സീസണിലെ ആദ്യ എവേ ജയം, ബ്ലാസ്റ്റേഴ്സ് ആരാധകരുടെ നേർക്കു കുപ്പികളെറിഞ്ഞ് മുഹമ്മദൻസ് ആരാധകർ
Mail This Article
കിഷോർ ഭാരതി ക്രീരംഗൻ സ്റ്റേഡിയത്തിൽ കലിതുള്ളിയ മുഹമ്മദൻസ് ആരാധകർക്കു ചുട്ട മറുപടി നൽകി കേരള ബ്ലാസ്റ്റേഴ്സ് (2-1). ആദ്യ പകുതിയിൽ ഒരു ഗോളിനു പിന്നിൽ നിന്ന ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ രണ്ടു ഗോൾ നേടി വിജയം പിടിച്ചെടുക്കുകയായിരുന്നു.
ഐഎസ്എൽ ഫുട്ബോളിൽ ഇരുടീമും നേർക്കുനേർ വന്ന ആദ്യ മത്സരത്തിൽ, 28–ാം മിനിറ്റിൽ പെനൽറ്റി ഗോളാക്കി മിർഷലോൽ കസിമോ മുഹമ്മദൻസിനു ലീഡ് നൽകി. എന്നാൽ 66–ാം മിനിറ്റിൽ ക്വാമെ പെപ്രയും 77–ാം മിനിറ്റിൽ സ്ട്രൈക്കർ ഹെസൂസ് ഹിമെനെയും ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടി. മുഹമ്മദൻസ് ആരാധകർ കുപ്പികളെറിഞ്ഞതോടെ മത്സരം ഇടയ്ക്ക് 5 മിനിറ്റോളം തടസ്സപ്പെട്ടു.
രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് നടത്തിയ സബ്സ്റ്റിറ്റ്യൂഷനുകളാണ് കളിയുടെ ഗതി മാറ്റിയത്. ക്വമെ പെപ്രയെ സബ്സ്റ്റിറ്റ്യൂട്ടായി കളത്തിലിറക്കി അധികം വൈകാതെ ഗോൾ നേടിയ ബ്ലാസ്റ്റേഴ്സ് പിന്നീടു കളി കൈവിടാതെ കാത്തു.
ക്യാപ്റ്റൻ അഡ്രിയൻ ലൂണ തുടക്കം മുതലിറങ്ങിയ മത്സരത്തിൽ 3 സ്ട്രൈക്കർമാരെ ഉൾപ്പെടുത്തി 4–3–3 ശൈലിയിലാണ് ബ്ലാസ്റ്റേഴ്സ് കളിച്ചത്. വെള്ളിയാഴ്ച ബെംഗളൂരു എഫ്സിക്കെതിരെ കൊച്ചിയിലാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. ജയത്തോടെ, 5 കളിയിൽ 2 ജയം ഉൾപ്പെടെ 8 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് 5–ാം സ്ഥാനത്തെത്തി. 5 കളിയിൽ 4 പോയിന്റുമായി 11–ാം സ്ഥാനത്താണു മുഹമ്മദൻസ്.
ഗോൾ നിമിഷങ്ങൾ
27–ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധനിര പൊളിച്ച് മുഹമ്മദൻസ് മധ്യനിരതാരം അംഗൂസന ലുവാങ് നൽകിയ ത്രൂബോളാണ് ഗോളൊരുക്കിയത്. അലക്സാന്ദ്രേ കോയെഫിനെ മറികടന്ന് ഓടിയ ഫ്രാൻകെയെ പ്രതിരോധിക്കാൻ ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ സോം കുമാർ ശ്രമിച്ചത് ഗോൾ ഏരിയയ്ക്കുള്ളിൽ ഫൗളിൽ അവസാനിച്ചു. പെനൽറ്റി ലക്ഷ്യത്തിലെത്തിച്ച കസിമോയിലൂടെ മുഹമ്മദൻസിനു ലീഡ് (1-0).
66–ാം മിനിറ്റിൽ അഡ്രിയൻ ലൂണയുടെ മാസ്റ്റർ ക്ലാസ് ഫസ്റ്റ് ടച്ച് പാസാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോളിലേക്കു നയിച്ചത്. വലതു വിങ്ങിൽ റീബൗണ്ട് പന്ത് ക്രോസിലൂടെ നോവ സദൂയിയിലേക്ക്. സദൂയി ബോക്സിലേക്കു നൽകിയ പന്ത് ക്വാമേ പെപ്ര ഗോൾ വര കടത്തി (1–1). 77–ാം മിനിറ്റിൽ നവോച്ച സിങ് ഇടതു വിങ്ങിൽ നിന്ന് നൽകിയ പന്ത് ഹെസൂസ് ഹിമെനെയുടെ കിടിലൻ ഹെഡറിലൂടെ ഗോളിലേക്ക്. മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് ലീഡ് (2–1)
കുപ്പിയേറ്, പ്രതിഷേധം
ബ്ലാസ്റ്റേഴ്സ് 2–1നു ലീഡ് നേടിയതോടെ മുഹമ്മദൻസ് ആരാധകരുടെ നിയന്ത്രണം വിട്ടു. ഗ്രൗണ്ടിലേക്കും സ്റ്റേഡിയത്തിൽ ആകെയുണ്ടായിരുന്ന നൂറോളം ബ്ലാസ്റ്റേഴ്സ് ആരാധകരുടെ നേർക്കും അവർ കുപ്പിയേറു തുടങ്ങി. മത്സരം തുടരാൻ പറ്റാത്ത അവസ്ഥയായതോടെ റഫറി കളി നിർത്തി.
പിന്നീടു പൊലീസെത്തി സ്ഥിതി ശാന്തമാക്കിയ ശേഷമാണു മത്സരം പുനരാരംഭിച്ചത്. മത്സരശേഷം ബ്ലാസ്റ്റേഴ്സ് ആരാധകർ പൊലീസ് സംരക്ഷണത്തിലാണ് സ്റ്റേഡിയത്തിനു പുറത്തിറങ്ങിയത്.