ADVERTISEMENT

ലണ്ടൻ ∙ ലീഗിനു വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് കപ്പ് ത്യജിച്ചു! ഇംഗ്ലിഷ് ലീഗ് കപ്പിൽ പ്രധാന താരങ്ങൾ ഇല്ലാതെയിറങ്ങിയ യുണൈറ്റഡ് 3–ാം റൗണ്ടിൽ വെസ്റ്റ് ഹാമിനോടു തോറ്റു പുറത്തായി (0–1). പ്രിമിയർ ലീഗും ചാംപ്യൻസ് ലീഗുമെല്ലാമായി തിരക്കു പിടിച്ച മത്സരക്രമം ഉള്ളതിനാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടെ പ്രധാന താരങ്ങൾക്കു വിശ്രമം നൽകിയാണു യുണൈറ്റഡ് കോച്ച് ഒലെ ഗുണ്ണർ സോൾഷ്യർ ടീമിനെ ഇറക്കിയത്. 

യുണൈറ്റഡിന്റെ ദൗർബല്യം മുതലെടുത്ത വെസ്റ്റ് ഹാം കളിയുടെ തുടക്കത്തിൽ തന്നെ ഗോളും നേടി. 9–ാം മിനിറ്റിൽ മാനുവൽ ലാൻസിനിയാണു ലക്ഷ്യം കണ്ടത്. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഡേവിഡ് മോയസ് പരിശീലിപ്പിക്കുന്ന വെസ്റ്റ് ഹാമിന് അടുത്ത റൗണ്ടിൽ എതിരാളികൾ മാഞ്ചസ്റ്റർ സിറ്റിയാണ്. 

പ്രിമിയർ ലീഗിൽ എല്ലാ ടീമുകളും 5 മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ 13 പോയിന്റുമായി ലിവർപൂളിനൊപ്പം മുന്നിലാണു മാഞ്ചസ്റ്റർ യുണൈറ്റഡ്. 

നാളെ ആസ്റ്റൻ വില്ലയുമായിട്ടാണു യുണൈറ്റഡിന്റെ അടുത്ത മത്സരം. യുവേഫ ചാംപ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ സ്വിസ് ക്ലബ് യങ് ബോയ്സിനോടു തോറ്റ യുണൈറ്റഡ് കുറച്ചു സമ്മർദത്തിലുമാണ്. 

ചെൽസി ഷൂട്ടൗട്ടിൽ ആസ്റ്റൻ വില്ലയെ മറികടന്നു (4–3). നിശ്ചിത സമയത്തു കളി 1–1 സമനിലയായിരുന്നു ലെസ്റ്റർ സിറ്റി 2–0നു മിൽവാലിനെ തോൽപിച്ചു.  

വൂൾവ്സിനോടു നിശ്ചിത സമയത്ത് 2–2 സമനിലയിൽ കുരുങ്ങിയെങ്കിലും ഷൂട്ടൗട്ടിൽ ടോട്ടനം 3–2നു ജയിച്ചു. ആർസനൽ 3–0നു വിമ്പിൾഡനെ തകർത്തു.

മയ്യോർക്കയെ 6–1നു തകർത്ത് റയൽ മഡ്രിഡ് 

മഡ്രിഡ് ∙ റയൽ മഡ്രിഡിനെതിരായ മത്സരം കഴിഞ്ഞപ്പോൾ മയ്യോർക്ക ആരാധകരെങ്കിലും പറഞ്ഞു കാണും: മയത്തിലൊക്കെ ആവാം കേട്ടോ! നവീകരിച്ച സാന്തിയാഗോ ബെർണബ്യൂ സ്റ്റേഡിയത്തിൽ കളിക്കാനെത്തിയ മയ്യോർക്കയെ റയൽ 6 ഗോളുകൾ നൽകി സൽക്കരിച്ചു വിട്ടു. വമ്പൻ ജയത്തോടെ (6–1) ലാ ലിഗ പട്ടികയിൽ റയൽ  വീണ്ടും ഒന്നാം സ്ഥാനത്തേക്കു കയറി. 

benzema
റയലിനായി ഗോൾ നേടിയ ബെൻസേമയുടെ ആഹ്ലാദം. (Photo by GABRIEL BOUYS / AFP)

6 കളികളിൽ റയലിനു 16 പോയിന്റ്. ഗെറ്റഫെയെ 2–1നു തോൽപിച്ച അത്‌ലറ്റിക്കോ മഡ്രിഡ് 14 പോയിന്റുമായി രണ്ടാമത്. മറ്റു കളികളിൽ സെവിയ്യ 3–1നു വലൻസിയയെയും വിയ്യാറയൽ 4–1ന് എൽഷെയെയും തോൽപിച്ചു. 

