ക്രൊയേഷ്യയ്ക്കും ഹോളണ്ടിനും ഞെട്ടിക്കുന്ന തോൽവി; ഫ്രാൻസിന് സമനില
Mail This Article
പാരിസ് ∙ 2022 ലോകകപ്പ് ഫുട്ബോൾ യൂറോപ്യൻ യോഗ്യതാ മത്സരങ്ങളിൽ വമ്പന്മാർക്ക് ഞെട്ടലോടെ തുടക്കം. നിലവിലെ ജേതാക്കളായ ഫ്രാൻസ് യുക്രെയ്നോടു സമനില വഴങ്ങി (1–1). ഫൈനലിസ്റ്റുകളായ ക്രൊയേഷ്യ സ്ലൊവേനിയയോടു തോറ്റു (0–1). ശക്തരായ ഹോളണ്ടിനെ തുർക്കി അട്ടിമറിച്ചു (4–2). പോർച്ചുഗൽ അസർബൈജാനെതിരെ സെൽഫ് ഗോളിൽ രക്ഷപ്പെട്ടു (1–0). ബൽജിയം, നോർവെ, സെർബിയ തുടങ്ങിയവരും ജയം കണ്ടു.
അതേസമയം ഡെൻമാർക്ക് ഇസ്രയേലിനെയും (2–0), ജർമനി ഐസ്‌ലൻഡിനെയും (3–0), സ്വീഡൻ ജോർജിയയെയും (1–0), ഇറ്റലി വടക്കൻ അയർലൻഡിനെയും (2–0) ഇംഗ്ലണ്ട് സാൻമരിനോയെയും (5–0) തോൽപ്പിച്ചു. സ്പെയിനിനെ ഗ്രീസ് സമനിലയിൽ (1–1) തളച്ചു.
ഒക്ടോബറിൽ യുവേഫ നേഷൻസ് ലീഗ് മത്സരത്തിൽ 1–7നു തകർത്തു വിട്ട യുക്രെയ്നോടുള്ള സമനില ഫ്രാൻസിന് വലിയ ഞെട്ടലായി. 19–ാം മിനിറ്റിൽ അന്റോയ്ൻ ഗ്രീസ്മാൻ ഫ്രാൻസിനെ മുന്നിലെത്തിച്ചെങ്കിലും 57–ാം മിനിറ്റിൽ പ്രെസ്‌നൽ കിംപെംബെയുടെ സെൽഫ് ഗോൾ ഫ്രഞ്ചുകാർക്കു വിനയായി.
2002ൽ 3–ാം സ്ഥാനത്തെത്തിയ ശേഷം പിന്നീടിതു വരെ ലോകകപ്പിനു യോഗ്യത നേടാതെ പോയ തുർക്കി, മുപ്പത്തിയഞ്ചുകാരൻ ബുറാക് യിൽമാസിന്റെ ഉജ്വല ഹാട്രിക്കിലാണ് ഹോളണ്ടിനെ 4–2നു തകർത്തു വിട്ടത്.
ബൽജിയത്തിനെതിരെ 10–ാം മിനിറ്റിൽ ഹാരി വിൽസന്റെ ഗോളിൽ വെയ്ൽസ് മുന്നിലെത്തിയെങ്കിലും കെവിൻ ഡി ബ്രൂയ്നെ (22’), തോർഗൻ ഹസാർഡ് (28’), റൊമേലു ലുക്കാകു (73’–പെനൽറ്റി) എന്നിവരുടെ ഗോളുകളിൽ ബൽജിയം തിരിച്ചടിച്ചു.
പോർച്ചുഗലിനെ വിറപ്പിച്ചാണ് അസർബൈജാൻ കീഴടങ്ങിയത്. 37–ാം മിനിറ്റിൽ അസർബൈജാൻ താരം മാക്സിം മെദ്‌വെദെവ് സമ്മാനിച്ച സെൽഫ് ഗോളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമിന് രക്ഷയായത്. അസർബൈജാൻ ഗോൾകീപ്പർ മെഹ്മെദെലിയേവ് ഉജ്വല സേവുകളുമായി ക്രിസ്റ്റ്യാനോയുടെയും കൂട്ടുകാരുടെയും മുന്നേറ്റങ്ങളെ നിഷ്ഫലമാക്കി.
English Summary: 2022 World Cup qualifiers