിൻപുമായി ഒരിക്കൽക്കൂടി രണ്ടക്കം കണ്ടെങ്കിലും, ആറു തവണയും താരം ഒറ്റയക്കത്തിനു പുറത്തായി.

ബംഗ്ലദേശിനെതിരെ 6, 5, 23, 8, ന്യൂസീലൻഡിനെതിരെ 2, 52, 0, 8 എന്നിങ്ങനെയാണ് ഒടുവിൽ കളിച്ച എട്ട് ഇന്നിങ്സുകളിൽ രോഹിത്തിന്റെ പ്രകടനം. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ പോലൊരു നിർണായക ലക്ഷ്യവുമായി മുന്നേറുന്ന ടീമിന്, ഒട്ടും പ്രതീക്ഷ നൽകുന്ന പ്രകടനമല്ല ക്യാപ്റ്റന്റേത്. ഫീൽഡിങ്ങിനിടെ ഉറച്ച ക്യാച്ച് അവസരങ്ങളും രോഹിത് കൈവിടുന്നത് മത്സരത്തിൽ കണ്ടു. മുൻ നായകൻ വിരാട് കോലി ഉൾപ്പെടെയുള്ളവർ രോഹിത്തിന്റെ ഫീൽഡിങ് പിഴവുകളിൽ അതൃപ്തി പ്രകടമാക്കുന്ന വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

മാത്രമല്ല, ക്യാപ്റ്റനെന്ന നിലയിലും പ്രതിരോധാത്മക സമീപനത്തിന്റെ പേരിൽ രോഹിത് കടുത്ത വിമർശനത്തിന് പാത്രമായിരുന്നു. കിവീസിനെ പ്രതിരോധത്തിലാക്കുന്നതിനു പകരം, സ്വയം പ്രതിരോധത്തിലേക്കു വലിയുന്ന ഫീൽഡിങ് ക്രമീകരണവും ബോളിങ് മാറ്റങ്ങളുമാണ് രോഹിത്തിനു തിരിച്ചടിയായത്.

English Summary:

Rohit Sharma fails again as run of poor form prolongs for India skipper

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com