ഏയ്ഞ്ചൽ ഡി മരിയയ്ക്കായി ഒരു കപ്പ്! കോപ്പയിൽ റെക്കോർഡിടാൻ അർജന്റീന; രണ്ടാം കിരീടസ്വപ്നവുമായി കൊളംബിയ
Mail This Article
മയാമി ∙ ‘ലയണൽ മെസ്സിക്കൊരു കിരീടം’ എന്നതായിരുന്നു കഴിഞ്ഞ കോപ്പ അമേരിക്കയ്ക്കു മുൻപ് അർജന്റീന ടീമിന്റെ ആഗ്രഹം. ഇത്തവണത്തെ ലക്ഷ്യം മെസ്സി തന്നെ വ്യക്തമാക്കിക്കഴിഞ്ഞു– ഏയ്ഞ്ചൽ ഡി മരിയയ്ക്കായി ഒരു കപ്പ്! കോപ്പയിലും യൂറോ – കോപ്പ ജേതാക്കൾ ഏറ്റുമുട്ടിയ ഫൈനലിസിമയിലും ലോകകപ്പിലുമെല്ലാം ടീമിന്റെ വിജയശിൽപിയായ ഡി മരിയയ്ക്കു വിടവാങ്ങൽ മത്സരത്തിൽ അർജന്റീന അതിനപ്പുറം എന്തു നൽകാൻ! ഒരു പക്ഷേ ടൂർണമെന്റിനു ശേഷം മെസ്സിയും വിരമിക്കൽ പ്രഖ്യാപിച്ചേക്കാം എന്ന സാധ്യതയുമുണ്ട്. കൊളംബിയയ്ക്കെതിരെ ഇന്നു ഫൈനലിനിറങ്ങുമ്പോൾ അർജന്റീന ടീമിലെ സഹതാരങ്ങളുടെ മനസ്സിൽ ഡി മരിയയ്ക്കൊപ്പം മെസ്സിയുമുണ്ടാകും. അമേരിക്കൻ മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിയുടെ താരമെന്ന നിലയിൽ മെസ്സിയുടെ ഇപ്പോഴത്തെ ‘ഹോം’ കൂടിയാണ് മയാമി.
കോപ്പയിൽ 16 തവണ ജേതാക്കളാവുകയെന്ന റെക്കോർഡാണ് അർജന്റീന ലക്ഷ്യമിടുന്നതെങ്കിൽ കൊളംബിയ ഒരേയൊരു വട്ടം കപ്പ് നേടിയത് രണ്ടു പതിറ്റാണ്ടു മുൻപാണ്; 2001ൽ! എന്നാൽ സീനിയർ താരം ഹാമിഷ് റോഡ്രിഗസിന്റെ മികവിൽ ഇത്തവണ കോപ്പയിൽ മികച്ച പ്രകടനമാണ് കൊളംബിയ കാഴ്ച വച്ചത്. തുടർച്ചയായി 28 മത്സരങ്ങളിൽ അപരാജിതരായി നിൽക്കുകയാണ് അവർ. മയാമി ഗാർഡൻസിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ നാളെ പുലർച്ചെ 5.30നാണ് മത്സരത്തിനു കിക്കോഫ്. ഇന്ത്യയിൽ െടലിവിഷൻ സംപ്രേഷണമില്ല.
അർജന്റീന
കാനഡയ്ക്കെതിരെ സെമിഫൈനലിൽ ഗോൾ നേടിയ യൂലിയൻ അൽവാരസ് തന്നെ ഫോർവേഡ് ആയി ആദ്യ ഇലവനിലുണ്ടാകും. ടോപ് സ്കോറർ ലൗറ്റാരോ മാർട്ടിനസ് റിസർവ് ബെഞ്ചിൽ തന്നെയാകും.
കൊളംബിയ
യുറഗ്വായ്ക്കെതിരെ സെമിഫൈനലിൽ ചുവപ്പു കാർഡ് കണ്ട ഡിഫൻഡർ ഡാനിയേൽ മുനോസ് ഫൈനലിനില്ല. സാന്തിയാഗോ ഏരിയാസ് ആയിരിക്കും പകരം റൈറ്റ് ബായ്ക്ക് സ്ഥാനത്ത്.
കോപ്പ ഫൈനലിന് ബ്രസീലുകാരൻ ക്ലോസ്
മയാമി∙ അർജന്റീന–കൊളംബിയ കോപ്പ അമേരിക്ക ഫൈനൽ മത്സരം നിയന്ത്രിക്കുക ബ്രസീലുകാരൻ റഫറി റാഫേൽ ക്ലോസ്. 2020ൽ പാരഗ്വായുമായുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ റാഫേൽ ക്ലോസിന്റെ തീരുമാനങ്ങളിൽ അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സി പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.