ADVERTISEMENT

കൊച്ചി ∙ സീസണിൽ ഒരേയൊരു വിജയവുമായി ‘വിഷമിച്ച്’ കൊച്ചിയിലെത്തിയ ഹൈദരാബാദ് എഫ്‍സിയെയും കേരള ബ്ലാസ്റ്റേഴ്സ് ‘സന്തോഷിപ്പിച്ച്’ തിരിച്ചയച്ചു! ‘അതിഥി ദേവോ ഭവ’ എന്ന് ഓരോ ചലനത്തിലും ഉറക്കെ പ്രഖ്യാപിച്ച കേരള ബ്ലാസ്റ്റേഴ്സിന്, ഹൈദരാബാദ് എഫ്‍സിക്കെതിരായ ഐഎസ്എൽ പോരാട്ടത്തിൽ നിരാശപ്പെടുത്തുന്ന തോൽവി. പിന്നിൽനിന്നും തിരിച്ചടിച്ച് 2–1നാണ് ഹൈദരാബാദ് എഫ്‍സി ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തിയത്. ഹൈദരാബാദ് എഫ്‍സിക്കായി ബ്രസീലിയൻ താരം ആന്ദ്രെ ആൽബ ഇരട്ടഗോൾ നേടി. 43, 70 (പെനൽറ്റി) മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകൾ. ബ്ലാസ്റ്റേഴ്സിന്റെ ഏക ഗോൾ 13–ാം മിനിറ്റിൽ ഹെസൂസ് ഹിമെനെ നേടി.

ഹൈദരാബാദിന്റെ വിജയഗോളിലേക്കു വഴിതെളിച്ച പെനൽറ്റിക്ക് വിവാദത്തിന്റെ ചുവയുണ്ടായിരുന്നെങ്കിലും, ആദ്യപകുതിയെ അപേക്ഷിച്ച് രണ്ടാം പകുതിയിൽമികച്ച പ്രകടനവുമായി കളം നിറഞ്ഞ ഹൈദരാബാദിന്റെ അധ്വാനത്തിന് ലഭിച്ച പ്രതിഫലമായിരുന്നു ഈ ഗോൾ. ഒപ്പം, ബ്ലാസ്റ്റേഴ്സ് ആധിപത്യം പുലർത്തിയ ആദ്യപകുതിയിൽ ലഭിച്ച സുവർണാവസരങ്ങൾ മുതലെടുക്കുന്നതിൽ താരങ്ങൾക്കു സംഭവിച്ച പിഴവും ഈ തോൽവിയുടെ കാരണങ്ങൾക്കൊപ്പം കൂട്ടിവായിക്കാം. വിജയത്തോടെ ഏഴു കളികളിൽനിന്ന് രണ്ടു ജയവും ഒരു സമനിലയും സഹിതം 7 പോയിന്റുമായി ഹൈദരാബാദ് എഫ്‍സി 11–ാം സ്ഥാനത്തുതന്നെ തുടരുന്നു. എട്ടു മത്സരങ്ങളിൽനിന്ന് സീസണിലെ നാലാം തോൽവി വഴങ്ങിയ ബ്ലാസ്റ്റേഴ്സ് എട്ടു പോയിന്റുമായി 10–ാം സ്ഥാനത്തും തുടരുന്നു.

