ഭൂഗുരുത്വ നിയമത്തെയും പ്രായത്തെയും വെല്ലുവിളിച്ച് റോണോ; വിസ്മയം, ‘തലൈവാ’!
Mail This Article
ടൂറിൻ∙ ഭൂഗുരുത്വ നിയമങ്ങളും പ്രായവും ഒരിക്കൽക്കൂടി ക്രിസ്റ്റ്യാനോ റൊണാൾഡോയെന്ന അതികായനു മുന്നിൽ ‘വഴിമാറി’. കാൽപ്പന്തുകളിയിലെ വിസ്മയച്ചെപ്പിൽ ഇനിയുമേറെ വിസ്മയങ്ങൾ ബാക്കിയുണ്ടെന്ന പ്രഖ്യാപനത്തോടെ റൊണാൾഡോ നേടിയ തകർപ്പൻ ഹെഡർ ഗോളിൽ സീരി എയിൽ യുവെന്റസിന് മറ്റൊരു ആവേശജയം. പൊരുതിക്കളിച്ച സാംപ്ദോറിയയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് യുവെന്റസ് വീഴ്ത്തിയത്. പൗളോ ഡൈബാല 19–ാം മിനിറ്റിൽ നേടിയ ഗോളിൽ മുന്നിലെത്തിയ യുവെയെ ജിയാൻലൂക്ക കപ്രാരിയുടെ 35–ാം മിനിറ്റിലെ ഗോളിൽ സാംപ്ദോറിയ സമനിലയിൽ പിടിച്ചതാണ്. എന്നാൽ, ഒന്നാം പകുതി തീരാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ റൊണാൾഡോ നേടിയ അസാമാന്യ ഹെഡർ ഗോളിൽ യുവെ ലീഡും പിന്നാലെ വിജയവും പിടിച്ചെടുത്തു.
ഇതോടെ, 17 കളികളിൽനിന്ന് 42 പോയിന്റുമായി യുവെന്റസ് ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. ഒരു മത്സരം കുറവു കളിച്ച ഇന്റർ മിലാൻ 39 പോയിന്റുമായി പിന്നാലെയുണ്ട്. സാംപ്ദോറിയയാകട്ടെ 17 കളികളിൽനിന്ന് 15 പോയിന്റുമായി 17–ാം സ്ഥാനത്തേക്കു പതിച്ചു.
∙ തീരുന്നില്ല, ‘റോണോ വിസ്മയം’
സാംപ്ദോറിയയ്ക്കെതിരെ റൊണാൾഡോ നേടിയ ഹെഡർ ഗോൾ കണ്ടവർ 2018ലെ യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ ആദ്യപാദ ക്വാർട്ടർ ഫൈനലിൽ, യുവന്റസിനെതിരെ റയൽ മഡ്രിഡിനായി അദ്ദേഹം നേടിയ ഗോൾ തീർച്ചയായും ഓർത്തിരിക്കും. അന്ന് 2.30 മീറ്റർ ഉയരത്തിലൂടെ പറന്ന പന്തിനു നേർക്ക് ഉയർന്നുചാടി തലയ്ക്കു മുകളിലൂടെ ക്രിസ്റ്റ്യാനോ തൊടുത്ത ഷോട്ട്, ചാംപ്യൻസ് ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഗോളുകളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്.
ഇക്കുറി 2.56 മീറ്റർ ഉയർത്തിൽ സാംപ്ദോറിയ ബോക്സിലേക്ക് വന്ന പന്തിനാണ് അസാമാന്യ മികവോടെ വായുവിൽ ഉയർന്നുചാടി റൊണാൾഡോ തലകൊണ്ട് ഗോളിലേക്കു വഴികാട്ടിയത്. ഇടതുവിങ്ങിലൂടെ മുന്നേറിയെത്തിയ യുവെയുടെ ബ്രസീലിയൻ താരം അലക്സ് സാന്ദ്രോ സാംപ്ദോറിയ ബോക്സിലേക്ക് പന്ത് ഉയർത്തിവിടുമ്പോൾ റൊണാൾഡോയെ മാർക്ക് ചെയ്യാൻ രണ്ട് പ്രതിരോധനിരക്കാരുണ്ടായിരുന്നു. പന്തിന്റെ ഗതി നേരത്തെ ഊഹിച്ചെടുത്ത റൊണാൾഡോ അതു തലപ്പാകത്തിനാക്കാൻ ഉയർന്നുചാടുമ്പോൾ പ്രതിരോധിക്കാൻ നിന്ന എതിർ ടീമിലെ താരം ചാട്ടത്തിന് ആയമെടുത്തു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ബോക്സിലേക്ക് പറന്നിറങ്ങിയ പന്തിനെ ഉയർന്നുചാടി റൊണാൾഡോ ഗോളിലേക്ക് അയയ്ക്കുമ്പോൾ അസംഭവ്യമായതെന്തോ കണ്ട പ്രതീതിയിലായിരുന്നു സ്റ്റേഡിയത്തിലെ ആരാധകർ. പന്ത് ഹെഡ് ചെയ്യുമ്പോൾ റൊണാൾഡോ മൈതാനത്തുനിന്ന് 71 സെന്റിമീറ്ററോളം ഉയർത്തിലായിരുന്നുവെന്ന് കണക്ക്! യുവെന്റസ് ജഴ്സിയിൽ മികവിലേക്ക് തിരിച്ചെത്തുന്ന റൊണാൾഡോ കഴിഞ്ഞ ആറു മത്സരങ്ങളിൽനിന്ന് നേടുന്ന അഞ്ചാം ഗോൾ കൂടിയാണിത്.
