പ്ലാസ്റ്റിക് സഞ്ചിയുമായി വന്നു, ഗോളടിച്ചു, ടാക്സിയിൽ മടങ്ങി;പെദ്രി ‘സിംപിൾ’
Mail This Article
ബാർസിലോന ∙ യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോളിന്റെയും ബാർസിലോന എഫ്സിയുടെയും അന്തസ്സിനു ചേർന്ന നടപടിയാണോ ഇതെന്നു ചോദിച്ചാൽ ഉത്തരമില്ല. ചൊവ്വാഴ്ച രാത്രി ഹംഗേറിയൻ ക്ലബ് ഫെറെൻസ്‌വറോസിനെ 5–1നു തോൽപിച്ച മത്സരത്തിനുശേഷം ബാർസിലോന താരം പെദ്രി വീട്ടിൽപ്പോയത് ക്ലബ് മാനേജ്മെന്റ് വിളിച്ചുകൊടുത്ത ടാക്സിയിൽ! ബാർസയുടെ മൈതാനമായ നൂകാംപിൽനിന്ന്, മഞ്ഞനിറമുള്ള ടാക്സിയിൽ പെദ്രി മടങ്ങുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതിനിടെയാണ് അതിനെക്കാൾ രസകരമായ മറ്റൊരു ചിത്രം പ്രത്യക്ഷപ്പെട്ടത്: ചാംപ്യൻസ് ലീഗ് മത്സരത്തിനു പെദ്രി വന്നതു സൂപ്പർ മാർക്കറ്റിൽനിന്നു ലഭിക്കുന്ന തരം പ്ലാസ്റ്റിക് സഞ്ചിയുമായാണ്.
ബാർസിലോനയുടെ പുതിയ തലമുറ താരങ്ങളിൽ പ്രമുഖനാണു പതിനേഴുകാരൻ പെദ്രോ ഗോൺസാലെസ് ലോപ്പസ് എന്ന പെദ്രി. ചാംപ്യൻസ് ലീഗിൽ പെദ്രിയുടെ അരങ്ങേറ്റ മത്സരമായിരുന്നു ഇത്. പെദ്രിയെക്കാൾ ഒരു മാസം മൂത്ത അൻസു ഫാറ്റിക്കു പകരക്കാരനായാണു കോച്ച് റൊണാൾഡ് കൂമാൻ അവസരം നൽകിയത്. 63–ാം മിനിറ്റിൽ കളത്തിലിറങ്ങിയ പെദ്രി 82–ാം മിനിറ്റിൽ കരിയറിലെ ആദ്യ ചാംപ്യൻസ് ലീഗ് ഗോളും സ്വന്തമാക്കി.
സ്പാനിഷ് ക്ലബ് ലാസ് പാമാസിൽനിന്ന് 50 ലക്ഷം യൂറോയ്ക്കാണു ബാർസ പെദ്രിയെ സ്വന്തമാക്കിയത്. ഡ്രൈവിങ് ലൈസൻസ് ഇല്ലാത്തതിനാൽ പെദ്രിക്കു വീട്ടിൽപ്പോകാൻ ടാക്സി ഏർപ്പാടാക്കിയെന്നാണു ബാർസിലോന നൽകിയ വിശദീകരണം.
Content highlights: Champions league: Pedri