ADVERTISEMENT

കൊച്ചി ∙ ഏറെക്കാലത്തിനുശേഷം ഇന്ത്യൻ ഫുട്ബോൾ ടീം വിദേശത്തു തുടരെ രണ്ടു മത്സരങ്ങൾ കളിച്ചു. 11 യുവതാരങ്ങൾ അരങ്ങേറ്റം കുറിച്ചു. എല്ലാം നല്ലത്. പക്ഷേ നല്ലതിനേക്കാൾ മുഴച്ചുനിൽക്കുന്ന പോരായ്മകളുണ്ട്. ഇക്കഴിഞ്ഞ യുഎഇ പര്യടനം ഇന്ത്യയിലെ ഫുട്ബോൾ ഭരണക്കാർക്കും ആരാധകർക്കും മുൻപാകെ തുറന്നുവയ്ക്കുന്ന യാഥാർഥ്യങ്ങളിലൂടെ...

∙ ഫുട്ബോൾ എന്നതു വാർഷികോത്സവമല്ല

ലോകത്തെങ്ങും ഫുട്ബോളിന് സീസണുകളുണ്ട്. ഇന്ത്യയിലുമുണ്ട്. ‘എല്ലാറ്റിനും അതിന്റേതായ കാലമുണ്ടു ദാസാ’ എന്നു പറയുന്നതുപോലെയല്ല ഫുട്ബോളിലെ നല്ല സമയം. അതു ചുമ്മാ സംഭവിച്ചു പോകുന്നതല്ല. നേട്ടങ്ങൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുക്കേണ്ടതാണ്. അതിനു പ്ലാനും പദ്ധതിയും വേണം. വെറും പദ്ധതിയല്ല. കർമപദ്ധതി തന്നെ വേണം. കോവിഡിനെ പഴിച്ചാലും ഇല്ലെങ്കിലും യാഥാ‍ർഥ്യം മറച്ചുവയ്ക്കാനാവില്ല. ഇന്ത്യയിൽ ദേശീയ ടീമിനുവേണ്ടി ഫലപ്രദമായ കർമപദ്ധതികളില്ല. ദേശീയ സീനിയർ ടീം വർഷത്തിലൊരിക്കലോ മറ്റോ ഒരുമിച്ചുചേരും. ക്യാംപ് എന്ന പേരിൽ. പരിശീലനം നടത്തും. ചുരുക്കം നാളുകളുടെ പരിശീലനത്തിനുശേഷം രാജ്യാന്തര മത്സരം കളിക്കും. കളിച്ചുവന്നാലോ, താരങ്ങൾ വീട്ടിലേക്ക്. ഭൂരിഭാഗം പേര്‍ക്കും കുറേക്കാലം പിന്നെ മത്സര ഫുട്ബോളില്ല. 

ഇന്ത്യയിലെ സീനിയർ ഫുട്ബോള്‍ സീസൺ കറങ്ങുന്നത് ഐഎസ്എൽ, ഐ–ലീഗ് എന്നിവയ്ക്കു ചുറ്റുമാണ്. അവയൊഴിച്ചാ‍ൽ പിന്നെ മത്സരങ്ങളുടെ അനുഭവം കിട്ടാനും ഉയർന്ന കളിനിലവാരം സൂക്ഷിക്കാനും വേറേ വേദികളില്ല. ചുരുക്കം ഇടങ്ങളിലേ സംസ്ഥാന ലീഗുകൾ ഉള്ളൂ. ദേശീയ ടീം അംഗങ്ങളിൽ പലരും അതിൽ മുഖംകാണിക്കാറു പോലുമില്ല.

