ADVERTISEMENT

ലോകഫുട്ബോളിലെ അതിവേഗക്കാരിൽ ഒരാൾ. മൈതാനത്തെ ത്രോ ലൈനും കടന്ന് വശങ്ങളിലൂടെ ഓടിക്കയറി ഗോളുകൾ നേടുന്ന വിങ്ങർ. തികഞ്ഞ ആക്രമണകാരി. ചിലപ്പോൾ രക്ഷകൻ.വെയ്ൽസിനു വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ (111) കളിച്ചും ഏറ്റവും കൂടുതൽ ഗോളുകൾ (41) നേടിയും ഇതിഹാസമായ താരം. എന്നാൽ, 33–ാം വയസ്സിൽ അപ്രതീക്ഷിതമായി ഗരെത് ബെയ്‌ൽ വിരമിക്കൽ പ്രഖ്യാപിച്ചപ്പോൾ ഫുട്ബോൾ ലോകം ഒന്നടങ്കം ഞെട്ടി. 

  ദീർഘകാലം സ്പാനിഷ് ലീഗിലും ഇംഗ്ലിഷ് പ്രിമിയർ ലീഗിലും കളിച്ചശേഷം അവസാനം യുഎസ് മേജർ ലീഗ് സോക്കറിലായിരുന്നു ബെയ്‌ൽ. ഒരുകാലത്ത് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമെന്ന ഖ്യാതിയോടെ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിന്റെ മുൻനിരയി‍ൽ കളിച്ച ബെയ്ൽ, പ്രഫഷനൽ ഫുട്ബോളർമാരുടെ ‘മിന്നും പ്രായം’ ആയ 33–ാം വയസ്സിൽ കളി പൂർണമായും നിർത്തുന്നതിനു പിന്നിലെ കാരണം ഇനിയും വ്യക്തമല്ല. 64 വർഷത്തിനു ശേഷം വെയ്‌ൽസിനെ ലോകകപ്പിൽ എത്തിച്ചതിന്റെസന്തോഷവുമായാണ് ബെയ്‌ലിന്റെ വിടവാങ്ങൽ.

ഡിഫൻഡറായി തുടങ്ങി ഗോളടിക്കാരനായി വളർന്ന അപൂർവം ഫുട്ബോളർമാരിൽ പ്രമുഖനാണു ബെയ്ൽ. 2006ൽ ഇംഗ്ലണ്ടിലെ സതാംപ്ടൻ ക്ലബ്ബിൽ 16–ാം വയസ്സിൽ പ്രഫഷനൽ കരിയർ തുടങ്ങുമ്പോൾ ലെഫ്റ്റ് ബാക്ക് ആയിരുന്നു ബെയ്ൽ. കായികക്ഷമതയും വേഗവും ബെയ്‌ലിനെ വിങ് ബാക്ക്  പൊസിഷനിൽനിന്ന് ഗോളിലേക്ക് ഓടിക്കയറുന്ന വിങ്ങർ എന്ന നിലയിലേക്കുയർത്തി.

സതാംപ്ടനിൽ നിന്ന് ടോട്ടനം ഹോട്സ്പറിലേക്കും (2007) പിന്നീട് അക്കാലത്തെ റെക്കോർഡ് ട്രാസ്ഫർ തുകയ്ക്കു സ്പെയിനിലെ റയൽ മഡ്രിഡിലേക്കും (2013) ചേക്കേറി. 10 കോടി യൂറോയായിരുന്നു അന്നു ബെയ്‌ലിന്റെ ട്രാൻസ്ഫർ തുക.  

bal
2014 ൽ കോപ്പ ഡെൽ റേ ഫൈനലിൽ ബാർസിലോനയ്ക്കെതിരെ ത്രോ ലൈനും കടന്ന് അതിവേഗം ഓടി ഗരെത് ബെയ്‌ൽ നേടിയ വിജയഗോളിന്റെ വഴി. 1–1 സമനിലയിലായിരുന്ന പോരാട്ടത്തിൽ ബാർസ ഡിഫൻഡർ മാർക് ബാർത്തയെ മറികടന്ന് അതിവേഗത്തിലാണ് ബെയ്ൽ പന്ത് വലയിലെത്തിച്ചത്.

ഇടതു വിങ്ങിലൂടെ ശരവേഗത്തിലെത്തി, പ്രതിരോധനിരക്കാരെ കീറിമുറിച്ച് ഗോൾ മുഖത്തേക്കു പറക്കുന്നവയായിരുന്നു ബെയ്‌ലിന്റെ ഷോട്ടുകൾ.  ടോട്ടനത്തിലും റയലിലും വശങ്ങളിലൂടെ ഓടിക്കയറി നേടിയ ഗോളുകൾ എന്നും ആരാധകർക്ക് ഹരം പകർന്നിരുന്നു. 2014ൽ കോപ്പ ഡെൽ റേ ഫൈനലിൽ ബാർസിലോനയ്ക്കെതിരെ 84–ാം മിനിറ്റിൽ ത്രോ ലൈനും കടന്ന് ഓടി റയൽ മഡ്രിഡിനായി നേടിയ വിജയ ഗോൾ (2–1) ഇന്നും ലോകഫുട്ബോളിലെ മികച്ച സോളോ റൺ ഗോളുകളിൽ ഒന്നാണ്.

   2022 ജൂണിൽ 12 മാസത്തെ കരാറിനു യുഎസ്എയിലെ മേജർ ലീഗ് സോക്കർ ക്ലബ് ലൊസാഞ്ചലസ്  ഗാലക്സിയിലേക്ക്. അവിടുത്തെ കരാർ അവസാനിക്കും മുൻപേ വിരമിക്കൽ പ്രഖ്യാപിച്ച ബെയ്ൽ ഗോൾ നേട്ടങ്ങളിലെന്നപോലെ ഇക്കാര്യത്തിലും അമ്പരപ്പു ബാക്കിവച്ച് ഇതാ ബൂട്ടഴിക്കുന്നു....

English Summary: Gareth Bale announced Retirement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com