കേരള ബ്ലാസ്റ്റേഴ്സ് പ്രീ സീസൺ തായ്‌ലൻഡിൽ, പുതിയ താരങ്ങളെ ഉടൻ പ്രഖ്യാപിക്കും
Mail This Article
കൊച്ചി ∙ ഐഎസ്എൽ ഫുട്ബോൾ ക്ലബ് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ പര്യടനം തായ്‌ലൻഡിൽ. ജൂലൈ ആദ്യ വാരം ആരംഭിക്കുന്ന പ്രീ സീസൺ ടൂർ രണ്ടാഴ്ചയോളം നീളും. അതേസമയം, പുതിയ കോച്ചായി സ്വീഡിഷ് മാനേജർ മികേൽ സ്റ്റോറെയെ പ്രഖ്യാപിച്ചതല്ലാതെ പുതിയ താരങ്ങളെ സംബന്ധിച്ചു ടീം പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല.
ആദ്യ ലക്ഷ്യം ഡ്യുറാൻഡ് കപ്പ്
മികച്ച പരിശീലന സൗകര്യങ്ങളും മികച്ച ടീമുകളുമായി സന്നാഹ മത്സരങ്ങൾ കളിക്കാനുള്ള അവസരം തേടിയാണു പ്രീ സീസൺ ടൂറിനു തായ്‌ലൻഡ് തിരഞ്ഞെടുത്തതെന്നാണു സൂചന. ഐഎസ്എൽ 11 –ാം സീസൺ ആരംഭിക്കുന്നതിനു മുൻപേ അരങ്ങേറുന്ന ഡ്യുറാൻഡ് കപ്പാണു ടീമിന്റെ ആദ്യ ലക്ഷ്യം.
ലാൽത്തൻമാവിയ വന്നേക്കും
6 താരങ്ങളാണ് ഇതിനകം ബ്ലാസ്റ്റേഴ്സ് വിട്ടത്. ഗ്രീക്ക് സ്ട്രൈക്കർ ദിമിത്രി ഡയമന്റകോസ്, ക്രൊയേഷ്യൻ സെന്റർ ബാക്ക് മാർക്കോ ലെസ്കോവിച്, ജാപ്പനീസ് വിങ്ങർ ഡെയ്സൂകി സകായ്, ലിത്വാനിയൻ സ്ട്രൈക്കർ ഫെദോർ ചെർനിച് എന്നിവർ ടീം വിട്ടു.
ഗോവയുടെ മൊറോക്കൻ വിങ്ങർ നോവ സദൂയി, ഐസോൾ എഫ്സിയുടെ ഗോൾ കീപ്പർ നോറ ഫെർണാണ്ടസ്, ലെഫ്റ്റ് വിങ്ങർ ലാൽത്തൻമാവിയ എന്നിവരെ ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചതായാണു സൂചന.
ബ്ലാസ്റ്റേഴ്സിന് പുതിയ സഹപരിശീലകർ
2 അസിസ്റ്റന്റ് കോച്ചുമാരെ കൂടി ടീമിലെത്തിച്ച് അണിയറ സംഘത്തിനു ബ്ലാസ്റ്റേഴ്സ് ബലം കൂട്ടി. കാൽനൂറ്റാണ്ടിന്റെ അനുഭവ സമ്പത്തുമായാണു സ്വീഡിഷ് പരിശീലകൻ ബോൺ വെസ്ട്രോം ബ്ലാസ്റ്റേഴ്സിന്റെ സഹപരിശീലകനാകുന്നത്. സെറ്റ് പീസ് പരിശീലനമാണു മറ്റൊരു അസിസ്റ്റന്റ് കോച്ചായ പോർച്ചുഗൽ സ്വദേശി ഫ്രെഡറികോ പെരേര മൊറെയ്സിന്റെ ചുമതല. സഹ പരിശീലകൻ ടി.ജി.പുരുഷോത്തമനും ഗോൾ കീപ്പിങ് കോച്ച് സ്‌ലാവൻ പ്രൊവെക്കിയും തുടരും.