ഇന്ത്യയ്ക്ക് ഇന്റർ കോണ്ടിനന്റൽ കപ്പ് ; ഫൈനലിൽ ലബനനെ 2–0ന് തോൽപിച്ചു
ഇന്റർ കോണ്ടിനന്റൽ കപ്പിൽ ഇന്ത്യയുടെ 2–ാം കിരീടം
Mail This Article
×
ADVERTISEMENT
ഭുവനേശ്വർ ∙ നീലയണിഞ്ഞ ജഴ്സികളിൽ നിന്നുതിർന്ന ‘മഴത്തുള്ളി’ പാസുകൾക്കും ഇടിമുഴക്കം പോലെയുള്ള 2 സുന്ദരൻ ഗോളുകൾക്കും ശേഷം ഇന്റർകോണ്ടിനന്റൽ ഫുട്ബോളിന്റെ ‘ഫൈനൽ മഴ’ സ്റ്റേഡിയത്തിൽ പെയ്തൊഴിഞ്ഞപ്പോൾ കപ്പ് ഇന്ത്യയ്ക്കു സ്വന്തം.
രണ്ടു വൻകരകളിലെ 4 ടീമുകൾ തമ്മിൽ നടന്ന ഇന്റർകോണ്ടിനന്റൽ കപ്പ് ഫുട്ബോൾ ചാംപ്യൻഷിപ്പിൽ ലബനനെ 2–0ന് തകർത്ത് ഇന്ത്യ കിരീടം വീണ്ടും സ്വന്തമാക്കി. ഇന്ത്യയുടെ രണ്ടാം കിരീടമാണിത്. 2018ലെ ആദ്യ ചാംപ്യൻഷിപ്പിൽ ഇന്ത്യയായിരുന്നു ജേതാക്കൾ.
രണ്ടാം പകുതിയിലാണ് ഇന്ത്യയുടെ 2 ഗോളുകളും. 46–ാം മിനിറ്റിൽ ക്യാപ്റ്റൻ സുനിൽ ഛേത്രിയാണ് ആദ്യഗോൾ നേടിയത്. ലാലിയൻസുവാല ഛാങ്‌തെയാണ് രണ്ടാം ഗോൾ (65–ാം മിനിറ്റ്) നേടിയത്.
ഛേത്രിയുടെ ആദ്യ ഗോളിനു വഴിയൊരുക്കുകയും രണ്ടാം ഗോൾ നേടുകയും ചെയ്ത മിസോറം താരം ഛാങ്തെയാണ് കളിയിലെ താരം. ഇന്ത്യയുടെ പ്രതിരോധ നായകൻ സന്ദേശ് ജിങ്കാൻ ടൂർണമെന്റിന്റെ താരവുമായി.
കളിക്കാരുടെ ശരീരക്ഷമത പരീക്ഷിക്കുന്ന ഗെയിമാണ് ആദ്യ പകുതിയിൽ ഇരു ടീമുകളും പുറത്തെടുത്തത്. ലോങ് ബോളുകൾ വഴിയും ക്രോസുകളിലൂടെയും ടീമുകൾ ആക്രമണം നടത്തിയെങ്കിലും ഗോൾ മാത്രം പിറന്നില്ല.
രണ്ടാം പകുതിയുടെ കിക്കോഫിൽ നിന്നു തുടങ്ങിയ മിന്നൽ മുന്നേറ്റത്തിലൂടെയാണ് ഇന്ത്യ ആദ്യ ഗോൾ നേടിയത്.
വലതു വിങ് വഴി ഡ്രിബ്ലിങ്ങിലൂടെ മുന്നേറിയ മുംബൈ എഫ്സി താരം ഛാങ്‌തെ ബോക്സിലേക്കു നൽകിയ ലോ ക്രോസ്, സുന്ദരമായ വൺ ടച്ചിലൂടെ മുപ്പത്തിനാലുകാരൻ സുനിൽ ഛേത്രി ഗോളാക്കി (46). രാജ്യാന്തര മത്സരങ്ങളിൽ ഇന്ത്യയ്ക്കായി ഛേത്രി നേടുന്ന 87–ാം ഗോളാണിത്. കോണ്ടിനന്റൽ കപ്പിലെ 11–ാം ഗോളും.
20 മിനിറ്റിനു ശേഷം ലാലിയൻസുവാല ഛാങ്‌തെയുടെ ഗോൾ. ലബനൻ ഗോളിലേക്ക് ഇന്ത്യ നേരിട്ടു നടത്തിയ മുന്നേറ്റവും തുടർന്നുണ്ടായ ഷോട്ടും ഗോളി അലി സബെ തടഞ്ഞെങ്കിലും ബോക്സിൽ ജാഗ്രതയോടെ നിന്ന ഛാങ്തെയ്ക്കാണ് ബോൾ കിട്ടിയത്. ഇരുപത്തിനാലുകാരൻ ഛാങ്തെയുടെ ക്ലീൻ ഫിനിഷ് വലയിൽ (2–0).
English Summary: India's 2nd title in the Intercontinental Cup
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.