ഓസ്ട്രിയ ഡി ഗ്രൂപ്പ് ചാംപ്യന്മാർ; അതേ ഗ്രൂപ്പിൽനിന്ന് ഒപ്പം കടന്ന് ഫ്രാൻസും നെതർലൻഡ്സും
Mail This Article
ഡോർട്മുണ്ട് (ജർമനി) ∙ സൂപ്പർ സ്ട്രൈക്കർമാരായ കിലിയൻ എംബപ്പെയുടെയും (56–ാം മിനിറ്റ്), റോബർട്ട് ലെവൻഡോവ്സ്കിയുടെയും (79) പെനൽറ്റി ഗോളുകളിൽ യൂറോ കപ്പിൽ സമനിലയിൽ പിരിഞ്ഞ് ഫ്രാൻസും പോളണ്ടും (1–1). സമനിലയിലായെങ്കിലും ഡി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി ഫ്രാൻസ് (5 പോയിന്റ്) പ്രീക്വാർട്ടറിലെത്തി. പോളണ്ട് നേരത്തെ തന്നെ പുറത്തായിരുന്നു.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ നെതർലൻഡ്സിനെതിരെ തകർപ്പൻ ജയവുമായി ഓസ്ട്രിയ (6 പോയിന്റ്) ഗ്രൂപ്പ് ചാംപ്യന്മാരായി പ്രീക്വാർട്ടറിലെത്തി. സ്കോർ: ഓസ്ട്രിയ–3, നെതർലൻഡ്സ്–2. തോറ്റെങ്കിലും മികച്ച മൂന്നാം സ്ഥാന നേട്ടവുമായി നെതർലൻഡ്സും (4 പോയിന്റും) പ്രീക്വാർട്ടറിലെത്തും.
ഓസ്ട്രിയയ്ക്കെതിരെ നെതർലൻഡ്സ് താരം ഡോൻയെൽ മാലൻ 6–ാം മിനിറ്റിൽ സെൽഫ് ഗോൾ വഴങ്ങി. ഈ യൂറോയിലെ ഏഴാം സെൽഫ് ഗോളാണിത്. റൊമാനോ സ്മിഡ് (59), മാർസൽ സബിറ്റ്സർ (80) എന്നിവരാണു ഓസ്ട്രിയയുടെ മറ്റു ഗോളുകൾ നേടിയത്. നെതർലൻഡ്സിനായി ലിവർപൂൾ താരം കോഡി ഗാക്പോയും (47), അത്‍ലറ്റിക്കോ മഡ്രിഡ് സ്ട്രൈക്കർ മെംഫിസ് ഡിപായിയും (75) സ്കോർ ചെയ്തു.