സന്തോഷ് ട്രോഫി കിരീടം സർവീസസിന്; ഗോവയെ കീഴടക്കിയത് മറുപടിയില്ലാത്ത ഒരു ഗോളിന്
Mail This Article
ഇറ്റാനഗർ∙ ഒറ്റഗോളിന് ഗോവയെ തകർത്ത് സർവീസസ് സന്തോഷ് ട്രോഫി ചാംപ്യൻമാർ. 67-ാം മിനിറ്റിൽ മലയാളി താരം പി.പി.ഷഫീൽ ആണ് സർവീസസിനായി ഗോൾ നേടിയത്. ഇക്കഴിഞ്ഞ ദേശീയ ഗെയിംസ് ഫുട്ബോൾ ചാംപ്യൻഷിപ്പിലും സർവീസസ് ആയിരുന്നു ചാംപ്യന്മാർ.
പ്രതിരോധതാരം പി.പി.ഷഫീൽ, സ്ട്രൈക്കർ രാഹുൽ രാമകൃഷ്ണൻ, മധ്യനിരയിൽ ജെ.വിജയ് എന്നീ മലയാളി താരങ്ങൾ സർവീസസിന്റെ ആദ്യ ഇലവനിൽ ഉൾപ്പെട്ടിരുന്നു. പ്രതിരോധത്തിലും മധ്യനിരയിലും നാലുപേർ നിരക്കുന്ന (4–4–2) പരമ്പരാഗത ശൈലിയായിരുന്നു ഇരു ടീമുകളുടേതും. 15-ാം മിനിറ്റിൽ ഗോവയുടെ ലക്ഷിമൺ റാവു റാണെ സർവീസസ് പ്രതിരോധത്തിലെ പിഴവു മുതലാക്കി ബോക്സിനകത്തേക്കു കയറിയെങ്കിലും ഷോട്ട് ഗോൾ പോസ്റ്റിനു പുറത്തേക്കു പോയി.
43-ാം മിനിറ്റിൽ വലതു വിങ്ങിൽനിന്ന് ഗോവയുടെ മധ്യനിരാതാരം മുഹമ്മദ് ഫഹീസ് നൽകിയ ക്രോസ് സ്ട്രൈക്കർ നെഷ്യോ മരിസ്റ്റോ ഫെർണാണ്ടസ് പോസ്റ്റിലേക്കു തൊടുത്തെങ്കിലും സർവീസസ് ഗോൾകീപ്പർ സയിദ് ബിൻ അബ്ദുൽ കാദറിന്റെ കൈകളിലൊതുങ്ങി. ആദ്യപകുതിയുടെ അധിക സമയത്ത് മരിസ്റ്റോ ഫെർണാണ്ടസിന്റെ ക്രോസിൽ മുഹമ്മദ് ഹഫീസിൻ്റെ ഷോട്ട് വീണ്ടും ഗോളി തടഞ്ഞു. ആദ്യ പകുതിയിൽ ഇരു ടീമുകളും അടിയും തിരിച്ചടിയുമായി മുന്നേറിയെങ്കിലും നേരിയ ആധിപത്യം ഗോവയ്ക്കായിരുന്നു. ഗോവയ്ക്കായി മധ്യനിരാ താരം മുഹമ്മദ് ഹഫീസ് മികച്ച നീക്കങ്ങളുമായി കളം നിറഞ്ഞ പ്രകടനമാണ് ആദ്യ പകുതിയിൽ കാഴ്ചവച്ചത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ സർവീസസ് മുന്നേറ്റം. ഒട്ടേറെത്തവണ ഗോവൻ പോസ്റ്റിലേക്ക് പട്ടാളം റൂട്ട് മാർച്ച് നടത്തി. ഒടുവിൽ 67-ാം മിനിറ്റിൽ അപ്രതീക്ഷിതമായി ആ ഗോൾ. മലയാളി താരം രാഹുൽ രാമകൃഷ്ണൻ നൽകിയ പാസിൽ പി.പി. ഷഫീലിന്റെ ബുള്ളറ്റ് ഷോട്ട് ഗോവയുടെ വല കുലുക്കി. കോഴിക്കോട് കപ്പക്കൽ സ്വദേശിയായ ഷഫീലിന് ടൂർണമെന്റിലെ മൂന്നാം ഗോളാണിത്. പിന്നീട് ഗോവ ആക്രമണങ്ങളുടെ തിരമാല സൃഷ്ടിച്ചെങ്കിലും സർവീസസിൻ്റെ പ്രതിരോധം കുലുങ്ങിയില്ല. ഒടുവിൽ സന്തോഷ് ട്രോഫി കിരീടത്തിൽ സർവീസസിന്റെ വിജയ മുത്തം . സർവീസസിൻ്റെ ഏഴാം സന്തോഷ് ട്രോഫി കിരീടമാണിത്.