ADVERTISEMENT

കൊച്ചി∙ ഈസ്റ്റ് ബംഗാളിനെതിരായ ആദ്യ വിജയം ബ്ലാസ്റ്റേഴ്സിന്റെ ആരാധകർക്കൊരു ‘ആക്ഷൻ ത്രില്ലർ സിനിമ’യുടെ ഇന്റർവെൽ മാത്രമാണ്. യഥാർഥ വില്ലൻ ഇടവേള കഴിഞ്ഞ് അവർക്കു മുന്നിൽ പ്രത്യക്ഷപ്പെടാൻ ബാക്കിനിൽക്കുന്നേയുള്ളൂ. ചിരവൈരികളും കൊൽക്കത്ത ടീമുകളിലെ വമ്പൻമാരുമായ എടികെ മോഹൻ ബഗാൻ ബ്ലാസ്റ്റേഴ്സിനൊത്ത പ്രതിയോഗികളായി ഇന്നു കളത്തിലെത്തും. പോരാട്ടം കൊച്ചിയിൽ. കിക്കോഫ് രാത്രി 7.30 ന്.

∙ ഇലവൻ മാറ്റുമോ ഇവാൻ?

ഈസ്റ്റ്‌ ബംഗാളിനെക്കാൾ വലിയ എതിരാളികൾ കളത്തിലെത്തുമ്പോൾ ആരാധകരെ അലട്ടുന്നൊരു ചോദ്യമുണ്ടെങ്കിൽ അത്‌ ഇതാകും: എന്താകും ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഇലവൻ? ഈസ്റ്റ്‌ ബംഗാളിനെതിരെ 3 ഗോളുകളടിച്ചു കൂട്ടിയ രണ്ടാം പകുതിയിലെ ആ 'ബ്ലാസ്റ്റ്' ബഗാനെതിരെ അവർ തുടക്കത്തിലെ മോഹിക്കുന്നതിന്റെ സൂചന കൂടിയാണീ ചോദ്യം. ഉത്തരമായി ലൈനപ്പിൽ അവർ പ്രതീക്ഷിക്കുന്നത് മിഡ്‌ഫീൽഡർ ഇവാൻ കല്യൂഷ്നിയുടെ പേരാകും. വജ്രായുധമെന്നു പരിശീലകൻ വുക്കൊമനോവിച്ച് വിശേഷിപ്പിക്കുന്ന കല്യൂഷ്നി ഇലവനിൽ ഇടം നേടുമോ? സാധ്യതകൾ തള്ളിക്കളയേണ്ടതില്ല.

യുക്രെയ്ൻ ക്ലബ് എഫ്‌കെ ഒലക്‌സാണ്ട്രിയ താരമായിരുന്ന കല്യൂഷ്നി കഴിഞ്ഞ യുക്രെയ്ൻ പ്രീമിയർ ലിഗയിൽ സൈഡ് ബെഞ്ചിൽ ഇരുന്നത് ഒരേയൊരു മത്സരത്തിൽ മാത്രമാണ്. ഷക്തർ ഡോണെസ്കിനെപ്പോലൊരു ടീമിനെതിരെ 90 മിനിറ്റും കളിച്ചു സീസൺ അവസാനിപ്പിച്ച കല്യൂഷ്നിയെ ബ്ലാസ്‌റ്റേഴ്‌സ് വായ്പാടിസ്ഥാനത്തിൽ കൂടെക്കൂട്ടിയതു ‘സൂപ്പർ സബ്’ റോളിലേക്കല്ലെന്നു വ്യക്തം.

അഡ്രിയൻ ലൂണയ്ക്കൊപ്പം കല്യൂഷ്നി കൂടി വന്നാൽ മുന്നേറ്റനിരയിലെ ദിമിത്രിയോസ് – ജിയാനൂ സഖ്യത്തിൽ നിന്നൊരാൾ വഴിമാറും. വേഗം കൈമുതലായുള്ള ബിദ്യാസാഗറോ കെ.പി.രാഹുലോ ആകും ഗോൾ തേടിയിറങ്ങുക. മധ്യത്തിൽ സഹലിന്റെ റോൾ കല്യൂഷ്നിയും ഏറ്റെടുക്കും.

∙ ഇവാൻ കൂൾ, യുവാനു ടെൻഷൻ

എടികെ ‘മോഹൻ ബഗാൻ’ ആയ ശേഷം ഇതേവരെ ഒരു മത്സരത്തിൽ പോലും വിജയം കുറിക്കാൻ ബ്ലാസ്റ്റേഴ്സിനു കഴിഞ്ഞിട്ടില്ല. സ്വന്തം കാണികളുടെ നിറഞ്ഞ പിന്തുണയിൽ ആ ചരിത്രമൊന്നു തിരുത്താമെന്ന വിശ്വാസത്തിലാകും വുക്കൊമനോവിച്ച് ഇന്നെത്തുക. അഡ്രിയൻ ലൂണ ഗോവയിലെ മാജിക്‌ പുനരാരംഭിച്ചതും കല്യൂഷ്നിയുടെ വരവും മിഡ്‌ഫീൽഡിൽ മുൻപെങ്ങും ഇല്ലാത്ത ഭദ്രത ബ്ലാസ്റ്റേഴ്‌സിനു സമ്മാനിക്കുന്നുണ്ട്.

ഇംഗ്ലിഷ് ടീം ചെൽസി പുറത്താക്കിയ സൂപ്പർ കോച്ച് തോമസ് ടുഹൽ ‘അതിഥി’യായി കേരളത്തിലുള്ളപ്പോൾ നടക്കുന്ന മത്സരം പക്ഷേ, ബഗാൻ പരിശീലകൻ യുവാൻ ഫെറാൻഡോയ്ക്കു നിർണായകമാണ്. ആദ്യ മത്സരത്തിൽ ചെന്നൈയിനെതിരെ വിജയം കൈവിട്ട ബഗാൻ അതാവർത്തിച്ചാൽ ടുഹലിന്റെ അനുഭവം ഫെറാൻഡോയേയും തേടിയെത്തും.

യൂഗോ ബോമസിന്റെ നേതൃത്വത്തിൽ ഓസീസ് ഫോർവേഡ് പെട്രാറ്റോസും മലയാളി താരം ആഷിഖ് കുരുണിയനും ലിസ്റ്റൺ കൊളാസോയും മൻവീർ സിങ്ങുെമല്ലാം ചേരുന്ന ആക്രമണ നിരയാണു ഫെറാൻ‍ഡോയുടെ പ്രധാന ആയുധം.

∙ ‘‘ആദ്യ മത്സരത്തിൽ കല്യൂഷ്നി ബെഞ്ചിൽ നിന്നു തുടങ്ങുമെന്നാണു ഞങ്ങൾ തീരുമാനിച്ചത്. ഗെയിമിന്റെ വേഗം കൂട്ടാനും താളം മാറ്റിമറിക്കാനും കെൽപ്പുള്ള യുവതാരമാണു കല്യൂഷ്നി. പുതിയ ലീഗിലെ സാഹചര്യങ്ങളുമായി താരം പടിപടിയായി ഇണങ്ങിച്ചേരാനാണു ഉദ്ദേശിക്കുന്നത്.’’ – ഇവാൻ വുക്കൊമനോവിച്ച്, ബ്ലാസ്റ്റേഴ്സ് കോച്ച്

English Summary: Kerala blasters vs Mohun bagan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com