ADVERTISEMENT

പാരിസ് ∙ ‘വീട്ടിൽ കയറി വീഴ്ത്തുന്നതാണ്’ ഇപ്പോൾ ചാംപ്യൻസ് ലീഗിലെ സ്റ്റൈൽ. തുടരെ രണ്ടാം ദിവസവും ചാംപ്യൻസ് ലീഗ് ഫുട്ബോൾ പ്രീക്വാർട്ടർ ഫൈനൽ രണ്ടാം പാദത്തിൽ വിജയം കണ്ടത് എവേ ടീമുകൾ. ഫ്രഞ്ച് ചാംപ്യൻമാരായ ലീലിനെ അവരുടെ മൈതാനത്ത് ചെൽസി വീഴ്ത്തിയപ്പോൾ (2–1) ഇറ്റാലിയൻ ക്ലബ് യുവന്റസിനെ ടൂറിനിലെ സ്റ്റേഡിയത്തിൽ സ്പാനിഷ് ക്ലബ് വിയ്യാറയൽ മലർത്തിയടിച്ചു (3–0). ഇരുപാദങ്ങളിലുമായി ചെൽസിയുടെയും വിയ്യാറയലിന്റെയും ജയം 4–1ന്. 

ക്ലബ്ബിന്റെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യപ്പെടുമോ എന്ന ആകാംക്ഷയിലാണെങ്കിലും ചാംപ്യൻസ് ലീഗ് കിരീടത്തിന്റെ ഉടമസ്ഥാവകാശം കൈവിട്ടു കളയില്ല എന്ന ദൃഢനിശ്ചയത്തോടെയാണ് നിലവിലെ ചാംപ്യൻമാരായ ചെൽസി ജയിച്ചു കയറിയത്.

ക്രിസ്റ്റ്യൻ പുലിസിക് (45+3), സെസാർ അസ്പിലിക്യുയേറ്റ (71) എന്നിവരാണ് നീലപ്പടയുടെ ഗോളുകൾ നേടിയത്. 38–ാം മിനിറ്റിൽ ബുറാക് യിൽമാസിന്റെ പെനൽറ്റി ഗോളിൽ ലീൽ മുന്നിലെത്തിയ ശേഷമായിരുന്നു ചെൽസിയുടെ തിരിച്ചടി. സ്വന്തം മൈതാനമായ സ്റ്റാംഫഡ് ബ്രിജിൽ നടന്ന ആദ്യപാദത്തിൽ ചെൽസി 2–0നു ജയിച്ചിരുന്നു. 

ഇറ്റാലിയൻ ലീഗിൽ കഷ്ടപ്പെടുന്ന യുവന്റസിനെ കൂടുതൽ പ്രതിസന്ധിയിലേക്കു തള്ളിയിട്ടാണ് വിയ്യാറയൽ എതിരാളികളുടെ മൈതാനത്ത് ഉജ്വല വിജയം നേടിയത്. ജെറാർദ് മൊറീനോ (78), പോ ടോറസ് (85), അർനോട്ട് ദാൻജുമ (90+2) എന്നിവരാണ് ഗോൾ നേടിയത്. മൊറീനോയുടെയും ദാൻജുമയുടെയും ഗോളുകൾ പെനൽറ്റിയിലൂടെയായിരുന്നു. ആദ്യപാദം 1–1 സമനിലയായിരുന്നു. 

English Summary: Liverpool beat Arsenal 2-0 to reignite Premier League race

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com