കഴിഞ്ഞ മത്സരത്തിൽ മുംബൈ സിറ്റി എഫ്‍സിയെ അവരുടെ തട്ടകത്തിൽ നേരിട്ട ടീമിൽ മൂന്നു മാറ്റങ്ങളുമായാണ് പരിശീലകൻ മികായേൽ സ്റ്റാറെ ബ്ലാസ്റ്റേഴ്സ് ടീമിനെ അണിനിരത്തിയത്. സസ്പെൻഷൻ നിമിത്തം പുറത്തിരിക്കുന്ന ക്വാമി പെപ്ര, ഡാനിഷ് ഫാറൂഖ്, പ്രീതം കോട്ടാൽ എന്നിവർക്കു പകരം മിലോസ് ഡ്രിൻസിച്ച്, കോറു സിങ്, മുഹമ്മദ് ഐമൻ എന്നിവർ ടീമിലെത്തി. കഴിഞ്ഞ രണ്ടു കളികളിൽ പുറത്തിരുന്ന നോഹ സദൂയി രണ്ടാം പകുതിയിൽ പകരക്കാരനായി എത്തി. ഹൈദരാബാദിന്റെ ആദ്യ ഇലവനിൽ നാലു മലയാളി താരങ്ങൾ ഇടംപിടിച്ചു. പ്രതിരോധനിരയിലെ അലക്സ് സജി, മുഹമ്മദ് റാഫി, മിഡ്ഫീൽഡർ പി.എ. അഭിജിത്, സ്ട്രൈക്കർ അബ്ദുൽ റബീഹ് എന്നിവരായിരുന്നു മലയാളി സാന്നിധ്യം.

∙ ഗോളുകൾ വന്ന വഴി

കേരള ബ്ലാസ്റ്റേഴ്സ് ഒന്നാം ഗോൾ: ആദ്യ മിനിറ്റു മുതൽ കളത്തിൽ ചെലുത്തിയ സമ്മർദ്ദത്തിന് ഗോളിന്റെ രൂപത്തിൽ ബ്ലാസ്റ്റേഴ്സിന് പ്രതിഫലം ലഭിക്കുമ്പോൾ മത്സരത്തിനു പ്രായം 13 മിനിറ്റ്. വലതുവിങ്ങിലൂടെ ബ്ലാസ്റ്റേഴ്സ് നടത്തിയ മുന്നേറ്റത്തിനൊടുവിൽ പന്തുമായി കോറു സിങ് ബോക്സിനുള്ളിൽ. തടയാനെത്തിയ ഹൈദരാബാദ് താരത്തിൽനിന്ന് വെട്ടിയൊഴിഞ്ഞ് മുന്നോട്ടു കയറിയ കോറു സിങ് ഗോളിലേക്ക് ഉന്നമിടുമെന്ന് പ്രതീക്ഷിച്ചിരിക്കെ, പോസ്റ്റിനു സമാന്തരമായി ബോക്സിനു നടുവിലേക്ക് ഹെസൂസിനായി നിലംപറ്റെയുള്ള പാസ്. തടയാനെത്തിയ എതിർനിരയ്ക്ക് യാതൊരു അവസരവും നൽകാതെ ഹെസൂസിന്റെ വലംകാൽ ഷോട്ട് പോസ്റ്റിന്റെ ഇടതുമൂലയിലേക്ക്. ഗോൾ.... സ്കോർ 1–0.

ഹൈദരാബാദ് എഫ്‍സി ഒന്നാം ഗോൾ: ആദ്യപകുതിയിൽ കളത്തിൽ വല്ലപ്പോഴും മാത്രം സാന്നിധ്യമറിയിച്ചിരുന്ന ഹൈദരാബാദ് എഫ്‍സിക്ക്, കേരള ബ്ലാസ്റ്റേഴ്സിന്റെ ‘സമ്മാന’മെന്ന് വിശേഷിപ്പിക്കാവുന്ന സമനില ഗോൾ പിറന്നത് 43–ാം മിനിറ്റിൽ. കേരള ബ്ലാസ്റ്റേഴ്സ് ബോക്സിലേക്ക് ഹൈദരാബാദ് താരങ്ങളുടെ മുന്നേറ്റം തടയുന്നതിൽ പ്രതിരോധനിര വരുത്തിയ വീഴ്ചയ്ക്ക് ലഭിച്ച തിരിച്ചടിയായ ഗോൾ പരാഗ് ശ്രീവാസിന്റെ പാസ് ബ്ലാസ്റ്റേഴ്സ് ബോക്സിനുള്ളിൽആളൊഴിഞ്ഞുനിന്ന ആന്ദ്രെ ആൽബയ്ക്ക്. താരത്തിന്റെ വലംകാൽ ഷോട്ട് ബ്ലാസ്റ്റേഴ്സ് പോസ്റ്റിന്റെ ഇടതുമൂലയിൽ തുളച്ചുകയറി. ഗാലറികൾ നിശബ്ദം. സ്കോർ 1–1.

