സൂപ്പർ കപ്പ് നിറയെ ആവേശം, മഞ്ചേരി, കോഴിക്കോട് സ്റ്റേഡിയങ്ങൾ ഒരുങ്ങി
Mail This Article
മലപ്പുറം ∙ ആളൊരുങ്ങി, അരങ്ങൊരുങ്ങി. മഞ്ചേരി, കോഴിക്കോട് സ്റ്റേഡിയങ്ങൾ ഒരുങ്ങി. ഇന്ത്യൻ ഫുട്ബോളിലെ മുൻനിര ക്ലബ്ബുകളുടെ പോരാട്ടമായ സൂപ്പർ കപ്പ് ഫുട്ബോളിന് ഈ മാസം 3ന് തുടക്കം. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ രാജസ്ഥാൻ യുണൈറ്റഡും നെരോക്ക എഫ്സിയും തമ്മിലുള്ള യോഗ്യതാ പോരാട്ടത്തോടെയാണ് കിക്കോഫ്. കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെ ഇന്ത്യൻ സൂപ്പർ ലീഗിലെ 11 ടീമുകളും ഐ ലീഗ് ചാംപ്യന്മാരായ റൗണ്ട് ഗ്ലാസ് പഞ്ചാബും നേരിട്ട് ഗ്രൂപ്പ് ഘട്ടത്തിൽ ഇടം നേടിയിട്ടുണ്ട്. ഐ ലീഗിൽ 2 മുതൽ 10 വരെ സ്ഥാനം നേടിയ ടീമുകൾ തമ്മിൽ യോഗ്യതാ റൗണ്ടിൽ ഏറ്റുമുട്ടി 4 ടീമുകൾ കൂടിയെത്തുന്നതോടെ ആകെ ടീമുകൾ 16 ആകും.
ഗ്രൂപ്പ് ഘട്ടത്തിൽ 4 ടീമുകൾ വീതമുള്ള 4 ഗ്രൂപ്പുകൾ. ഗ്രൂപ്പ് ചാംപ്യന്മാർ സെമിയിലേക്ക്. യോഗ്യതാ മത്സരങ്ങൾ ഉൾപ്പെടെ 18 മത്സരങ്ങൾക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയം വേദിയാകും. ഫൈനൽ ഉൾപ്പെടെ 14 മത്സരങ്ങൾ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലാണ്. എഎഫ്സി ചാംപ്യൻസ് ലീഗിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ടീമിനെ നിർണയിക്കാനുള്ള പോരാട്ടവും ടൂർണമെന്റിനിടെ നടക്കും. മുംബൈ സിറ്റി എഫ്സിയും ജംഷഡ്പുർ എഫ്സിയും തമ്മിൽ 4ന് മഞ്ചേരിയിലാണ് മത്സരം.
ഫെഡറേഷൻ കപ്പ് ടൂർണമെന്റിനു പകരം 2018ലാണ് സൂപ്പർ കപ്പിനു തുടക്കമായത്. ഇതിനു മുൻപു നടന്ന 2019ലെ ടൂർണമെന്റിൽ എഫ്സി ഗോവയായിരുന്നു ജേതാക്കൾ. പിന്നീട് കോവിഡ് കാരണം ടൂർണമെന്റ് നടന്നില്ല.
വെടിക്കെട്ട് 16ന്
സൂപ്പർ കപ്പിലെ വെടിക്കെട്ട് മത്സരം 16ന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലാണ്. കേരള ബ്ലാസ്റ്റേഴ്സും ബെംഗളുരു എഫ്സിയും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ഐഎസ്എൽ സെമിഫൈനലിലെ നാടകീയ രംഗങ്ങൾ വീണ്ടും ഓർമയിലെത്തും. സ്വന്തം കാണികളുടെ മുന്നിൽ കണക്കു തീർക്കാനുള്ള അവസരമാണ് ബ്ലാസ്റ്റേഴ്സിനു ലഭിക്കുക. യോഗ്യതാ റൗണ്ടിലെ ഏക കേരളാ ടീം ഗോകുലം എഫ്സിയാണ്.
ടിക്കറ്റ് വിൽപന തുടങ്ങി
ടൂർണമെന്റിന്റെ ടിക്കറ്റ് വിൽപന bookmyshow ആപ് വഴി തുടങ്ങി. ഗ്രൂപ്പ് മത്സരങ്ങൾക്ക് 250 രൂപയും യോഗ്യതാ മത്സരങ്ങൾക്കു 150 രൂപയുമാണ് വില. ഒരു ദിവസത്തെ 2 കളികൾക്കും കൂടിയാണ് ഈ നിരക്ക്. സെമി, ഫൈനൽ മത്സരങ്ങളുടെ നിരക്ക് പിന്നീട് തീരുമാനിക്കും. മത്സരം നടക്കുന്ന ദിവസം കൗണ്ടർ വഴിയും ടിക്കറ്റ് വിൽപനയുണ്ടാകും.
English Summary: Manjeri and Kozhikode stadiums ready for Super Cup Football