ചാംപ്യൻസ് ലീഗ് ക്വാർട്ടർ രണ്ടാം പാദത്തിൽ ഇന്ന് മിലാൻ–നാപ്പോളി, ചെൽസി–റയൽ മഡ്രിഡ്
Mail This Article
റോം ∙ ഇറ്റാലിയൻ ഫുട്ബോൾ ആരാധകർക്ക് ഇതു സന്തോഷ കാലമാണ്; അവരുടെ 3 ടീമുകളാണ് ഇത്തവണ ചാംപ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ കളിക്കുന്നത്. അതിനിടയിലും ചെറിയൊരു സങ്കടവുമുണ്ട്– പരസ്പരം പോരടിച്ച് അതിലൊരു ടീം ഇന്നു പുറത്താകും. പ്രതാപകാലത്തിന്റെ പകിട്ടിലേക്കു തിരിച്ചെത്തുന്ന എസി മിലാനും നാപ്പോളിയുമാണ് ക്വാർട്ടർ ഫൈനൽ രണ്ടാം പാദത്തിൽ ഇന്നു നേർക്കുനേർ കളിക്കുന്നത്. നാപ്പോളിയുടെ ഹോം ഗ്രൗണ്ടായ നേപ്പിൾസിലെ ഡിയേഗോ അർമാൻഡോ മറഡോണ സ്റ്റേഡിയത്തിലാണ് മത്സരം. തങ്ങളുടെ മൈതാനമായ സാൻസീറോയിൽ നടന്ന ആദ്യപാദത്തിൽ നേടിയ 1–0 ജയത്തിന്റെ നേരിയ ആനുകൂല്യം മിലാനുണ്ട്. സീരി എയിലെ ടോപ് സ്കോററായ വിക്ടർ ഒസിംഹൻ പരുക്കിൽ നിന്നു മോചിതനായി ടീമിലേക്കു തിരിച്ചെത്തുന്നതിന്റെ ആശ്വാസം നാപ്പോളിക്കും.
ഇന്ന് മറ്റൊരു ക്വാർട്ടർ ഫൈനലിൽ ചെൽസി റയൽ മഡ്രിഡിനെ നേരിടും. ചെൽസിയുടെ മൈതാനമായ സ്റ്റാംഫഡ് ബ്രിജിലാണ് മത്സരം. സ്വന്തം മൈതാനത്തു നടന്ന ആദ്യപാദം 2–0നു ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് റയൽ ലണ്ടനിലെത്തുന്നത്. ഇന്ത്യൻ സമയം രാത്രി 12.30നാണ് 2 മത്സരങ്ങളും. നാളെ ഇന്റർ മിലാൻ ബെൻഫിക്കയെയും ബയൺ മ്യൂണിക്ക് മാഞ്ചസ്റ്റർ സിറ്റിയെയും നേരിടും. ബെൻഫിക്കയ്ക്കെതിരെ ആദ്യപാദത്തിൽ ഇന്റർ 2–0നു ജയിച്ചിരുന്നു. മാഞ്ചസ്റ്റർ സിറ്റി ആദ്യ പാദത്തിൽ സ്വന്തം മൈതാനത്ത് ബയണിനെ 3–0നു തകർത്തു.
English Summary : AC Milan vs Napoli in Champions League Football Match