ഹൈദരാബാദ് എഫ്‍സി രണ്ടാം ഗോൾ: വിവാദത്തിന്റെ അകമ്പടിയോടെയായിരുന്നു 70–ാം മിനിറ്റിൽ ഹൈദരാബാദിന്റെ രണ്ടാം ഗോളിന്റെ പിറവി. ഹൈദരാബാദ് താരങ്ങൾ ബ്ലാസ്റ്റേഴ്സ് ബോക്സിലേക്കു നടത്തിയ മുന്നേറ്റത്തിനൊടുവിൽ എഡ്മിൽസന്റെ ഗോൾശ്രമം തടയാൻ ബോക്സിൽ വീണുകിടന്ന ഹോർമിപാമിനെതിരെ റഫറി ഹാൻഡ്ബോൾ വിളിച്ചു. ഹോർമിപാമിന് മഞ്ഞക്കാർഡും ഹൈദരാബാദിന് അനുകൂലമായി പെനൽറ്റിയും. പെനൽറ്റിക്കെതിരെ ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഒത്തൊരുമിച്ചു വാദിച്ചുനോക്കിയെങ്കിലും ഫലമുണ്ടായില്ല. ഹൈദരാബാദിനായി കിക്കെടുത്ത ആന്ദ്രെ ആൽബ അനായാസം ലക്ഷ്യം കണ്ടു. സ്കോർ 2–1. ഗാലറിയിൽ റഫറിക്കെതിരെ കടുത്ത പ്രതിഷേധം.

∙ ‘ബ്ലാസ്റ്റേഴ്സിന്റെ ആദ്യപകുതി’

പൊതുവെ കേരള ബ്ലാസ്റ്റേഴ്സ് ആധിപത്യം പുലർത്തുന്ന കാഴ്ചയായിരുന്നു ആദ്യപകുതിയിൽ. രണ്ടാം മിനിറ്റിൽത്തന്നെ ഗോൾമണമുള്ള ആദ്യ നീക്കവുമായി കേരള ബ്ലാസ്റ്റേഴ്സ് കളംപിടിച്ചു. മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ മുഹമ്മദ് ഐമനിൽനിന്ന് ലഭിച്ച പന്ത് വലതുവിങ്ങിൽനിന്ന് സന്ദീപ് സിങ് പോസ്റ്റിലേക്ക് ഉന്നമിട്ടയച്ചെങ്കിലും പോസ്റ്റിൽത്തട്ടി തെറിച്ചു. അഞ്ചാം മിനിറ്റിൽ ഹൈദരാബാദ് ഡിഫൻഡർമാരെ ഡ്രിബിൾ ചെയ്ത് ഹെസൂസ് ഹിമെനെ ബോക്സിനുള്ളിലൂടെ നൃത്തച്ചുവടുകളുമായി മുന്നേറിയത് ഗാലറികളിൽ തിരയിളക്കം സൃഷ്ടിച്ചെങ്കിലും കളത്തിൽ കാര്യമായ ചലനമുണ്ടാക്കിയില്ല. ഒൻപതാം മിനിറ്റിലാണ് മത്സരത്തിലാദ്യമായി പന്ത് കേരള ബ്ലാസ്റ്റേഴ്സ് ബോക്സിലേക്ക് എത്തിത്. പക്ഷേ, അപകടമൊന്നും സൃഷ്ടിച്ചില്ലെന്നു മാത്രം.

