ആർസനലിന്റെ ‘ബാസ്കറ്റ് അറ്റാക്ക്’
Mail This Article
കഴിഞ്ഞ മാസം ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ ടോട്ടനം ഹോട്സ്പറിനെതിരെ ഗോളടിച്ചതിനു ശേഷം ആർസനൽ ക്യാപ്റ്റൻ മാർട്ടിൻ ഒഡെഗാർഡ് പുറത്തെടുത്തത് വ്യത്യസ്തമായ ആഘോഷമാണ്; വലതു കൈ ഉയർത്തി പന്ത് ഉയർത്തിയിടുന്നതു പോലെ ഒരാംഗ്യം. സഹതാരം ബുകായോ സാകയും അത് അനുകരിച്ചതോടെ ആരാധകർക്കു സംശയമായി. എന്താണ് ഇതിന്റെ അർഥം? മത്സരശേഷമുള്ള മാധ്യമസമ്മേളനത്തിൽ ഒഡെഗാർഡ് ആഘോഷത്തിനു പിന്നിലെ കാരണം വിശദീകരിച്ചു. ‘ബാസ്കറ്റ്ബോളിൽ പന്ത് ഉയർത്തിയിടുന്നത് അനുകരിച്ചായിരുന്നു അത്. ഞങ്ങളുടെ പരിശീലനത്തിൽ ഇപ്പോൾ ബാസ്കറ്റ് ബോൾ ഒരു പ്രധാന ഭാഗമാണ്’.
ബാസ്കറ്റ് ഫിലോസഫി
ക്രിക്കറ്റ് താരങ്ങൾ ഫുട്ബോൾ കളിക്കുന്ന പോലെ ശരീരമനങ്ങാൻ വേണ്ടി ബാസ്കറ്റ് ബോൾ കളിക്കുകയല്ല ആർസനൽ ചെയ്യുന്നത്. ബാസ്കറ്റ് ബോളിലെ ചില തത്വങ്ങൾ അതേപടി ഫുട്ബോളിലേക്കു പകർത്തുകയാണ് കോച്ച് മിക്കൽ അർറ്റേറ്റയുടെ ടീം.
ഫുട്ബോളിനെപ്പോലെ ഒരു ‘ഇൻവേഷൻ സ്പോർട്ട്’ ആണ് ബാസ്കറ്റ് ബോളും. അതായത് എതിർ ടീമിന്റെ പ്രവിശ്യയിൽ കടന്നു കയറി സ്കോർ ചെയ്യുക എന്നതാണ് രണ്ടു കളിയിലെയും പരമമായ ലക്ഷ്യം. പക്ഷേ പ്രതിരോധത്തിൽനിന്ന് പെട്ടെന്ന് ആക്രമണത്തിലേക്കുള്ള മാറ്റത്തിൽ വേഗത്തിലും ചടുലതയിലും ഒരു പടി മുന്നിൽ നിൽക്കും ബാസ്കറ്റ് ബോൾ. ആർസനൽ ടീം പ്രധാനമായും മാതൃകയാക്കുന്നത് ഇതു തന്നെ. പ്രതിരോധത്തിൽ നിന്ന് ആക്രമണത്തിലേക്കു മാറുമ്പോൾ ആർസനൽ പെട്ടെന്ന് ഒരു ബാസ്കറ്റ് ബോൾ ടീം പോലെയാകുന്നു. മധ്യനിരയിൽ നിന്ന് പന്തുമായി അതിവേഗം മുന്നോട്ടു കയറുന്ന കളിക്കാരനിൽ നിന്ന് പാസ് സ്വീകരിക്കാൻ നൊടിയിടയിൽ കൃത്യമായ പൊസിഷനുകളിലെത്തുന്നു സഹതാരങ്ങൾ. പെനൽറ്റി ബോക്സിനരികെ പലപ്പോഴും എതിർ ടീമിനെതിരെ ന്യൂമറിക്കൽ അഡ്വാന്റേജ് (കൂടുതൽകളിക്കാർ ) വരെ ഇതോടെ ആർസനലിനു കിട്ടുന്നു. കഴിഞ്ഞ മാസം ലിവർപൂളിനെതിരെ ആർസനൽ താരം ഗബ്രിയേൽ മാർട്ടിനല്ലി നേടിയ ഗോൾ ഈ ബാസ്കറ്റ് ബോൾ മോഡൽ അറ്റാക്കിന്റെ മികച്ച ഉദാഹരണമായിരുന്നു. കളി തുടങ്ങി ഒന്നാം മിനിറ്റിൽ തന്നെ പ്രത്യാക്രമണത്തിനു തുടക്കമിട്ട ആർസനൽ താരങ്ങൾ കടന്നൽക്കൂടിളകിയതു പോലെയാണ് ലിവർപൂൾ ബോക്സിലെത്തിയത്.
പെപ്പിനെ വീഴ്ത്താൻ...
ലോക ഫുട്ബോളിലെ ഏറ്റവും മികച്ച ടാക്റ്റിക്കൽ മാനേജർമാരിലൊരാളായ മാഞ്ചസ്റ്റർ സിറ്റിയുടെ പെപ് ഗ്വാർഡിയോളയെ വീഴ്ത്താൻ ചില്ലറ അടവൊന്നും പോരാ എന്ന് മുൻപ് ബാർസയിലും സിറ്റിയിലും പെപ്പിന്റെ പരിശീലകസംഘത്തിലുണ്ടായിരുന്ന ആർസനൽ കോച്ച് അർറ്റേറ്റയ്ക്കറിയാം. ബാസ്കറ്റ് ബോളിൽ നിന്നു മാത്രമല്ല, റഗ്ബിയിൽ നിന്നും അമേരിക്കൻ ഫുട്ബോളിൽ നിന്നും ഐസ് ഹോക്കിയിൽ നിന്നുമെല്ലാം തന്ത്രങ്ങൾ സ്വീകരിക്കുന്നുണ്ട് അർറ്റേറ്റ.
ലീഗിലെ മറ്റു ടീമുകളെ നേരിടാനും വൈവിധ്യമാർന്ന ആയുധങ്ങൾ കഴിഞ്ഞ സീസൺ മുതൽ അർറ്റേറ്റ രൂപപ്പെടുത്തിയിട്ടുണ്ട്. ലിവർപൂളിന്റെ ആൻഫീൽഡ് മൈതാനം കൃത്രിമമായി പുനഃസൃഷ്ടിച്ച് അതിൽ കളിച്ചു പഠിക്കുക വരെ ചെയ്തു ആർസനൽ. വലിയ സ്പീക്കറുകളിൽ ലിവർപൂളിന്റെ ക്ലബ് ഗീതമായ ‘യൂ വിൽ നെവർ വോക്ക് എലോൺ’ ഉച്ചത്തിൽ പ്ലേ ചെയ്തു കൊണ്ടായിരുന്നു അത്!
English Summary : Arsenal team basket ball playing style