ADVERTISEMENT

ഇസ്‌ലാമാബാദ്∙ സർവ പ്രതീക്ഷകളും തകിടം മറിച്ച് അടുത്ത വർഷത്തെ ചാംപ്യൻസ് ട്രോഫിയിൽ പങ്കെടുക്കാൻ പാക്കിസ്ഥാനിലേക്കില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) കർശന നിലപാടെടുത്തതോടെ, അതേ നാണയത്തിൽ തിരിച്ചടിക്കാൻ പാക്കിസ്ഥാൻ. ഇന്ത്യ പാക്കിസ്ഥാനിൽ കളിക്കാൻ വിസമ്മതിച്ച സാഹചര്യത്തിൽ, പ്രതിഷേധ സൂചകമായി ടൂർണമെന്റിൽനിന്ന് പാക്കിസ്ഥാൻ പിൻമാറിയേക്കുമെന്ന് പാക്ക് മാധ്യമമായ ‘ഡോൺ’ റിപ്പോർട്ട് ചെയ്തു. ടൂർണമെന്റിൽനിന്ന്് പിൻമാറാൻ പാക്കിസ്ഥാൻ സർക്കാർ, പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് (പിസിബി) നിർദ്ദേശം നൽകുമെന്നാണ് റിപ്പോർട്ടിലുള്ളത്.

അടുത്ത വർഷം ഫെബ്രുവരി 19 മുതൽ മാർച്ച് ഒൻപതു വരെയാണ് പാക്കിസ്ഥാനിലെ വിവിധ വേദികളിലായി ഐസിസി ചാംപ്യൻസ് ട്രോഫി നടക്കുന്നത്. രാഷ്ട്രീയ കാരണങ്ങളാൽ വർഷങ്ങളായി ഇന്ത്യൻ ക്രിക്കറ്റ് ടീം പാക്കിസ്ഥാനിലേക്ക് പോകാറില്ലാത്തതിനാൽ, ഇത്തവണ അതിനു മാറ്റം വരുമോയെന്ന ആകാംക്ഷയിലായിരുന്നു ക്രിക്കറ്റ് ലോകം. ഇന്ത്യൻ ടീം പാക്കിസ്ഥാനിൽ കളിക്കണമെന്ന ആഗ്രഹം പിസിബിയും മുൻ താരങ്ങളും പലകുറി തെളിച്ചും അല്ലാതെയുമായി പറയുകയും ചെയ്തു. 

ജയ് ഷാ ഐസിസി തലപ്പത്ത് എത്തിയതോടെ, ഐസിസി നടത്തുന്ന ടൂർണമെന്റിനായി ഇന്ത്യൻ ടീമിനെ പാക്കിസ്ഥാനിലേക്ക് അയയ്ക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. ജയ് ഷായുടെ പിതാവ് അമിത് ഷാ, രാജ്യം ഭരിക്കുന്ന ബിജെപിയുടെ തലപ്പത്തെ പ്രമുഖ നേതാവാണെന്നതും കേന്ദ്ര ആഭ്യന്തര മന്ത്രിയാണെന്നതും നയംമാറ്റത്തിന് കാരണമായേക്കുമെന്നായിരുന്നു പിസിബിയുടെ പ്രതീക്ഷ. ഇതെല്ലാം തകിടം മറിച്ചാണ് പാക്കിസ്ഥാനിലേക്ക് പോകേണ്ടതില്ലെന്ന് ബിസിസിഐ തീരുമാനിച്ചത്. ഇക്കാര്യം അറിയിച്ച് ഐസിസി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് കത്തയയ്ക്കുകയും ചെയ്തു.

ഇന്ത്യ പാക്കിസ്ഥാനിൽ കളിക്കാൻ വിസമ്മതിച്ച സാഹചര്യത്തിൽ, ഒന്നിലധികം രാജ്യങ്ങൾ ആതിഥ്യം വഹിക്കുന്ന ‘ഹൈബ്രിഡ്’ മോഡലാണ് ഐസിസി പരിഗണിക്കുന്നത്. ഇന്ത്യയുടെ മത്സരങ്ങൾ മാത്രം മറ്റൊരു വേദിയിലേക്ക് മാറ്റുന്ന കാര്യമാണ് പരിഗണനയിലുള്ളത്. അങ്ങനെയെങ്കിൽ യുഎഇയിലാകും ഇന്ത്യയുടെ മത്സരങ്ങൾ നടക്കുക.

അതേസമയം, ‘ഹൈബ്രിഡ്’ മാതൃകയിൽ ടൂർണമെന്റ് നടത്താനുള്ള സാധ്യത പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‌വി തള്ളിക്കളഞ്ഞു. ഇക്കാര്യത്തിൽ പാക്കിസ്ഥാൻ വഴങ്ങാതെ വന്നാൽ, ടൂർണമെന്റ് മുഴുവനായി മറ്റൊരു വേദിയിലേക്കു മാറ്റേണ്ടിവരും. അങ്ങനെയെങ്കിൽ പാക്കിസ്ഥാൻ ടൂർണമെന്റിൽനിന്ന് പിൻമാറാനാണ് സാധ്യത. അതിർത്തിയിലെ സംഘർഷത്തിന്റെയും രാഷ്ട്രീയ വിയോജിപ്പുകളുടെയും പശ്ചാത്തലത്തിൽ 2012 മുതൽ ഇന്ത്യയും പാക്കിസ്ഥാനും ഉഭയകക്ഷി പരമ്പരകൾ കളിക്കാറില്ല. പാക്കിസ്ഥാൻ ആതിഥ്യം വഹിച്ച കഴിഞ്ഞ വർഷത്തെ ഏഷ്യാ കപ്പും ഇന്ത്യയുടെ എതിർപ്പിനെ തുടർന്ന് ഹൈബ്രിഡ് മോഡലിലാണ് നടത്തിയത്. അതോടെ, ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിലാണ് നടത്തിയത്.

English Summary:

Pakistan may pull out of ICC Champions Trophy, Says Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com