ADVERTISEMENT

ലിസ്ബൺ∙ യുവേഫ ചാംപ്യൻസ് ലീഗ് ക്വാർട്ടർ പോരാട്ടത്തിനുശേഷം ബാർസിലോനയുടെ സൂപ്പർതാരം ലയണൽ മെസ്സിയോട് അദ്ദേഹത്തിന്റെ ജഴ്സി തരാമോയെന്ന് ചോദിച്ചെങ്കിലും തന്നില്ലെന്ന് ബയൺ മ്യൂണിക്കിന്റെ വിങ് ബായ്ക്കായ പത്തൊൻപതുകാരൻ അൽഫോൻസോ ഡേവീസ്. സെമിഫൈനലിൽ ഫ്രഞ്ച് ക്ലബ് ഒളിംപിക് ലിയോണെയെ തോൽപ്പിച്ച് ബയൺ ഫൈനലിൽ കടന്നതിനു പിന്നാലെയാണ് മെസ്സിയോട് ജഴ്സി ചോദിച്ച് ചമ്മിയ സംഭവം ഡേവീസ് വെളിപ്പെടുത്തിയത്. ക്വാർട്ടർ പോരാട്ടത്തിൽ ബയണിനെതിരെ കരിയറിലെ തന്നെ ഏറ്റവും കനത്ത തോൽവി വഴങ്ങിയ മെസ്സി നിരാശയിലായിരുന്നുവെന്നും അതാകും ജഴ്സി തരാതിരുന്നതെന്നും ഡേവിസ് പറഞ്ഞു.

ലിസ്ബണിൽ നടന്ന ക്വാർട്ടർ പോരാട്ടത്തിൽ രണ്ടിനെതിരെ എട്ടു ഗോളുകൾക്കാണ് ബയൺ ജയിച്ചു കയറിയത്. അര നൂറ്റാണ്ടിനിടെ ബാർസ ഏറ്റുവാങ്ങിയ ഏറ്റവും വലിയ തോൽവിയായിരുന്നു ഇത്. ഇതിനു പിന്നാലെ ബാർസ പരിശീലകൻ ക്വികെ സെറ്റിയെനും സ്പോർട്ടിങ് ഡയറക്ടർ എറിക് അബിദാലും ടീമിന്റെ ചുമതലകളിൽനിന്ന് തെറിച്ചു. ഹോളണ്ടിന്റെ റൊണാൾഡ് കൂമാൻ പുതിയ പരിശീലകനുമായി.

ബാർസയ്‌ക്കെതിരായ മത്സരത്തിൽ വിങ്ങിൽ പറന്നുകളിച്ച ഡേവീസിന്റെ പ്രകടനം കയ്യടി നേടിയിരുന്നു. ജോഷ്വ കിമ്മിച്ച് നേടിയ ഗോളിന് വഴിയൊരുക്കിയ ഡേവീസിന്റെ കിടിലൻ അസിസ്റ്റ് ആരാധകർക്കിടയിൽ തരംഗമാകുകയും ചെയ്തു. ഈ മത്സരത്തിനുശേഷമാണ് മെസ്സിയോട് ജഴ്സി തരാമോയെന്ന് ഡേവീസ് ചോദിച്ചത്.

‘മത്സരത്തിനുശേഷം മെസ്സിയോട് ഞാൻ ജഴ്സി തരാമോയെന്ന് ചോദിച്ചു. പക്ഷേ തന്നില്ല. അദ്ദേഹം ആകെ നിരാശനായിരുന്നുവെന്ന് തോന്നുന്നു. എന്താലായും കുഴപ്പമില്ല. അടുത്ത തവണ ഒന്നുകൂടി ചോദിച്ചുനോക്കാം’ – ഡേവീസ് പറഞ്ഞു.

പിഎസ്ജിക്കെതിരായ ഫൈനലിനു മുൻപുള്ള പ്രതീക്ഷകളും ഡേവീസ് പങ്കുവച്ചു: ‘ഇപ്പോൾ വളരെ ആശ്വാസം തോന്നുന്നു. എല്ലാവരും നന്നായി കളിക്കുന്നുണ്ട്. ടീമിലാകെ സന്തോഷത്തിന്റെ അന്തരീക്ഷമാണ്. ഫൈനലിൽ കടന്നതിൽ അതിലേറെ സന്തോഷം. പിഎസ്ജി മികച്ച ടീമാണ്. തൽക്കാലം ഫൈനൽ പ്രവേശം ആഘോഷിക്കുകയാണ്. ഇനി ഫൈനലിനായി ഒരുങ്ങണം.’ – ഡേവീസ് പറഞ്ഞു.

‘ഫൈനൽ ആവേശകരമായിരിക്കുമെന്ന് തീർച്ചയാണ്. മത്സരത്തിൽ ഗോളുകൾ തീർച്ചയായും പ്രതീക്ഷിക്കാം. ഒരു ഫുട്ബോളറെന്ന നിലയിൽ ഇതുവരെ കണ്ട സ്വപ്നങ്ങളുടെ പൂർത്തീകരണമാണിത് – ഏറ്റവും മികച്ച താരങ്ങൾക്കൊപ്പം ഏറ്റവും മികച്ച താരങ്ങൾക്കെതിരെ കളിക്കുക’ – ഡേവീസ് പറഞ്ഞു.

‘ഇതൊരു സ്വപ്ന സാക്ഷാത്കാരമാണ്. ചാംപ്യൻസ് ലീഗിൽ കളിക്കുക, പിന്നീട് ഫൈനലിലെത്തുക. ഇതിൽക്കൂടുതൽ എന്താണ് മോഹിക്കാനാകുക? ടീമിലെ മുതിർന്ന താരങ്ങൾ മുൻപും ഒട്ടേറെ കിരീടങ്ങൾ നേടിയിട്ടുണ്ടെങ്കിലും ഒരു വട്ടം കൂടി കിരീടം ചൂടാൻ ആഗ്രഹിക്കുന്നുണ്ട്’ – ഡേവീസ് പറഞ്ഞു.

English Summary: I wanted Messi's shirt but he was a little bit upset, says  Bayern star Davies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com