‘മാൻചീനിയുടെ ഇരട്ട’ജിയാൻലൂക്ക വിയാലി അന്തരിച്ചു
Mail This Article
റോം ∙ മുൻ ഇറ്റാലിയൻ ഫുട്ബോൾ താരവും ഇംഗ്ലിഷ് ക്ലബ് ചെൽസിയുടെ പരിശീലകനുമായിരുന്ന ജിയാൻലൂക്ക വിയാലി (58) അന്തരിച്ചു. അർബുദബാധിതനായി ചികിൽസയിലായിരുന്നു.
ഇറ്റലി ദേശീയ ടീം പരിശീലകൻ റോബർട്ടോ മാൻചീനിക്കൊപ്പം ടീമിന്റെ ഡെലിഗേഷൻ ചീഫ് ആയി സേവനമനുഷ്ടിക്കുകയായിരുന്ന വിയാലി അസുഖത്തെത്തുടർന്ന് 2021 ഡിസംബറിൽ സ്ഥാനമൊഴിഞ്ഞിരുന്നു.
സാംപ്ദോറിയ ക്ലബ്ബിൽ കളിച്ചിരുന്ന കാലത്ത് ‘ഗോൾ ട്വിൻസ്’ എന്നാണ് വിയാലിയും മാൻചീനിയും അറിയപ്പെട്ടിരുന്നത്. ഇരുവരുടെയും സ്കോറിങ് മികവിൽ സാംപ്ദോറിയ 1991ൽ ചരിത്രത്തിലാദ്യമായി ഇറ്റാലിയൻ സീരി എ ജേതാക്കളായി. കപ്പ് വിന്നേഴ്സ് കപ്പ്, 4 ഇറ്റാലിയൻ കപ്പുകൾ എന്നിവയും നേടി.
1992 യൂറോപ്യൻ കപ്പ് ഫൈനലിലെത്തുകയും ചെയ്ത ജെനോവയിൽ നിന്നുള്ള ക്ലബ് അന്ന് എഫ്സി ബാർസിലോനയോടാണ് പരാജയപ്പെട്ടത്. പിന്നീട് യുവന്റസിലെത്തിയ വിയാലി യുവേഫ ചാംപ്യൻസ് ലീഗ്, യുവേഫ കപ്പ് നേട്ടങ്ങളിലും പങ്കാളിയായി.
ഇറ്റലിക്കു വേണ്ടി 59 മത്സരങ്ങളിൽ ബൂട്ടണിഞ്ഞു. 16 ഗോളുകൾ നേടി. ഇംഗ്ലിഷ് ക്ലബ് ചെൽസിയിൽ പ്ലെയർ കം മാനേജർ ആയാണ് കരിയർ അവസാനിപ്പിച്ചത്. ചെൽസിക്കൊപ്പം എഫ്എ കപ്പ്, ലീഗ് കപ്പ്, കപ്പ് വിന്നേഴ്സ് കപ്പ് എന്നിവ നേടി.
സഹതാരങ്ങൾ എന്നതിനപ്പുറം വലിയ ബന്ധമായിരുന്നു ഞങ്ങളുടേത്. എന്റെ സഹോദരൻ തന്നെയായിരുന്നു വിയാലി.
റോബർട്ടോ മാൻചീനി (ഇറ്റലി ദേശീയ ടീം പരിശീലകൻ)
English Summary: Gianluca Viali passed away