സി.കെ. നായുഡു ട്രോഫി: കേരളത്തിനു ജയം
Mail This Article
കൃഷ്ണഗിരി (വയനാട് ) ∙ സി.കെ. നായുഡു ട്രോഫിയിൽ കേരളത്തിനു തമിഴ്നാടിനെതിരെ 189 റൺ വിജയം. വരുൺ നായനാരുടെ വെടിക്കെട്ട് ബാറ്റിങ്ങിന്റെയും പവൻരാജിന്റെ വിക്കറ്റ് വേട്ടയുടെയും മികവിലാണു കേരളത്തിന്റെ ജയം. ആദ്യ ഇന്നിങ്‌സിൽ 109 റൺസ് ലീഡ് നേടിയ കേരളം രണ്ടാം ഇന്നിങ്‌സ് 8 വിക്കറ്റ് നഷ്ടത്തിൽ 248 എന്ന നിലയിൽ ഡിക്ലയർ ചെയ്ത് തമിഴ്‌നാടിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. 358 റൺസിന്റെ വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ തമിഴ്‌നാട് ബാറ്റിങ്‌നിര പവൻ രാജിനു മുന്നിൽ പിടിച്ചുനിൽക്കാനാകാതെ 158നു പുറത്തായി. ആദ്യ ഇന്നിങ്‌സിൽ 6 വിക്കറ്റ് വീഴ്ത്തിയ പവൻ രണ്ടാം ഇന്നിങ്‌സിൽ 7 വിക്കറ്റുകൾ കൂടി വീഴ്ത്തി.
മൂന്നിന് 90 റൺസെന്ന നിലയിൽ ഇന്നലെ ഇന്നിങ്‌സ് പുനരാരംഭിച്ച കേരളത്തിനായി ഒരു സിക്‌സും 13 ഫോറും ഉൾപ്പെടെയാണ് വരുൺ 112 റൺസെടുത്തത്.
ആദ്യ ഇന്നിങ്‌സിലും വരുൺ (113) സെഞ്ചറി നേടിയിരുന്നു. രോഹൻ നായർ (58) അർധ സെഞ്ചറിയും നേടി. അഖിൻ 2 വിക്കറ്റും അഭിജിത്ത് പ്രവീൺ ഒരു വിക്കറ്റും നേടി. വരുൺ, കാമിൽ എന്നിവരുടേത് ഉൾപ്പെടെ 4 വിക്കറ്റെടുത്ത വിഗ്നേഷാണ് തമിഴ്‌നാടിന്റെ ബോളിങ് നിരയിൽ തിളങ്ങിയത്.
സി.കെ നായുഡു ട്രോഫിയിൽ 12 കളികളിൽ തമിഴ്‌നാടിനെതിരെ കേരളത്തിന്റെ ആദ്യവിജയമാണിത്. നേരത്തേ 11 തവണ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ എട്ടിലും വിജയം തമിഴ്‌നാടിനൊപ്പമായിരുന്നു. 3 മത്സരങ്ങൾ സമനിലയിലും പിരിഞ്ഞു.