റയൽ മഡ്രിഡ്, എസി മിലാൻ ടീമുകൾ ചാംപ്യൻസ് ലീഗ് സെമിയിൽ
Mail This Article
ലണ്ടൻ ∙ ചാംപ്യൻസ് ലീഗ് ഫുട്ബോൾ രണ്ടാംപാദ ക്വാർട്ടറിൽ സ്വന്തം മൈതാനത്ത് തിരിച്ചുവരവ് നടത്താമെന്ന ചെൽസിയുടെ പ്രതീക്ഷകൾക്കു മേൽ റയൽ മഡ്രിഡ് താരം റോഡ്രിഗോ ആഞ്ഞടിച്ചു. ഒന്നല്ല, രണ്ടു തവണ! ബ്രസീലിയൻ താരം റോഡ്രിഗോയുടെ ഇരട്ടഗോളിന്റെ മികവിൽ ഇംഗ്ലിഷ് ക്ലബ് ചെൽസിയെ 2-0ന് തോൽപിച്ച് സ്പാനിഷ് ക്ലബ് റയൽ മഡ്രിഡ് ചാംപ്യൻസ് ലീഗ് സെമിയിൽ കടന്നു. 58, 80 മിനിറ്റുകളിലാണ് റോഡ്രിഗോ ഗോൾ നേടിയത്. സ്പെയിനിൽ നടന്ന ആദ്യപാദത്തിലും റയൽ 2-0ന് ജയിച്ചിരുന്നു.
ഇറ്റാലിയൻ ക്ലബ്ബുകൾ നേർക്കുനേർ വന്ന മത്സരത്തിൽ നാപ്പോളിയെ 1-1ന് സമനിലയിൽ തളച്ച് എസി മിലാൻ സെമിയിലെത്തി. ആദ്യപാദ ക്വാർട്ടറിൽ മിലാൻ 1-0ന് ജയിച്ചിരുന്നു. 43-ാം മിനിറ്റിൽ ഒളിവർ ജിറൂദാണ് മിലാന്റെ ഗോൾ നേടിയത്. വിക്‌ടർ ഒസിംഹൻ (90+3) നാപ്പോളിക്കായി ഗോൾ മടക്കി.
പന്തവകാശത്തിലും ഷോട്ടുകളുടെ എണ്ണത്തിലും മുന്നിലായിരുന്നെങ്കിലും ലഭിച്ച അവസരങ്ങൾ മുതലാക്കുന്നതിൽ പരാജയപ്പെട്ടത് ചെൽസിക്കു തിരിച്ചടിയായി. രണ്ടാം പകുതിയിൽ തുടർച്ചയായ മുന്നേറ്റങ്ങളിലൂടെ ചെൽസിയുടെ പ്രതിരോധത്തിൽ വിള്ളൽ വീഴ്ത്തിയ റയൽ 58-ാം മിനിറ്റിൽ ആദ്യ ഗോൾ നേടി. വിനീസ്യൂസിന്റെ അസിസ്റ്റിലായിരുന്നു റോഡ്രിഗോയുടെ ഈ ഗോൾ. 80-ാം മിനിറ്റിൽ ഫെഡറിക്കോ വാൽവർദെ ഒരുക്കി നൽകിയ പന്തിൽ റോഡ്രിഗോ 2-ാം ഗോളും നേടി.
പ്രതിരോധമായിരുന്നു നാപ്പോളിക്കെതിരെ മിലാന്റെ ആയുധം. മത്സരത്തിൽ 26% മാത്രമാണ് മിലാന്റെ പന്തവകാശം. 43-ാം മിനിറ്റിൽ വിങ്ങിലൂടെ നടത്തിയ കൗണ്ടർ അറ്റാക്കിൽ നിന്നാണ് ജിറൂദ് ഗോൾ നേടിയത്. മിലാന്റെ പ്രതിരോധപ്പൂട്ട് തകർക്കാനുള്ള നാപ്പോളിയുടെ ശ്രമം മത്സരത്തിന്റെ അവസാന മിനിറ്റിലാണ് ഫലം കണ്ടത്. എന്നാൽ, 80–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റി പാഴാക്കിയതും നാപ്പോളിക്ക് വൻ തിരിച്ചടിയായി.
English Summary: Real Madrid and AC Milan enters Champions League Football