ADVERTISEMENT

റിയാദ് ∙ പുതിയ ചാനലുമായി യുട്യൂബിൽ അരങ്ങേറ്റം കുറിച്ചപ്പോഴും ക്രിസ്റ്റ്യാനോ റൊണാൾഡോ പതിവു തെറ്റിച്ചില്ല. സബ്സ്ക്രൈബേഴ്സിന്റെ എണ്ണത്തിൽ പുതിയ റെക്കോർഡിട്ട് താരത്തിന്റെ യുട്യുബ് ചാനൽ കുതിക്കുന്നു. പുതിയ ചാനൽ ആരംഭിച്ച് ഒരു ഫുട്ബോൾ മത്സരം നടക്കുന്ന സമയത്തിനുള്ളിൽ (90 മിനിറ്റ്) 10 ലക്ഷം സബ്സ്ക്രൈബേഴ്സുമായി റെക്കോർഡിട്ട റൊണാൾഡോ, ഒറ്റ ദിവസം കൊണ്ട് ഒരു കോടി സബ്സ്ക്രൈബേഴ്സുമായി വീണ്ടും പുതിയ റെക്കോർഡിട്ടു.

നിലവിൽ സൗദി ക്ലബ് അൽ നസ്‌ർ താരമായ ക്രിസ്റ്റ്യാനോയുടെ യുട്യൂബ് ചാനലിന് ആദ്യ ദിവസം തന്നെ വൻ വരവേൽപാണു ലഭിച്ചത്. ആദ്യ വിഡിയോ പോസ്റ്റ് ചെയ്തു മണിക്കൂറുകൾക്കകം തന്നെ ലക്ഷക്കണക്കിനു പേരാണു സബ്സ്ക്രൈബേഴ്സായത്. എക്സ് പ്ലാറ്റ്ഫോമിൽ 11.25 കോടിയും ഫെയ്സ്ബുക്കിൽ 17 കോടിയും ഇൻസ്റ്റഗ്രാമിൽ 63.6 കോടിയുമാണ് ക്രിസ്റ്റ്യാനോയുടെ ഫോളോവേഴ്സ്.

ബുധനാഴ്ചയാണ് പോർച്ചുഗീസ് സൂപ്പർതാരം യുട്യൂബ് ചാനൽ ആരംഭിച്ച വിവരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ഉടൻതന്നെ താരത്തിന്റെ ചാനൽ ആരാധകർ ഏറ്റെടുത്തു. 90 മിനിറ്റിനുള്ളിൽ സബ്സ്ക്രൈബ് ചെയ്തവരുടെ എണ്ണം 10 ലക്ഷം കടന്നു. ആറു മണിക്കൂർ പിന്നിടുമ്പോഴേയ്ക്കും ഇത് 60 ലക്ഷത്തിനു മുകളിലായി. പിന്നാലെ, ഒറ്റ ദിവസം കൊണ്ട് ഒരു കോടി സബ്സക്രൈബേഴ്സ് എന്ന റെക്കോർഡും സൂപ്പർതാരം സ്വന്തമാക്കി.

ഏഴു ദിവസം കൊണ്ട് ഒരു കോടി സബ്സ്ക്രൈബേഴ്സിനെ സ്വന്തമാക്കിയ ഹാംസ്റ്റർ കോംബാറ്റിന്റെ റെക്കോർഡാണ് സൂപ്പർതാരം തിരുത്തിയത്. ഇന്ന് ഉച്ചയാകുമ്പോഴേയ്‌ക്കും ഒന്നരക്കോടിയിലധികം പേരാണ് സൂപ്പർതാരത്തിന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്തത്. 

‘‘കാത്തിരിപ്പ് അവസാനിക്കുന്നു. ഒടുവിൽ എന്റെ യുട്യൂബ് ചാനൽ ഇതാ എത്തിയിരിക്കുന്നു. ഈ പുതിയ യാത്രയിൽ എന്നോടൊപ്പം ചേരൂ’ – റൊണാൾഡോ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ കുറിച്ചു. ചാനൽ സബ്സ്ക്രൈബ് ചെയ്യൂ എന്നതിനു പകരം തന്റെ വിഖ്യാതമായ ഗോളാഘോഷവുമായി ചേർത്ത് ‘സിയൂബ്സ്ക്രൈബ്’ (SIUUUbscribe) എന്നാണ് താരം കുറിച്ചത്. പിന്നാലെ ഗോൾഡ് പ്ലേ ബട്ടൺ ലഭിച്ച സന്തോഷവും താരം ആരാധകരുമായി പങ്കുവച്ചു.

English Summary:

Cristiano Ronaldo breaks YouTube record with lightning-fast subscriber milestone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com