യുവ ലോകകപ്പിന് ഇന്നു കിക്കോഫ്; അർജന്റീനയിലെ 4 വേദികളിലായി മത്സരങ്ങൾ
Mail This Article
ബ്യൂനസ് ഐറിസ് (അർജന്റീന) ∙ കഴിഞ്ഞ വർഷം ഖത്തറിൽ ലയണൽ മെസ്സിയും സംഘവും ലോകകപ്പ് ഫുട്ബോൾ കിരീടം നേടിയതിന്റെ ആഘോഷങ്ങൾ അവസാനിക്കാത്ത നാട്ടിൽ ഫിഫ അണ്ടർ 20 ലോകകപ്പിന് ഇന്നു കിക്കോഫ്. അർജന്റീനയിലെ 4 വേദികളിലായാണ് 24 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പ് മത്സരങ്ങൾ നടക്കുക. ഇന്തൊനീഷ്യ ആതിഥ്യം വഹിക്കേണ്ടിയിരുന്ന ടൂർണമെന്റ് അർജന്റീനയിലേക്കു മാറ്റിയതു കഴിഞ്ഞ മാസമാണ്. ഇന്തൊനീഷ്യയിൽ ഇസ്രയേൽ ടീം കളിക്കാനെത്തുന്നതിലെ പ്രതിഷേധമാണ് അവസാന നിമിഷം വേദിമാറ്റത്തിലേക്കു കാര്യങ്ങളെത്തിച്ചത്.
ലോകഫുട്ബോളിലെ ഭാവിതാരങ്ങൾ ഏറ്റുമുട്ടുന്ന ചാംപ്യൻഷിപ് എന്ന നിലയിലാണ് ഇതു ശ്രദ്ധേയമാവുക. മിക്ക യൂറോപ്യൻ ക്ലബ്ബുകളും തങ്ങളുടെ യുവതാരങ്ങളെ ലോകകപ്പിനായി വിട്ടുനൽകാത്തതു ടൂർണമെന്റിന്റെ താരപ്പൊലിമയ്ക്കു മങ്ങലേൽപ്പിച്ചിട്ടുണ്ട്. എന്നാൽ, ഭാവിയിൽ യൂറോപ്പിലെ വിവിധ ക്ലബ്ബുകളിൽ മിന്നിത്തിളങ്ങുന്ന താരങ്ങളാകാൻ സാധ്യതയുള്ള ഒട്ടേറെപ്പേർക്ക് മികവു തെളിയിക്കാനുള്ള അവസരമാണ് ഈ വേദി. എല്ലാ പ്രമുഖ ക്ലബ്ബുകളുടെയും സ്കൗട്ടിങ് സംഘം യുവപ്രതിഭകളെ നോട്ടമിടാൻ അർജന്റീനയിലേക്ക് എത്തും.
ഇറാഖ്, ജപ്പാൻ, ദക്ഷിണ കൊറിയ, ഉസ്ബെക്കിസ്ഥാൻ എന്നിവയാണ് ഏഷ്യയിൽനിന്നുള്ള ടീമുകൾ. നിലവിലെ ചാംപ്യൻമാരായ യുക്രെയ്ൻ ലോകകപ്പിൽ പങ്കെടുക്കുന്നില്ല. ആറുവട്ടം ചാംപ്യൻമാരായിട്ടുള്ള അർജന്റീന യോഗ്യത നേടിയിരുന്നില്ല. എന്നാൽ, വേദി മാറിയപ്പോൾ ആതിഥേയർ എന്ന നിലയിൽ ഇന്തൊനീഷ്യയ്ക്കുള്ള പങ്കാളിത്ത അവസരവും നഷ്ടമായി. പകരം ഫിഫ അർജന്റീന ടീമിന് അവസരം നൽകുകയായിരുന്നു. ഇതിഹാസതാരം ഹവിയർ മഷരാനോയാണ് യുവടീമിന്റെ പരിശീലകൻ. ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ചെ 2.30ന് അർജന്റീന ഏഷ്യൻ ചാംപ്യന്മാരായ ഉസ്ബെക്കിസ്ഥാനെ നേരിടും. ഇന്നു രാത്രി 11.30ന് ആദ്യ മത്സരങ്ങളിൽ ന്യൂസീലൻഡ് ഗ്വാട്ടിമാലയെയും യുഎസ്എ ഇക്വഡോറിനയും നേരിടും. 6 ഗ്രൂപ്പുകളിലായാണ് മത്സരങ്ങൾ.
ന്യൂസീലൻഡ് ടീമിൽ ഇന്ത്യൻ വംശജൻ
അണ്ടർ 20 ലോകകപ്പിനുള്ള ന്യൂസീലൻഡ് ടീമിൽ ഇന്ത്യൻ വംശജനായ ഡിഫൻഡർ ആര്യൻ രാജ് കളിക്കുന്നുണ്ട്. ആര്യന്റെ മാതാപിതാക്കൾ മലയാളികളാണ്. കൊല്ലം ആനക്കൊട്ടൂരിൽനിന്ന് ഗോവയിലേക്കു കുടിയേറിയ രാജ് പുഷ്പാംഗദന്റെയും എറണാകുളം ഉദയംപേരൂരിൽനിന്ന് ഗോവയിൽ സ്ഥിരതാമസമാക്കിയ കവിത വൽസലന്റെയും മകനാണ്.
English Summary: FIFA under 20 world cup football