ഗോളടിയിൽ റെക്കോർഡിട്ട് റൊണാൾഡോ; പിഎസ്ജിയിൽ മെസ്സിക്ക് ഗോൾവരൾച്ച തുടരുന്നു!
Mail This Article
ലണ്ടൻ ∙ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു ഗോളടി നിർത്താൻ ഉദ്ദേശ്യമില്ല; റെക്കോർഡ് വേട്ടയും! തുടരെ 3–ാം മത്സരത്തിലും പോർച്ചുഗീസ് സൂപ്പർ താരം ഗോൾ നേടിയതോടെ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ വെസ്റ്റ് ഹാമിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിനു ജയം (2–1). വെസ്റ്റ് ഹാം 1–0നു മുന്നിലെത്തിയ ശേഷം 35–ാം മിനിറ്റിലായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോൾ. 89–ാം മിനിറ്റിൽ ജെസെ ലിംഗാർദ് യുണൈറ്റഡിന്റെ വിജയഗോളും നേടി. 95–ാം മിനിറ്റിൽ വെസ്റ്റ് ഹാമിനു പെനൽറ്റി കിക്ക് കിട്ടിയെങ്കിലും മാർക് നോബിളിന്റെ കിക്ക് സേവ് ചെയ്ത് ഗോൾകീപ്പർ ഡേവിഡ് ഡി ഹിയ യുണൈറ്റഡിനെ കാത്തു.
വെസ്റ്റ് ഹാമിന്റെ ലണ്ടൻ സ്റ്റേഡിയത്തിലും ഗോൾ നേടിയതോടെ യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ 66 വ്യത്യസ്ത മൈതാനങ്ങളിൽ ഗോളടിക്കുന്ന താരമായി ക്രിസ്റ്റ്യാനോ. എസി മിലാൻ താരം സ്ലാറ്റൻ ഇബ്രാഹിമോവിച്ചിനെയാണു പിന്നിലാക്കിയത്.
മറ്റു മത്സരങ്ങളിൽ ബൈട്ടൺ ലെസ്റ്റർ സിറ്റിയെ അട്ടിമറിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്രൈട്ടന്റെ വിജയം. കരുത്തൻമാരുടെ പോരാട്ടത്തിൽ ടോട്ടനം ഹോട്‍സ്പറിനെ ചെൽസി തകർത്തുവിട്ടു. ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് ചെൽസിയുടെ വിജയം. തിയാഗോ സിൽവ (49), കാന്റെ (57), അന്റോണിയോ റുഡിഗർ (90+2) എന്നിവരാണ് ചെൽസിക്കായി ഗോൾ നേടിയത്. ചെൽസിയാണ് ഇപ്പോൾ പോയിന്റ് പട്ടികയിൽ മുന്നിൽ.
∙ 2 മിനിറ്റ്, റയലിന് 2 ഗോൾ
രണ്ടു മിനിറ്റിന്റെ ഇടവേളയിൽ രണ്ടു ഗോൾ നേടിയ റയൽ മഡ്രിഡിന് സ്പാനിഷ് ലാ ലിഗയിൽ വിജയത്തുടർച്ച. വലൻസിയയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് റയൽ തോൽപ്പിച്ചത്. 66–ാം മിനിറ്റിൽ ഡ്യൂറോ നേടിയ ഗോളിൽ മുന്നിലെത്തിയ വലൻസിയയെ 86–ാം മിനിറ്റിൽ വിനീസ്യൂസ് ജൂനിയറും 88–ാം മിനിറ്റിൽ കരിം ബെൻസേമയും നേടിയ ഗോളുകളിലാണ് റയൽ വീഴ്ത്തിയത്.
ഇതോടെ, അഞ്ച് കളികളിൽനിന്ന് 13 പോയിന്റുമായി റയൽ ഒന്നാം സ്ഥാനത്തെത്തി. മറ്റു മത്സരങ്ങളിൽ മയ്യോർക്കയും വിയ്യാ റയലും റയൽ സോസിദാദും സെവിയയയും ഗോൾരഹിത സമനിലയിലും റയൽ ബെറ്റിസും എസ്പാന്യോളും 2–2ന് സമനിലയിലും പിരിഞ്ഞു.
∙ ഗോളില്ലാതെ മെസ്സിക്ക് 3–ാം മത്സരം
ഏറെ പ്രതീക്ഷയോടെ ടീമിലെത്തിച്ച ലയണൽ മെസ്സി ഗോളില്ലാതെ മൂന്നാം മത്സരവും പൂർത്തിയാക്കിയെങ്കിലും, ഫ്രഞ്ച് ലീഗ് വണ്ണിൽ പിഎസ്ജി വിജയക്കുതിപ്പു തുടരുന്നു. മത്സരത്തിനിെട മെസ്സിയെ പരിശീലകൻ പൊച്ചെറ്റീനോ പിൻവലിച്ച മത്സരത്തിൽ ലയോണിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പിഎസ്ജി വീഴ്ത്തിയത്. നെയ്മാർ (66–പെനൽറ്റി), മൗറോ ഇക്കാർഡി (90+3) എന്നിവരാണ് പിഎസ്ജിക്കായി ഗോൾ നേടിയത്. 54–ാം മിനിറ്റിൽ ലൂക്കാസ് പക്വേറ്റ നേടിയ ഗോളിൽ ലയോണാണ് ആദ്യം മുന്നിലെത്തിയത്.