ക്രിസ്റ്റ്യാനോയുടെ വിസ്മയ പ്രകടനം പലകുറി കണ്ടിട്ടുള്ള എൽ ക്ലാസിക്കോ പോരാട്ടത്തിന്റെ ഏറ്റവും പുതിയ പതിപ്പ് ബാർസിലോനയുടെ തട്ടകമായ നൂകാംപിൽ ഗോൾരഹിത സമനിലയിൽ പിരിഞ്ഞ അതേ രാത്രിയാണ് മൈലുകൾ അകലെ മറ്റൊരു ഹെഡർ ഗോളിലൂടെ താരം വിസ്മയിപ്പിച്ചതെന്നത് ശ്രദ്ധേയമായി. സാംപ്ദോറിയയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ റൊണാൾഡോ നേടിയ ഗോളിന്റെ മികവത്രയും അവരുടെ പരിശീലകൻ ക്ലോഡിയോ റാനിയേരി മത്സരശേഷം നടത്തിയ അഭിപ്രായപ്രകടനത്തിലുണ്ട്.
‘സാധാരണ എൻബിഎയിൽ (അമേരിക്കയിലെ ബാസ്കറ്റ്ബോൾ ലീഗ്) കാണുന്ന തരത്തിലുള്ള പ്രകടനമാണ് റൊണാൾഡോയിൽനിന്ന് ഉണ്ടായത്. ഇതേക്കുറിച്ച് എന്തു പറയാനാണ്? അദ്ദേഹത്തെ പ്രശംസിച്ച് അടുത്ത വഴി നോക്കുക, അത്രതന്നെ’ – ഇതായിരുന്നു മത്സരശേഷം റാനിയേരിയുടെ പ്രതികരണം.
∙ ലോകത്തിന്റെ അത്‌ലീറ്റ്
ശാരീരികക്ഷമതയ്ക്ക് പ്രായം ഒരു വിലങ്ങുതടിയല്ലെന്ന് തുടർച്ചയായി തെളിയിക്കുന്ന റൊണാൾഡോയ്ക്ക് രണ്ടു മാസത്തിനുള്ളിൽ 35 വയസ്സ് പൂർത്തിയാകുകയാണ്. സാധാരണ ഗതിയിൽ ഫുട്ബോൾ താരങ്ങൾ കരിയറിന്റെ തിരിച്ചിറക്കത്തിലേക്ക് കടക്കുന്ന കാലത്ത്, പ്രായവുമായി ബന്ധപ്പെട്ട് സ്വാഭാവിക നിയമങ്ങളെ വെല്ലുവിളിച്ച് റൊണാൾഡോ ഇപ്പോഴും ഉയരങ്ങളിലേക്കു നീങ്ങുന്നു. 90 മിനിറ്റും കരുത്തു ചോരാതെ ഓടിക്കളിക്കുന്ന ഫുട്ബോളിൽ ക്രിസ്റ്റ്യാനോയ്ക്കൊപ്പം കായികശേഷിയുള്ള താരങ്ങൾ അധികമില്ലെന്നതാണ് സത്യം. മണിക്കൂറിൽ 33.6 കിലോമീറ്റർ വേഗത്തിൽ ശരാശാരി 33 തവണ താരം ഓടുന്നുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. പിന്നിടുന്ന ശരാശരി ദൂരം 16 കിലോമീറ്റർ. പൊടുന്നനെ കുതിക്കാനുള്ള കഴിവും താരത്തെ അപകടകാരിയാക്കുന്നു.
ബാസ്കറ്റ്ബോൾ താരങ്ങളെപ്പോലെ ഒറ്റക്കാലിൽ മൂന്നടിയോളം ഉയരത്തിലേക്കു കുതിക്കാനുള്ള ശേഷി ഒട്ടേറെ ഹെഡർ ഗോളുകളുടെ പിറവിക്കു വഴിതുറന്നു. സാംപ്ദോറിയയ്ക്കെതിരെ കണ്ടതും അത്തരമൊരു ഗോളാണ്. എതിരാളികളെക്കാൾ ഉയരത്തിൽ ചാടാനുള്ള ശേഷിയാണ് കഴിഞ്ഞ വർഷം ചാംപ്യൻസ് ലീഗിൽ ടൂറിനിൽ പുറത്തെടുത്ത ബൈസിക്കിൾ കിക്കിലും നിർണായകമായത്. 129 കിലോമീറ്ററോളം വേഗമുള്ള ഷോട്ടുകൾ തൊടുക്കാനുള്ള കഴിവും ക്രിസ്റ്റ്യാനോയെ മൈതാനത്ത് കൂടുതൽ കരുത്തനാക്കുന്നു.
സെറ്റ് പീസുകൾ തൊടുക്കുമ്പോൾ ഗോൾകീപ്പർമാരെ സ്തബ്ധരാക്കുന്ന സ്വിങ്ങോടെ പന്തിന്റെ ദിശ മാറ്റുന്നതിലും മിടുക്കനാണ്. സാധാരണ വ്യക്തികൾ സെക്കൻഡിൽ മൂന്നു മുതൽ അഞ്ചു വരെ സ്ഥലത്തേക്കു മാത്രം കണ്ണു പായിക്കുമ്പോൾ ക്രിസ്റ്റ്യാനോയുടെ ദൃഷ്ടി പതിക്കുക ഏഴു സ്ഥലങ്ങളിലാണെന്നാണ് വിദഗ്ധർ കണ്ടെത്തിയത്. മത്സരഗതി പൊടുന്നനെ വിലയിരുത്തി തീരുമാനങ്ങളെടുക്കാൻ ഇതുവഴി താരത്തിനു കഴിയുന്നുവെന്നാണ് വിലയിരുത്തൽ.
English Summary: Cristiano Ronaldo header for Juventus defies age and gravity