മാർക്കോ അസെൻസിയോ റയലിനായി ഹാട്രിക് നേടി. ഇരട്ട ഗോളുകളുമായി കരിം ബെൻസേമയും തിളങ്ങി. ബെൻസേമ ലീഗിൽ 200 ഗോളുകളും തികച്ചു. 

ഒരു ഗോൾ ഇസ്കോയുടെ ബൂട്ടിൽ നിന്ന്. 24, 29, 55 മിനിറ്റുകളിലായിരുന്നു അസെൻസിയോയുടെ ഗോളുകൾ. മയ്യോർക്ക തന്റെ മുൻ ക്ലബ്ബാണ് എന്നതിനാ‌ൽ അസെൻസിയോ വലിയ ആഘോഷങ്ങൾക്കു മുതിർ‌ന്നില്ല. ബെൻസേമയും ഹാട്രിക് തികയ്ക്കേണ്ടതായിരുന്നു. 49–ാം മിനിറ്റിൽ നേടിയ ഗോൾ പക്ഷേ വിഎആർ പരിശോധനയിൽ ഫൗൾ കണ്ടെത്തിയതിനാൽ റഫറി അനുവദിച്ചില്ല. 3, 78 മിനിറ്റുകളിലായിരുന്നു ബെൻസേമയുടെ ഗോളുകൾ. 

ലീഗിൽ ബെൻസേമയ്ക്ക് 8 ഗോളുകളായി. 7 അസിസ്റ്റുകളും ഫ്രഞ്ച് താരത്തിന്റെ പേരിലുണ്ട്. ബെൻസേമയും വിനീസ്യൂസ് ജൂനിയറും (5) ചേർന്നാണു സീസണി‍ൽ ഇതുവരെ ടീമിനായി 21ൽ 13 ഗോളുകളും നേടിയത്.

ഒടുവിൽ യുവെ ജയിച്ചു

ടൂറിൻ ∙ കാത്തു കാത്തിരുന്ന് ഒടുവിൽ സീരി എ സീസണിലെ 5–ാം മത്സരത്തിൽ യുവന്റസിന് ആദ്യ ജയം. സ്പെസ്യയെ 3–2നാണു യുവെ തോൽപിച്ചത്. മോയ്സ് കീൻ (28’), ഫെഡെറിക്കോ കിയേസ (66’), മാത്തിസ് ഡി ലിറ്റ് (72’) എന്നിവർ ഗോൾ നേടി. ഇമ്മാനുവൽ ഗ്യാസി (33’), ജാനിസ് ആന്റിസ്റ്റെ (49’) എന്നിവരാണു സ്പെസ്യയുടെ ഗോളുകൾ നേടിയത്. 5 കളികളിൽ 5 പോയിന്റുമായി യുവെ ലീഗ് പട്ടികയിൽ 13–ാം സ്ഥാനത്താണ്. 

മെസ്സിയില്ലാതെ പിഎസ്ജിക്ക്  ജയം 

പാരിസ് ∙ സൂപ്പർ താരം ലയണൽ മെസ്സി ഇല്ലാതെയിറങ്ങിയ പിഎസ്ജിക്ക് ഫ്രഞ്ച് ലീഗ് ഫുട്ബോളിൽ മെറ്റ്സിനെതിരെ ജയം (2–1). മൊറോക്കൻ താരം അച്റഫ് ഹാക്കിമിയുടെ ഇരട്ട ഗോളാണ് പാരിസ് ക്ലബ്ബിനു വിജയമൊരുക്കിയത്. കഴിഞ്ഞ മത്സരത്തിൽ കാൽമുട്ടിനു നേരിയ പരുക്കേറ്റതിനാലാണു മെസ്സി ഇറങ്ങാതിരുന്നത്. ജയത്തോടെ 7 കളികളിൽ ഏഴും ജയിച്ച് 21 പോയിന്റുമായി പിഎസ്ജി ലീഗ് പട്ടികയിൽ ഒന്നാം സ്ഥാനത്തു തുടരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com