∙ രാജ്യാന്തര മത്സരപരിചയം കിട്ടാക്കനി

സ്വന്തം നാട്ടിൽ വേണ്ടത്ര മത്സരപരിചയം ലഭിക്കാൻ അവസരമില്ലാത്ത ഇന്ത്യൻ ദേശീയ താരങ്ങൾ പിന്നെ എവിടെപ്പോകും? അവരിൽ ആരും വിദേശത്തു ക്ലബ് ഫുട്ബോൾ കളിക്കുന്നില്ല. യുഎഇ പര്യടനം പോലുള്ളവ വർഷത്തിൽ ഒന്നോ രണ്ടോ സംഘടിപ്പിച്ചാൽ അത്രയ്ക്കെങ്കിലുമായി. പക്ഷേ അവ കിട്ടാക്കനിയാണ്, സ്വപ്നങ്ങൾ മാത്രമാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ.

ബംഗ്ലദേശ്, മാലദ്വീപ് പോലുള്ള രാജ്യങ്ങളുടെ ടീമുകളുമായിപ്പോലും സൗഹൃദമത്സരങ്ങളില്ല. കാരണം, ഇന്ത്യ നമ്മളേക്കാ‍ൾ ഉയർന്ന ഫിഫ റാങ്കിങ്ങുള്ള ടീമുകളോടു കളിച്ചാൽ മതിയെന്നാണു ദേശീയ ടീം കോച്ച് ഇഗോർ സ്റ്റിമാച്ചിന്റെ നിലപാട്. കോച്ചിന്റെ നയം തെറ്റല്ല. പക്ഷേ ഉയർന്ന റാങ്കിലുള്ള ടീമുകൾ എവിടെ? അവർക്കെതിരായ മാച്ചുകളോ അന്നാട്ടിലേക്കുള്ള പര്യടനങ്ങളോ എവിടെ? അത്തരം ടീമുകളെ ഇന്ത്യയിലേക്കു ക്ഷണിക്കാനും ആതിഥ്യമരുളാനുമുള്ള ശ്രമങ്ങളെവിടെ?

∙ റാങ്കിങ് വസ്തുതകൾ

ഫിഫ റാങ്കിങ്ങിൽ ഇന്ത്യ 104–ാം സ്ഥാനത്താണ്. തൊട്ടുമുൻപിലുള്ള രാജ്യങ്ങൾ ഏതാണ്ട് ഇന്ത്യയുടെ കളി നിലവാരത്തിൽത്തന്നെയാണ്. അവരുമായുള്ള മത്സരങ്ങളിൽനിന്ന് ഏറെയൊന്നും പ്രതീക്ഷിക്കേണ്ടതില്ല. 90–ാം റാങ്കിനു മുകളിലുള്ള രാജ്യങ്ങളിൽ ഇന്ത്യയ്ക്ക് ഏറ്റുമുട്ടാവുന്ന ഏഷ്യൻ രാജ്യങ്ങളുണ്ട്. 5 ടീമുകളെ മാത്രമെടുക്കാം. ഉസ്ബക്കിസ്ഥാൻ (85), സിറിയ (76), ഇറാഖ് (69), സൗദി അറേബ്യ (67), ഖത്തർ (58). ഇവരുമായി മത്സരങ്ങൾ ക്രമീകരിക്കാൻ ആത്മാർഥശ്രമം വേണം. റാങ്കിങ്ങിൽ ഇന്ത്യയേക്കാൾ മുന്നിലുള്ള വിയറ്റ്നാം, ജോർദാൻ, കിർഗിസ്ഥാൻ, ബഹ്റൈൻ, അർ‍മീനിയ, ലബനൻ തുടങ്ങിയ ടീമുകളുമുണ്ട് പരമ്പരകൾ ആലോചിക്കാനും ആസൂത്രണം ചെയ്യാനും. 

∙ ലോകകപ്പ് വരുമ്പോൾ കവാത്ത് മറക്കരുത്

ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് ഇന്ത്യ  2 മാസത്തിനകം ബൂട്ട് കെട്ടേണ്ടതുണ്ട്. ഗ്രൂപ്പിലെ എതിരാളികൾ ഖത്തർ, ബംഗ്ലദേശ്, അഫ്ഘാനിസ്ഥാൻ ടീമുകളാണ്. ഇതിൽ അയൽക്കാരായ ബംഗ്ലദേശിനെയും അഫ്ഘാനിസ്ഥാനെയും തോൽപിക്കാനാവുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. നല്ലതുതന്നെ. പക്ഷേ തീർച്ച പറയാൻവരട്ടെ. വേണ്ടത്ര സമീപകാല മത്സരപരിചയം ലഭിക്കുന്നില്ല എന്നത് ഇന്ത്യയ്ക്കു തിരിച്ചടിയാകാൻ സാധ്യതയുണ്ട്. 

