പെപ്രാളം വിന! ബ്ലാസ്റ്റേഴ്സിനു തോൽവി, ഗോളടിച്ചിട്ടു ജഴ്സിയൂരിയ പെപ്രയ്ക്കു റെഡ് കാർഡ്
Mail This Article
നെഞ്ചിന്റെ ഇടത്തേമൂലയിൽ ആഞ്ഞു പതിച്ച 4 ഗോളുകളിൽ കേരള ബ്ലാസ്റ്റേഴ്സിന് ‘കാർഡിയാക് അറസ്റ്റ്’. പെനൽറ്റിയിലൂടെ ഹെസൂസ് ഹിമെനെയും ക്ലാസിക് ഹെഡറിലൂടെ ക്വാമെ പെപ്രയും നൽകിയ പ്രഥമശുശ്രൂഷകൾ ഫലിച്ചില്ല. നിക്കൊളാസ് കരേലിസിന്റെ ഇരട്ട ഗോളുകളുടെ മികവിൽ 4–2നു ബ്ലാസ്റ്റേഴ്സിനെതിരെ മുംബൈ വിജയം പിടിച്ചെടുത്തു.
വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനു സംഭവിച്ചത് അപകടമാണെങ്കിൽ 27 കിലോമീറ്ററകലെ അന്ധേരിയിലെ മുംബൈ ഫുട്ബോൾ അരീനയിൽ ബ്ലാസ്റ്റേഴ്സിനു സംഭവിച്ചത് അത്യാഹിതം. ഇരട്ട പെനൽറ്റിയിലൂടെ 9,55 മിനിറ്റുകളിൽ കരേലിസും 75–ാം മിനിറ്റിൽ നേഥൻ റോഡ്രിഗസും 90–ാം മിനിറ്റിൽ പെനൽറ്റിയിലൂടെ ലാലിയൻസുവാല ഛാങ്തെയും ആതിഥേയർക്കായി ഗോളടിച്ചുകൂട്ടി.
2 ഗോളിനു പിന്നിൽ നിൽക്കെ 57–ാം മിനിറ്റിൽ ഹിമെനയുടെ പെനൽറ്റി ഗോളിലൂടെയും 71–ാം മിനിറ്റിൽ ക്വാമെ പെപ്രയുടെ ഹെഡർ ഗോളിലൂടെയും ബ്ലാസ്റ്റേഴ്സ് ഒപ്പം പിടിച്ചെങ്കിലും അതിരു കടന്ന ആഘോഷത്തിലൂടെ ജഴ്സിയൂരാൻ മുതിർന്ന പെപ്ര രണ്ടാം മഞ്ഞക്കാർഡിലൂടെ പുറത്തായതോടെ ബ്ലാസ്റ്റേഴ്സിന്റെ ഹൃദയം നിലച്ചു. തുടർച്ചയായ രണ്ടാം തോൽവിയോടെ ബ്ലാസ്റ്റേഴ്സ് പത്താം സ്ഥാനത്തായി. സീസണിലെ രണ്ടാം ജയവുമായി മുംബൈ ഏഴാം സ്ഥാനത്തേക്കു കയറി.
ത്രില്ലിങ് സ്കോറിങ്
ബ്ലാസ്റ്റേഴ്സ് പ്രതിരോധനിര വിണ്ടുകീറുന്നതും ഗോൾകീപ്പർ പതറിപ്പോകുന്നതും തുടർച്ചയായി കണ്ടുകൊണ്ടാണു കളിയുടെ തുടക്കം. ബ്ലാസ്റ്റേഴ്സ് നടുനിവർത്തും മുൻപേ മുംബൈ ആദ്യഗോൾ കുറിച്ച് ആഘോഷം തുടങ്ങിയ ഒന്നാം പകുതിക്കു ശേഷം പിന്നെ കണ്ടത് ഗോളടിമേളം. 55–ാം മിനിറ്റിൽ നവോച്ച സിങ്ങിന്റെ ഹാൻഡ്ബോളിനു ശിക്ഷയായി വിധിക്കപ്പെട്ട പെനൽറ്റി എടുത്തതു കരേലിസ്. ഇടംകാലിൽ തൊടുത്തുവിട്ട ഷോട്ട് വലയുടെ വലതുമൂലയ്ക്കു കീഴിലേക്കു പാഞ്ഞുകയറി.
പെനൽറ്റിക്കു വഴിയൊരുക്കിയ ഹാൻഡ്ബോളിൽ സഹകുറ്റാരോപിതനായ ക്വാമെ പെപ്ര, അധ്വാനിച്ചു കളിച്ച് തൊട്ടടുത്ത മിനിറ്റിൽ ബ്ലാസ്റ്റേഴ്സിനു പകരം പെനൽറ്റി വാങ്ങിക്കൊടുത്തു. കിക്കെടുത്ത ഹിമെനെ പോസ്റ്റിന്റെ ഇടതുമൂലയുടെ മുകളിലേക്കു ആശങ്കയില്ലാതെ തൊടുത്ത ഷോട്ടിൽ ബ്ലാസ്റ്റേഴ്സ് കളിയിലേക്കു തിരിച്ചെത്തി.
അടിയും തിരിച്ചടിയും തുടരുന്നതിനിടെ മുംബൈ ഗോളി ലച്ചെൻപ കുട്ടിക്കളി മട്ടിൽ വരുത്തിയ പിഴവിൽ ബോക്സിനുള്ളിൽ ബ്ലാസ്റ്റേഴ്സിനു ഫ്രീകിക്ക് അവസരം ലഭിച്ചെങ്കിലും ലൂണ നേരിട്ടു കിക്കെടുക്കുന്നതിനു പകരം ഹിമെനെയ്ക്കു മറിച്ചു നൽകി. ഹിമെനെയുടെ ഷോട്ട് പോസ്റ്റിലിടിച്ചു തെറിച്ചു. കളിയിലെ സുന്ദരഗോൾ പിറന്നത് 71–ാം മിനിറ്റിൽ. വിബിൻ മോഹനനിൽ നിന്നു ബോക്സിന്റെ ഇടതുമൂലയിലേക്കു ലഭിച്ച പാസ് കഷ്ടപ്പെട്ടു ലൂണ പെപ്രയിലേക്കു ക്രോസ് ചെയ്തു. ചാടിവീണ പെപ്രയുടെ ഹെഡർ നേരേ വലയിലേക്ക്.
കൈവിട്ട കളി തിരിച്ചുപിടിച്ച ആവേശത്തിൽ പെപ്ര ജഴ്സി തലയോളം ഊരിയപ്പോഴാണ് അപകടം മണത്തത്. ജഴ്സി തിരികെയിട്ട് ആഘോഷം തുടരുന്നതിനിടെ റഫറിയുടെ വക രണ്ടാം മഞ്ഞക്കാർഡും മാർച്ചിങ് ഓർഡറും. പെപ്ര പുറത്തായതോടെ 10 പേരിലേക്കു ചുരുങ്ങിയ ബ്ലാസ്റ്റേഴ്സിനു കാലിടറി. അവസരം മുതലെടുത്ത് ആക്രമിച്ചു കളിച്ച മുംബൈ പിന്നീട് 2 ഗോളുകൾ നേടി മത്സരം സ്വന്തമാക്കി.