ടോട്ടനത്തിന്റെ റെക്കോർഡ് ഗോൾ സ്കോററായി ഹാരി കെയ്ൻ
Mail This Article
ലണ്ടൻ ∙ ടോട്ടനം ഹോട്സ്പറിന്റെ റെക്കോർഡ് ഗോൾസ്കോറർ എന്ന വിശേഷണം ഇനി ഹാരി കെയ്നിനു സ്വന്തം. പ്രിമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ 1–0ന് തോൽപിച്ച മത്സത്തിലെ വിജയഗോളാണ് ഇംഗ്ലണ്ട് ദേശീയ ടീം ക്യാപ്റ്റൻകൂടിയായ ഇരുപത്തിയൊമ്പതുകാരൻ കെയ്നിന്റെ കരിയറിലെ ചരിത്ര ഗോളായത്. 15–ാം മിനിറ്റിലായിരുന്നു ഗോൾ. ഇതോടെ, ടോട്ടനം ജഴ്സിയിൽ, എല്ലാ വിഭാഗം മത്സരങ്ങളിലുമായി ഹാരി കെയ്നിന്റെ ഗോൾനേട്ടം 267 ആയി. ഇതിഹാസതാരം ജിമ്മി ഗ്രീവ്സിനെയാണ് കെയ്ൻ പിന്നിലാക്കിയത്. പ്രിമിയർ ലീഗിലെ ഗോൾ നേട്ടം 200 ആക്കാനും കെയ്നു സാധിച്ചു.
11–ാം വയസ്സിൽ ടോട്ടനം ക്ലബ്ബിലെത്തിയ ഹാരി കെയ്ൻ 16–ാം വയസ്സിൽ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചു. 416 മത്സരങ്ങളിൽനിന്നാണ് കെയ്ൻ 267 ഗോളുകൾ നേടിയത്. 1970ലാണു ജിമ്മി ഗ്രീവ്സ് 266 ഗോൾ നേടി റെക്കോർഡിട്ടത്. 379 മത്സരങ്ങളിൽനിന്നായിരുന്നു ഇത്. ന്യൂകാസിൽ, ബ്ലാക്ക്ബേൺ റോവേഴ്സ് ടീമുകൾക്കായി മത്സരിച്ച അലൻ ഷിയററുടെ പേരിലുള്ള പ്രിമിയർ ലീഗ് ഗോൾ റെക്കോർഡാണ് ഇനി കെയ്നിന്റെ മുന്നിലുള്ളത്. 260 ഗോളുകളാണ് ഷിയറർ നേടിയത്.
അതേസമയം, ലീഗിൽ 2–ാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് ടോട്ടനത്തോടേറ്റ തോൽവി വലിയ തിരിച്ചടിയായി. സിറ്റിക്ക് 21 കളിയിൽ 45 പോയിന്റ്. ഒരു മത്സരം കുറച്ചു കളിച്ച ആർസനലിന് 50 പോയിന്റുണ്ട്.
English summary: Kane's record-breaking goal seals Tottenham win over Man City