ADVERTISEMENT

ഒരിക്കലെങ്കിലും പന്തു തട്ടിയിട്ടുള്ള ഏതൊരാളെയും കൊതിപ്പിക്കുന്ന ഫിഫ സ്റ്റാൻഡേഡ് ടർഫ്; അതും ഒന്നല്ല, തൊട്ടുരുമ്മി രണ്ടെണ്ണം! രാജ്യാന്തര നിലവാരത്തിലുള്ള ജിം, ഡോർമിറ്ററികൾ, പ്ലെയേഴ്സ് ചെയ്ഞ്ചിങ് റൂം, പഠന മുറികൾ, അതിഥി മുറികൾ, കന്റീൻ... കൊച്ചു താരങ്ങൾക്ക് ആവേശം പകരാൻ മറഡോണയും മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും മുതൽ നമ്മുടെ സ്വന്തം സുനിൽ ഛേത്രി വരെയുള്ളവരുടെ കൂറ്റൻ ചിത്രങ്ങൾ! കാൽപന്തുകളിയുടെ ആഗോള മൈതാനങ്ങളിലേക്ക് ഇന്ത്യയുടെ ആദ്യ ചുവടുവയ്പായ എഐഎഫ്എഫ് – ഫിഫ ടാലന്റ് അക്കാദമി വലിയ ബഹളമില്ലാതെ ‘കളി’ തുടങ്ങിക്കഴിഞ്ഞു, ഒഡീഷയിലെ ഭുവനേശ്വറിൽ. ഇന്ത്യയിലെ ആദ്യത്തെ എഐഎഫ്എഫ് – ഫിഫ അക്കാദമിയാണിത്. 15 വയസ്സിൽ താഴെയുള്ളവർക്കു വേണ്ടിയാണ് ഈ റസിഡൻഷ്യൽ അക്കാദമി.

പ്രതീക്ഷ വടക്കു കിഴക്കിൽ; കേരള താരങ്ങളില്ല

നവംബറിൽ പ്രവർത്തനം ആരംഭിച്ച അക്കാദമി ഒരു വർഷത്തിലേക്ക് എത്തുമ്പോൾ പരിശീലനം ലഭിക്കുന്നത് 20 കുട്ടികൾക്ക്. 5 പേരെക്കൂടി തിരഞ്ഞെടുക്കുന്നതിനു നടപടികൾ പുരോഗമിക്കുന്നു. പുറമേ, ഒഡീഷയിൽ നിന്നുള്ള 15 കുട്ടികളും ഇവിടെ പരിശീലനം നേടുന്നു. തിരഞ്ഞെടുക്കപ്പെട്ടവരിൽ ഏറെയും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ. കേരള താരങ്ങളാരും ഇടം പിടിച്ചിട്ടുമില്ല!

തെല്ലു വിവാദത്തോടെയായിരുന്നു, ആദ്യ ഘട്ട സിലക്‌ഷൻ. കഴിഞ്ഞ ഡിസംബറിൽ തിരഞ്ഞെടുത്ത 50 പേരിൽ 38 കുട്ടികളും ഒഴിവാക്കപ്പെട്ടു. വിഖ്യാത കോച്ചും ഫിഫയുടെ ഗ്ലോബൽ ഫുട്ബോൾ ഡവലപ്മെന്റ് പ്രോഗ്രാം മേധാവിയുമായ ആർസീൻ വെംഗറുടെ നേതൃത്വത്തിലുള്ള സംഘമാണു വിലയിരുത്തലിനു ശേഷം ഒഴിവാക്കിയത്. അതെക്കുറിച്ച് അഖിലേന്ത്യാ ഫുട്ബോൾ ഫെ‍ഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബേ പറഞ്ഞതിങ്ങനെ: ‘‘ഫിഫ അക്കാദമിയിലേക്കുള്ള വാതിൽ അടയുന്നില്ല. ചില കുട്ടികൾക്കു സാങ്കേതിക, ശാരീരിക മികവു നേടാൻ കഴിഞ്ഞെന്നു വരില്ല. നിലവിലെ അക്കാദമികളിൽ‌നിന്ന് ടൂർണമെന്റുകളിൽ നിന്നുമൊക്കെ മികച്ച കുട്ടികളെ കണ്ടെത്താൻ ശ്രമിച്ചു കൊണ്ടേയിരിക്കും.’’

പച്ചപ്പരവതാനി വിരിച്ച് ഒഡീഷ

ഒഡീഷ സർക്കാരാണ് എഐഐഎഫിന്റെ പങ്കാളിത്തത്തോടെ അക്കാദമി നടത്തുന്നത്. സംസ്ഥാന സർക്കാരിനു കീഴിലുള്ള ഒഡീഷ ഫുട്ബോൾ അക്കാദമിയിലാണു ഫിഫ അക്കാദമി പ്രവർത്തിക്കുന്നത്. സ്പെയിനിൽ നിന്നുള്ള സെർജി അമസ്‌കുവ ഫാൻട്രഡോനയാണു അക്കാദമിയുടെ ഹെഡ് കോച്ച്. 

  അസിസ്റ്റന്റ് കോച്ചുമാർ ഉൾപ്പെടെയുള്ള സപ്പോർട്ട് സ്റ്റാഫ് വേറെയും. ഹോക്കിയും ഫുട്ബോളും ടെന്നിസും ഉൾപ്പെടെ സ്പോർട്സിൽ വൻ അടിസ്ഥാന സൗകര്യങ്ങളാണ് ഒഡീഷ ഒരുക്കുന്നത്. 

ഫിഫ നിലവാരത്തിലുള്ള ഫുട്ബോൾ ടർഫുകൾ മാത്രം ആറെണ്ണം. രാജ്യത്തെ പല സംസ്ഥാനങ്ങളിലും അത്തരം ഒരു ടർഫ് പോലുമില്ല! കുട്ടികൾക്ക് ഔപചാരിക വിദ്യാഭ്യാസം തുടരാനും സൗകര്യമുണ്ട്.

English Summary:

India's first AIFF-FIFA football academy in Bhubaneswar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com