∙ യുഎഇ പര്യടനം പറയുന്ന കഥകൾ

ഇന്ത്യൻ താരങ്ങൾ ഐഎസ്എലിൽ കളിച്ചു തിളങ്ങിയെന്നാണ് എല്ലാവരും ധരിച്ചിട്ടുള്ളത്. ഐഎസ്എൽ ടീമുകളിൽ കളിക്കളത്തിൽ 6 ഇന്ത്യക്കാരും 5 വിദേശികളുമാണ് നിരക്കുന്നത്. എല്ലാ ടീമുകൾക്കും കഴിഞ്ഞ സീസണിൽ ഇന്ത്യൻ ഗോൾകീപ്പർമാരായിരുന്നു. ഗോൾവലയ്ക്കു മുന്നോട്ടുള്ള കാഴ്ചയിൽ 10ന് എതിരെ 10 എന്നുവരുമ്പോൾ 20ൽ 10 പേർ വിദേശികൾ, 10 ഇന്ത്യക്കാർ. ഒരു ഇന്ത്യക്കാരന് ഒരു വിദേശിയുടെ കൂട്ടുണ്ട് എന്നു സാങ്കേതികമായി പറയാം. ചില ടീമുകളുടെ ലൈനപ്പ് പരിശോധിച്ചാൽ, കളത്തിലെ പല മേഖലകളിലും ഇന്ത്യക്കാരെ കൈപിടിച്ചെന്നോണം നയിക്കാൻ വിദേശികളുടെ പരിചയസമ്പത്തുണ്ടായിരുന്നു.

ഹൈദാരാബാദ് എഫ്സിയിലെ മിന്നുന്ന പ്രകടനത്തോടെ ഇന്ത്യൻ ടീമിലേക്കു കയറിച്ചെന്ന ഇടതു വിങ് ബാക്ക് ആകാശ് മിശ്രയുടെ കാര്യമെടുക്കാം. മിശ്ര ഐഎസ്എലിൽ 20 മാച്ചിൽ 80 ടാക്കിൾ, 55 ഇന്റർസെപ്ഷൻ, 37 ബ്ലോക്കുകൾ, 48 ക്ലിയറൻസ് എന്നിങ്ങനെ മികച്ചുനിന്നു. ഈ പത്തൊൻപതുകാരനെ ഹൈദരാബാദ് ലൈനപ്പിലെ പ്രധാന ആയുധമായി കോച്ച് കണ്ടെത്തുകയും ഉപയോഗിക്കുകയും ചെയ്തു. ഒഡേയി ഒനായിൻഡ്യ, ജൊവാവോ വിക്ടർ, ലൂയി സാസ്ത്ര് എന്നീ വിദേശതാരങ്ങളുടെകൂടി ശിക്ഷണം യുവതാരത്തിനു ലഭിച്ചു.

ഇപ്പറഞ്ഞ വിദേശതാരങ്ങളുടെയൊന്നും കൂട്ടില്ലാതെ ഇന്ത്യൻ കുപ്പായത്തിൽ ആകാശ് ഇറങ്ങിയപ്പോൾ വിഷമിച്ചുപോയി. ആകാശ് കാവൽജോലിക്കിറങ്ങിയ അതേ വിങ്ങിലൂടെ അപകടകാരികളും പരിചയസമ്പന്നരുമായ യുഎഇ കളിക്കാർ തുടരെ മുന്നേറ്റങ്ങൾ സൃഷ്ടിച്ചു. യുഎഇയുടെ സമ്മർദത്തിന്റെ തോത് സ്കോർബോര്‍ഡിൽ കണ്ടതിലും (0–6) അധികമായിരുന്നു എന്നു കളിയുടെ വിഡിയോ ദൃശ്യങ്ങൾ കണ്ടവർക്കു മനസ്സിലായിക്കാണും.

