മെസ്സിക്ക് ഇനി പിഎസ്ജി വേണ്ട; വീണ്ടും ബാഴ്സയിലേക്ക്, സൗദി ‘മോഹം’ മുടങ്ങുമോ?
Mail This Article
പാരിസ്∙ ഫ്രഞ്ച് ക്ലബ് പിഎസ്ജിയുമായുള്ള കരാർ പുതുക്കാൻ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി വിസമ്മതിച്ചതായി റിപ്പോർട്ട്. താരത്തിനു ക്ലബിൽ തുടരാൻ താൽപര്യമില്ലെന്നു സ്പാനിഷ് മാധ്യമമായ മാർക്കയാണു റിപ്പോർട്ട് ചെയ്തത്. നിലവിലെ സീസൺ കഴിയുന്നതു വരെയാണു മെസ്സിക്ക് പിഎസ്ജിയുമായി കരാറുള്ളത്. ‘‘അർജന്റീനയ്ക്കായി ലോകകപ്പ് നേടിക്കഴിഞ്ഞ മെസ്സിക്ക് പിഎസ്ജിയുമായുള്ള കരാർ പുതുക്കാൻ താൽപര്യമില്ല. സ്പാനിഷ് ക്ലബ് ബാർസിലോനയാണ് മെസ്സിയെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നതിൽ ഇപ്പോൾ മുന്നിലുള്ളത്.’’– മാർക്ക റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ബാർസിലോനയിൽ വീണ്ടും കളിക്കണമെങ്കിൽ മെസ്സിയുടെ പ്രതിഫലം വൻതോതിൽ താരത്തിനു കുറയ്ക്കേണ്ടിവരും. അതിനു മെസ്സി തയാറാകുമോയെന്ന് ഉറപ്പില്ല. സൗദി അറേബ്യയിലെ അൽ– ഹിലാൽ വന്‍ തുക വാഗ്ദാനം ചെയ്ത് മെസ്സിയെ സ്വന്തമാക്കാൻ തയാറാണ്. യുഎസിൽനിന്നുള്ള ഇന്റർ മയാമിയും മെസ്സിയെ ടീമിലെത്തിക്കാൻ ശ്രമം നടത്തുന്നുണ്ട്. സൗദി ക്ലബിലേക്ക് മെസ്സി പോയാൽ വീണ്ടും ക്രിസ്റ്റ്യാനോ റൊണാൾഡോ– മെസ്സി പോരാട്ടത്തിന് അരങ്ങൊരുങ്ങും.
കുടുംബത്തോടൊപ്പം ആൽപ്സിൽ അവധിക്കാല ആഘോഷത്തിലാണ് മെസ്സി ഇപ്പോഴുള്ളത്. കോപ ഡെ ഫ്രാൻസ് മത്സരത്തിൽ പേസ് ഡെ കാസലിനെ കഴിഞ്ഞ ദിവസം പിഎസ്ജി കീഴടക്കിയപ്പോൾ മെസ്സി കളിച്ചിരുന്നില്ല. എതിരില്ലാത്ത ഏഴു ഗോളുകൾക്കാണ് പിഎസ്ജിയുടെ വിജയം. മത്സരത്തില്‍ പിഎസ്ജിക്കായി ഫ്രഞ്ച് താരം കിലിയൻ എംബപെ അഞ്ച് ഗോളുകൾ നേടി. 29, 35, 40, 56, 79 മിനിറ്റുകളിലായിരുന്നു എംബപെയുടെ ഗോളുകള്‍. നെയ്മാർ 33–ാം മിനിറ്റിലും ലക്ഷ്യം കണ്ടു. 64–ാം മിനിറ്റിൽ കാർലസ് സോളറും പിഎസ്ജിക്കു വേണ്ടി ഗോൾ നേടി.
Read Here: ജ്വലിച്ചുയർന്ന് സൂര്യ; സൂര്യകുമാറിന് ഐസിസി ട്വന്റി 20 പുരുഷ ക്രിക്കറ്റർ പുരസ്കാരം
English Summary: Lionel Messi is reportedly unwilling to extend his stay at Paris Saint-Germain