പ്ലേമേക്കറായി ലൂണ വന്നാൽ ബ്ലാസ്റ്റേഴ്സിന്റെ മുൻനിര കുതിക്കും, അലക്സാന്ദ്രേ കോയെഫ് ബെഞ്ചിലാകും
Mail This Article
ദിൽ മേം മുഹമ്മദൻസ്!’ സൗത്ത് കൊൽക്കത്തയിൽ മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടായ കിഷോർ ഭാരതി ക്രീരംഗൻ സ്റ്റേഡിയത്തിനു സമീപമാണ് ഹോട്ടൽ ജീവനക്കാരനായ സുനിൽ ചൗധരിയുടെ വീട്. ചെറിയ ഇടവേളയ്ക്കു ശേഷം പുനരാരംഭിച്ച ഐഎസ്എലിൽ ഇന്ന് മുഹമ്മദൻസ് കേരള ബ്ലാസ്റ്റേഴ്സിനെ തകർക്കുമെന്നാണ് ക്ലബ്ബിന്റെ ആരാധക കൂട്ടായ്മയായ ബ്ലാക്ക് ആൻഡ് വൈറ്റ് ബ്രിഗേഡ് അംഗം കൂടിയായ സുനിലിന്റെ വിശ്വാസം. പരമാവധി 12000 പേർക്ക് മാത്രമിരിക്കാവുന്ന ചെറിയ സ്റ്റേഡിയത്തിൽ മുഹമ്മദൻസിന് ലഭിക്കുന്ന ആർപ്പുവിളി ചെറുതായിരിക്കില്ലെന്ന് സുനിലിന്റെ ഉറപ്പ്. ഇന്നു രാത്രി 7.30നാണ് മത്സരത്തിനു കിക്കോഫ്. സ്പോർട്സ് 18 ചാനലിലും ജിയോ സിനിമയിലും തൽസമയം.
രാവിലെ മുതൽ ഉച്ചവരെയുള്ള കനത്ത മഴ, ശക്തമായ കാറ്റ്; കൊൽക്കത്തയിലെ പ്രതികൂല കാലാവസ്ഥ ഇരുടീമിന്റെയും പരിശീലനത്തെ ഇന്നലെ ബാധിച്ചില്ല. ഇന്നും മഴ തുടരുമെന്നാണ് പ്രവചനമെങ്കിലും മത്സര സമയമാവുമ്പോഴേക്കും മാറും എന്നാണ് പ്രതീക്ഷ. ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ 3–ാം എവേ മത്സരമാണിത്. കഴിഞ്ഞ 2 കളികളും സമനിലയായി.
പ്രതിരോധ പാളിച്ചകൾ മറികടന്ന് 3 പോയിന്റുമായി നാളെ കൊച്ചിയിലേക്ക് മടങ്ങുകയാണ് ബ്ലാസ്റ്റേഴ്സ് ലക്ഷ്യം. രണ്ട് എവേ മത്സരത്തിനു ശേഷമുള്ള ഹോം മാച്ചിനാണ് മുഹമ്മദൻസ് ഇറങ്ങുന്നത്. പോയിന്റ് പട്ടികയിൽ കേരള ബ്ലാസ്റ്റേഴ്സ് 6–ാം സ്ഥാനത്തും മുഹമ്മദൻസ് പതിനൊന്നാമതുമാണെങ്കിലും ഒരു പോയിന്റ് മാത്രമാണ് വ്യത്യാസം. 4 മത്സരങ്ങൾ വീതം കളിച്ച ഇരുടീമും ജയിച്ചത് ഒരു മത്സരം മാത്രം.
ഗോൾ നേടും, ഉറപ്പ്
കൊൽക്കത്ത രാജ്യാന്തര വിമാനത്താവളത്തിലിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് താരം നോവ സദൂയിയോട് ആരാധകൻ: ‘ഗോളടിക്കണം’. ഒരു നിമിഷം പോലും വൈകാതെ സദൂയിയുടെ കമന്റ്– ‘തീർച്ചയായും’. മൊറോക്കൻ താരത്തിന്റെ ഈ വാക്കുകൾ തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രധാന ആത്മവിശ്വാസം. മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ ഗോൾ വഴങ്ങി ശീലമുള്ള മുഹമ്മദൻസിനെ സമാനമായ രീതിയിൽ തുടക്കത്തിലേ പ്രതിരോധത്തിലാക്കുകയാവും ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം. ഒഡീഷയ്ക്കെതിരായ കഴിഞ്ഞ മത്സരത്തിൽ ഗോൾ നേടിയ സ്ട്രൈക്കർ ഹെസൂസ് ഹിമെനെയും മികവ് തുടർന്നാൽ ആ ദൗത്യം എളുപ്പമാകും. മധ്യനിരയിൽ പ്ലേമേക്കർ റോളിൽ അഡ്രിയൻ ലൂണ ഇറങ്ങിയാൽ ഹെസൂസ്, സദൂയി, കെ.പി.രാഹുൽ എന്നിവരുൾപ്പെടുന്ന മുന്നേറ്റ നിരയ്ക്ക് തുടരെ ഗോൾ ലക്ഷ്യം വച്ച് കുതിക്കാം. ലൂണ വരുമ്പോൾ അലക്സാന്ദ്രേ കോയെഫിന് ആദ്യ ഇലവൻ സ്ഥാനം നഷ്ടമായേക്കും.