ഋഷഭ് പന്ത് ഐപിഎൽ ലേലത്തിലെ വിലയേറിയ താരമാകും, 25–28 കോടി വരെ കിട്ടും: പ്രവചിച്ച് മുൻ ഇന്ത്യൻ താരം
Mail This Article
മുംബൈ∙ ഐപിഎൽ മെഗാലേലത്തിൽ ഏറ്റവും വലിയ നേട്ടമുണ്ടാക്കുക വിക്കറ്റ് കീപ്പർ ഋഷഭ് പന്തായിരിക്കുമെന്ന് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. പന്തിന് ലേലത്തിൽ 25 മുതൽ 28 കോടി വരെ പ്രതിഫലമായി ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് ഉത്തപ്പയുടെ പ്രതികരണം. നവംബര്‍ 24,25 തീയതികളിൽ സൗദി അറേബ്യയിലെ ജിദ്ദയിലാണ് ഇത്തവണത്തെ ഐപിഎൽ ലേലം നടക്കുന്നത്.
ഡൽഹി ക്യാപിറ്റൽസ് നിലനിർത്താതിരുന്ന പന്തിനെ സ്വന്തമാക്കാൻ പഞ്ചാബ് കിങ്സ്, ലക്നൗ സൂപ്പർ ജയന്റ്സ്, ചെന്നൈ സൂപ്പർ കിങ്സ്, റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ടീമുകൾ പോരാടുമെന്നാണു കരുതുന്നത്.‘‘ഋഷഭ് പന്തിന് 25–28 കോടി വരെ കിട്ടുമെന്നാണ് എനിക്കു തോന്നുന്നത്. ഈ ലേലത്തിലെ ഏറ്റവും ഉയർന്ന തുക ലഭിക്കുന്ന താരമായിരിക്കും പന്ത്. ഇത്ര വലിയ തുകയ്ക്കു പന്തിനെ ആരാകും വാങ്ങുക എന്നറിയാന്‍ എനിക്കു താൽപര്യമുണ്ട്. ക്യാപ്റ്റൻസി മികവും വിക്കറ്റ് കീപ്പർ ബാറ്ററാണെന്നതും പരിഗണിച്ച് പഞ്ചാബ് കിങ്സും ആർസിബിയും താരത്തെ സ്വന്തമാക്കാൻ മുന്നിലുണ്ടാകും.’’– റോബിൻ ഉത്തപ്പ ഒരു ചർച്ചയിൽ പ്രതികരിച്ചു.
പഞ്ചാബിനും ആർസിബിക്കും പുറമേ മറ്റു ടീമുകളും ഋഷഭ് പന്തിനെ സ്വന്തമാക്കാൻ വരുന്നതോടെ താരത്തിന്റെ മൂല്യം കുതിച്ചുയരുമെന്ന് ചർച്ചയിൽ പങ്കെടുത്ത മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയും വ്യക്തമാക്കി. ഓസീസ് ഓപ്പണർ ജേക് ഫ്രേസർ മക്ഗ്രുക്കിനായി പഞ്ചാബ് കിങ്സ് രംഗത്തുണ്ടാകുമെന്നും ചോപ്ര പ്രവചിച്ചു. ‘‘റിക്കി പോണ്ടിങ് പഞ്ചാബ് കിങ്സിന്റെ പരിശീലകനാണ്. ഡൽഹിയിൽ കളിച്ചിരുന്ന താരത്തെ സ്വന്തമാക്കാൻ പഞ്ചാബ് ഉറപ്പായും ശ്രമിക്കും.’’– ആകാശ് ചോപ്ര പറഞ്ഞു.