‘ഒളിച്ചുള്ള’ പരിശീലനം ഇന്ത്യൻ ടീമിന്റെ ആത്മവിശ്വാസക്കുറവിന്റെ തെളിവ്, ഒരുക്കം ഇങ്ങനെ മതിയോ?: മുൻ പാക്ക് താരം
Mail This Article
ഇസ്‌ലാമാബാദ് ∙ ഓസ്ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി ഇന്ത്യൻ ടീം അടച്ചിട്ട സ്റ്റേഡിയത്തിൽ പരിശീലനം നടത്തിയത്, ടീമിന്റെ ആത്മവിശ്വാസക്കുറവാണ് കാണിക്കുന്നതെന്ന് പാക്കിസ്ഥാന്റെ മുൻ താരം ബാസിത് അലി. ബോർഡർ – ഗാവസ്കർ ട്രോഫിയിൽ നിലവിലെ ജേതാക്കളാണെങ്കിലും, പരമ്പര നിലനിർത്താമെന്ന ആത്മവിശ്വാസം ഇന്ത്യയ്‌ക്കില്ലെന്ന് ബാസിത് അലി അഭിപ്രായപ്പെട്ടു.
പെർത്തിൽ ആദ്യ ടെസ്റ്റ് ആരംഭിക്കുന്നതിന് ദിവസങ്ങൾക്കു മുൻപ് ഇന്ത്യൻ താരങ്ങൾക്കായി ടീം മാനേജ്മെന്റ് ത്രിദിന പരിശീലന മത്സരം സംഘടിപ്പിച്ചിരുന്നു. ഓസ്ട്രേലിയയിൽ പര്യടനം പൂർത്തിയാക്കിയ ഇന്ത്യ എ ടീമുമായിട്ടാണ് പരിശീലന മത്സരം ഒരുക്കിയത്. എന്നാൽ, കാണികളെ പ്രവേശിപ്പിക്കാതെ അടച്ചിട്ട സ്റ്റേഡിയത്തിലായിരുന്നു മത്സരം. ഈ സാഹചര്യത്തിലാണ് ഇന്ത്യയ്ക്ക് ആത്മവിശ്വാസമില്ലെന്ന ബാസിത് അലിയുടെ വിമർശനം.
‘‘എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ മികച്ച ഫോമിലുള്ള ധ്രുവ് ജുറേലിനെ പെർത്ത് ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തണം. ഓസ്ട്രേലിയൻ മണ്ണിൽ ഫോമിലുള്ളവരെ കളിപ്പിക്കുന്നതാണ് ഏറ്റവും ഉചിതം. ടീമിലെടുത്ത് അഞ്ചാമനോ ആറാമനോ ആക്കിയിട്ട് കാര്യമുണ്ടോ? അദ്ദേഹത്തെ മൂന്നാം നമ്പറിൽ ഇറക്കൂ. ഓസീസ് ബോളിങ്ങിനെ നേരിടാനുള്ള ചങ്കൂറ്റം ജുറേലിനുണ്ട്. കട്ട്, പുൾ ഷോട്ടുകളും നന്നായി കളിക്കും. അതുകൊണ്ട് അത്തരമൊരു നീക്കം നടത്തിയാൽ ഗുണം കിട്ടും’ – ബാസിത് അലി പറഞ്ഞു.
‘‘ഇപ്പോഴത്തെ സാഹചര്യത്തിൽ ഇന്ത്യൻ ടീമിന് ഒട്ടും ആത്മവിശ്വാസമില്ലാത്ത അവസ്ഥയാണ്. അവർ അടച്ചിട്ട സ്റ്റേഡിയത്തിൽ ഒളിച്ചാണ് പരിശീലനം നടത്തുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടുന്നതിൽ വിഷമമുണ്ട്. ഇത്തരമൊരു പരമ്പരയ്ക്കു മുന്നോടിയായി നടത്തേണ്ട ശരിയായ ഒരുക്കം ഇങ്ങനെയായിരുന്നില്ല. 12 ദിവസം മുൻപോ 12 മാസം മുൻപോ അവിടെയെത്തിയിട്ടു മാത്രം കാര്യമില്ല. ഇതല്ല ശരിയായ രീതി. ഓസീസ് ടീമുകളുമായി പരിശീലന മത്സരങ്ങൾ കളിച്ച് അവരുടെ ബോളിങ്ങിനെ നേരിടാൻ തയാറെടുക്കണമായിരുന്നു’ – ബാസിത് അലി ചൂണ്ടിക്കാട്ടി.
‘‘വിരാട് കോലിക്കായി എനിക്കൊരു ഉപദേശം തരാനുണ്ട്. ഖലീൽ അഹമ്മദ് ഇന്ത്യൻ ടീമിനൊപ്പമുണ്ടെന്നു കരുതുന്നു. കോലി ഇടംകയ്യൻ പേസ് ബോളർമാർക്കെതിരെ കൂടുതലായി പരിശീലനം നടത്തുക. വിരാട് കോലിയും സ്റ്റീവ് സ്മിത്തും തമ്മിലുള്ള മത്സരത്തിൽ ആരാണ് കൂടുതൽ റൺസ് നേടുക എന്ന് കാത്തിരിക്കുകയാണ് ഞാൻ. കോലിക്ക് ഈ പരമ്പരയിൽ 400 റൺസിലധികം നേടാനാകുമോ? അദ്ദേത്തിന് അത് സാധിക്കണം. ഓസ്ട്രേലിയയിൽ പന്ത് തടസങ്ങളില്ലാത്തെ ബാറ്റിലേക്കു വരും. അത്തരം സാഹചര്യങ്ങളിൽ കോലി മികച്ച പ്രകടനം പുറത്തെടുക്കാറുണ്ട്’ – ബാസിത് അലി പറഞ്ഞു.