മറ്റു മത്സരത്തിൽ നാന്റസ് ആംഗേഴ്സിനെയും (4–1), മാഴ്സെ റെന്നസിനെയും (2–0) തോൽപ്പിച്ചു. നീസ് – മൊണോക്കോ (2–2), ക്ലെർമോണ്ട് – ബ്രെസ്റ്റ് (1–1), റെയിംസ് – ലോറിയെന്റ് (0–0), ട്രോയെസ് – മോണ്ട്പെല്ലിയെർ (1–1) മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു. ലീഗിലെ ആറു മത്സരങ്ങളും ജയിച്ച പിഎസ്ജി 18 പോയിന്റുമായി ഏറെ മുന്നിലാണ്.
∙ ഹാലൻഡ് ഡബിളിൽ ഡോർട്മുണ്ട്
ജർമൻ ബുന്ദസ് ലിഗയിൽ എർലിങ് ഹാലൻഡിന്റെ ഇരട്ടഗോൾ മികവിൽ വിജയം തുടർന്ന് ബൊറൂസിയ ഡോർട്മുണ്ട്. എഫ്സി യൂണിയൻ ബെർലിനെ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ഡോർട്മുണ്ട് തകർത്തത്. 24, 83 മിനിറ്റുകളിലായാണ് ഹാലൻഡ് ഇരട്ടഗോൾ നേടിയത്. റാഫേൽ ഗ്വെറെയ്റോ 10–ാം മിനിറ്റിൽ നേടിയ ഗോളിലാണ് ഡോർട്മുണ്ട് ഗോളടി തുടങ്ങിയത്. മൂന്നാം ഗോൾ സെൽഫ് ഗോളാണ്.
മറ്റു മത്സരങ്ങളിൽ ബയേർ ലെവർക്യൂസൻ സ്റ്റുറ്റ്ഗാർട്ടിനെ 3–1ന് തോൽപ്പിച്ചപ്പോൾ, വോൾഫ്സ്ബർഗ് – ഫ്രാങ്ക്ഫർട്ട് മത്സരം 1–1ന് സമനിലയിൽ അവസാനിച്ചു. അഞ്ച് മത്സരങ്ങൾ വീതം പൂർത്തിയാകുമ്പോൾ 13 പോയിന്റുമായി ബയൺ മ്യൂണിക്കാണ് ഒന്നാമത്. ഡോർട്മുണ്ട് 12 പോയിന്റുമായി മൂന്നാമതാണ്.
∙ വിജയമില്ലാതെ യുവെന്റസ്
ഇറ്റാലിയൻ സെരി എയിൽ തുടർച്ചയായ നാലാം മത്സരത്തിലും വിജയം തൊടാനാകാതെ യുവെന്റസ്. സീസണിലെ നാലാം മത്സരത്തിൽ കരുത്തരായ എസി മിലാനാണ് യുവെന്റസിനെ സമനിലയിൽ തളച്ചത്. ഇരു ടീമുകളും ഓരോ ഗോൾവീതം നേടി. യുവെന്റസിനായി നാലാം മിനിറ്റിൽ അൽവാരോ മൊറാത്ത ഗോൾ നേടിയെങ്കിലും, 76–ാം മിനിറ്റിൽ ആന്റെ റെബിക്കിലൂടെ എസി മിലാൻ സമനില സ്വന്തമാക്കി.
മറ്റു മത്സരങ്ങളിൽ സാംപ്ദോറിയ എംപോളിയേയും (3–0), സ്പെസിയ വെനേസിയയേയും (2–1), ഹെല്ലാസ് വെറോണ റോമയേയും (3–2) തോൽപ്പിച്ചു. ലാസിയോ–കാഗ്ലിയാരി മത്സരം 2–2ന് സമനിലയിൽ അവസാനിച്ചു. നാലു കളികളിൽനിന്ന് 10 പോയിന്റുമായി ഇന്റർ മിലാനാണ് മുന്നിൽ. ആദ്യ തോൽവി വഴങ്ങിയ റോമ ഒൻപതു പോയിന്റുമായി നാലാമതായി. യുവെ നാലു കളിൽനിന്ന് രണ്ടു പോയിന്റുമായി 18–ാം സ്ഥാനത്താണ്.
English Summary: West Ham United vs Manchester United