ADVERTISEMENT

ദൗവാല (കാമറൂൺ) ∙ ഗോൾകീപ്പർമാർ ഹീറോകളായ പെനൽറ്റി ഷൂട്ടൗട്ടുകളിൽ ജയിച്ചു കയറി ഈജിപ്തും ഇക്വറ്റോറിയൽ ഗിനിയും ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ. നിശ്ചിത സമയത്തും അധിക സമയത്തും ഗോൾ പിറക്കാതിരുന്ന മത്സരത്തിനൊടുവിലാണ് ഈജിപ്ത് ഐവറി കോസ്റ്റിനെയും (5–4) ഗിനി മാലിയെയും (6–5) തോൽപിച്ചത്.

ഐവറി കോസ്റ്റ് താരം എറിക് ബെയ്‌ലിയുടെ കിക്ക് തടഞ്ഞ് ഈജിപ്തിന്റെ പകരക്കാരൻ ഗോളി അബൂ ഗാബെലും മാലി താരം ഫലായെ സാക്കോയുടെ കിക്ക് സേവു ചെയ്ത് ഗിനി ഗോൾകീപ്പർ ജെസെ ഒവോനോയും ടീമുകളുടെ വിജയശിൽപികളായി. ഒന്നാം ഗോളി മുഹമ്മദ് എൽ ഷെനാവിക്കു പരുക്കേറ്റപ്പോൾ 88–ാം മിനിറ്റിലാണ് അബൂ ഗാബെൽ ഈജിപ്തിന്റെ ഗോൾവല കാക്കാനിറങ്ങിയത്. ലിവർപൂൾ താരം മുഹമ്മദ് സലായാണ് ഈജിപ്തിന്റെ നിർണായകമായ 5–ാം കിക്ക് ലക്ഷ്യത്തിലെത്തിച്ചത്. ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനൽ മത്സരക്രമം ഇതോടെ പൂർത്തിയായി. ഗാംബിയ കാമറൂണിനെയും ബുർക്കിന ഫാസോ തുനീസിയയെയും ഈജിപ്ത് മൊറോക്കോയെയും സെനഗൽ ഇക്വറ്റോറിയൽ ഗിനിയെയും നേരിടും.

സ്റ്റേഡിയം ദുരന്തം: 3 വേദികൾ മാറ്റി

സ്റ്റേഡിയത്തിനു പുറത്തെ തിക്കിലും തിരക്കിലും പെട്ട് 8 പേർ മരിച്ചതിനെത്തുടർന്ന് ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്ബോളിലെ 3 മത്സരവേദികൾ മാറ്റി. 2 ക്വാർട്ടർ ഫൈനലുകളും ഒരു സെമിഫൈനലുമാണ് മാറ്റിയത്. തിങ്കളാഴ്ച കാമറൂൺ തലസ്ഥാനമായ യവോണ്ടെയിലെ ഒലെംബെ സ്റ്റേഡിയത്തിനു പുറത്തുണ്ടായ തിക്കിലും തിരക്കിലുമാണ് 8 പേർ മരിച്ചത്. 38 പേർക്കു പരുക്കുണ്ട്. 7 പേരുടെ നില ഗുരുതരമാണ്. കാമറൂൺ–കൊമറോസ് പ്രീ ക്വാർട്ടർ മത്സരത്തിനിടെയാണ് സംഭവം. ഒലെംബെ സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന ക്വാർട്ടർ ഫൈനലും ദൗവാലയിലെ ജപോമ സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന ക്വാർട്ടർ ഫൈനലും സെമിഫൈനലുമാണ് മാറ്റിയത്.

English Summary: African Cup Of Nations 2021: Egypt, Equatorial Guinea Win Shootouts To Make Quarterfinals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com