ഇന്ത്യയിലെ ലീഗും യുഎഇയിലെ ലീഗും, ഇന്ത്യൻ ദേശീയ ടീമും യുഎഇയുടെ ദേശീയ ടീമും തമ്മിൽ പ്രതിഭയുടെ കാര്യത്തിലുള്ള വ്യത്യാസത്തിലുപരി മത്സരപരിചയത്തിന്റെയും അതുവഴി ലഭിക്കുന്ന നിലവാരത്തിന്റെയും കാര്യത്തിലാണ് വലിയ അന്തരമുള്ളത്. ഇന്ത്യയ്ക്കു നിഷേധിക്കാനാവാത്ത യാഥാർഥ്യങ്ങളുടെ ചെറിയൊരു പരിഛേദം മാത്രമാണ് മേൽപ്പറഞ്ഞത്.

പരാജയത്തിന്റെ കണക്കുപറഞ്ഞ് ഓടിപ്പോവുകയല്ല. സുനിൽ ഛേത്രിയുടെ അഭാവത്തിൽ മൻവീർ സിങ് മികച്ചൊരു പകരക്കാൻ ആകുമെന്നതിന്റെ ശുഭലക്ഷണങ്ങൾ യുഎഇ പര്യടനം നൽകുന്നു. ഐ.എം. വിജയൻ, ബൂട്ടിയ, ഛേത്രി പരമ്പരയിലെ അടുത്ത താരമാകാൻ മൻവീറിനു കഴിയണമെങ്കിൽ ദേശീയ ടീമിനു വല്ലപ്പോഴും വല്ല മത്സരങ്ങളും കിട്ടിയാൽപ്പോരാ. ആവശ്യത്തിനു മത്സരങ്ങൾ, മികച്ച എതിരാളികൾ, മികച്ച കൂട്ടുകെട്ട് എന്നിവ ലഭിച്ചേതീരൂ. വളർച്ചയുടെ പ്രായത്തിലാണു മൻവീർ (25). ഫുട്ബോളിൽ രണ്ടു ലോകകപ്പുകൾക്കിടയിലെ 4 വർഷം കടന്നുപോകുന്നതു 90 മിനിറ്റു പന്തുരുണ്ടുപോകുന്നതുപോലെയാണ്. അടുത്ത 4 വർഷം മൻവീറിനു മികച്ച അവസരങ്ങൾ ലഭിച്ചില്ലെങ്കിൽ അദ്ദേഹം നല്ലപ്രായം കടന്നുപോയല്ലോ എന്ന് 29–ാം വയസ്സിൽ പറയേണ്ടിവരും.

വല്ലപ്പോഴും ലഭിക്കുന്ന രാജ്യാന്തര മത്സരങ്ങളിൽ  കഴിയുന്നത്ര യുവതാരങ്ങൾക്ക് അരങ്ങേറ്റത്തിന് അവസരം നൽകുക എന്ന കോച്ചിന്റെ നയം ശരിയാണോ എന്നതും പരിശോധിക്കേണ്ടിയിരിക്കുന്നു. രാജ്യാന്തര മത്സരങ്ങളിൽ യുവാക്കളെ മാറിമാറി പരീക്ഷിച്ചു ബെഞ്ച് സ്ട്രെങ്ത് അളക്കാൻ ഇന്ത്യ മുൻനിര ഫുട്ബോൾ രാജ്യമൊന്നുമല്ല. വല്ലപ്പോഴും ലഭിക്കുന്ന രാജ്യാന്തര പോരാട്ടങ്ങളിൽ ഏറ്റവും മികച്ച ലൈനപ്പുതന്നെയാണു പരീക്ഷിക്കേണ്ടത്. എഐഎഫ്എഫ് ഇക്കാര്യവും ഗൗരവത്തോടെ പരിഗണിക്കുമെന്നു പ്രതീക്ഷിക്കാം.

English Summary: Lessons from Indian Football Team's Visit to UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com