jiminez
ഗോൾ നേട്ടം ആഘോഷിക്കുന്ന ഹെസൂസ് ഹിമെനെ. Photo: X@KBFC

13–ാം മിനിറ്റിൽ പിറന്ന ഗോളിനു പിന്നാലെ, സമനിലയ്ക്കായുള്ള ശ്രമം ഹൈദരാബാദ് ഊർജിതമാക്കിയതോടെ, ബ്ലാസ്റ്റേഴ്സ് ബോക്സിലേക്കും പന്തെത്തിത്തുടങ്ങഇ. 18–ാം മിനിറ്റിൽ കേരള ബോക്സിനു സമീപം ഹൈദരാബാദിനു ലഭിച്ച ത്രോയിൽനിന്ന് പന്ത് ഗോൾ ലക്ഷ്യമിട്ടെത്തിയെങ്കിലും ഗോൾകീപ്പർ സോംകുമാറിന്റെ അവസരോചിത ഇടപെടൽ അപകടമൊഴിവാക്കി. 21–ാം മിനിറ്റിൽ ഹൈദരാബാദിനു ലഭിച്ച ഫ്രീകിക്കും ബ്ലാസ്റ്റേഴ്സ് ബോക്സിനുള്ളിൽ ഗോൾഭീഷണി സൃഷ്ടിച്ചെങ്കിലും, ഹൈദരാബാദ് താരങ്ങളുടെ ഒത്തിണക്കമില്ലായ്മ സഹായകമായി. 23–ാം മിനിറ്റിൽ ഗാലറികളിൽ ആരവം സൃഷ്ടിച്ച് ഹെസൂസ് ഹിമെനെ സുന്ദരമായൊരു ഫിനിഷിലൂടെ ലക്ഷ്യം കണ്ടെങ്കിലും, അത് ഓഫ്സൈഡായി. 30–ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഇടതുവിങ്ങ് കേന്ദ്രീകരിച്ച് നടത്തിയൊരു മുന്നേറ്റത്തിനൊടുവിൽ ബോക്സിന്റെ വിളുമ്പിൽനിന്നും അഡ്രിയാൻ ലൂണയെടുത്ത ഷോട്ട് ഹൈദരാബാദ് ഡിഫൻഡറുടെ കയ്യിൽത്തട്ടിയെങ്കിലും റഫറി വിധിച്ചത് കോർണർ. അർഹിച്ച പെനൽറ്റിക്കായി വാദിച്ചിട്ടും വിഫലമായതോടെ ലൂണ ബോക്സിൽ കുമ്പിട്ടിരുന്നാണ് നിരാശ തീർത്തത്.‌

ഇതിനിടെ 33–ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് പരിശീലകൻ മുഹമ്മദ് ഐമനെ പിൻവലിച്ച് ഫ്രഡ്ഡിയെ കളത്തിലിറക്കി. 36–ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് വീണ്ടും ഗോളിന്റെ വക്കിലെത്തിയതാണ്. ഇടതുവിങ്ങിൽ കോറു സിങ്ങും അഡ്രിയൻ ലൂണയും സുന്ദരമായ പാസിങ്ങിലൂടെ ബോക്സിനുള്ളിലേക്കെത്തിച്ച പന്ത് കോറു സിങ് ബോക്സിനു സമാന്തരമായി ഉയർത്തി നൽകിയെങ്കിലും, ഹെസൂസ് ഹിമെനെയ്ക്ക് പന്തിനു തലവയ്ക്കാനായില്ല. ഒന്നു തൊട്ടുകൊടുത്താൽ ഗോളിലേക്കെത്തേണ്ടിയിരുന്ന പന്ത് പുറത്തേക്ക് പോകുന്നത് കണ്ട് ഗാലറിയിൽ ആരാധകർ തലയിൽ കൈവച്ചു. തൊട്ടുപിന്നാലെ വീണ്ടും ബ്ലാസ്റ്റേഴ്സ് മുന്നേറ്റം. നവോച്ച സിങ് ഹൈദരാബാദ് പ്രതിരോധം പിളർത്തി ബോക്സിനുള്ളിലേക്ക് നൽകിയ പാസ് ലൂണയ്ക്ക് എത്തിപ്പിടിക്കാനാകാതെ പോയത് വിനയായി. ഇതിനു പിന്നാലെയായിരുന്നു ഹൈദരാബാദിന്റെ സമനില ഗോൾ.

∙ രണ്ടാം പകുതി, ഒപ്പത്തിനൊപ്പം

ആരാധകർക്ക് ആവേശം സമ്മാനിച്ച് അലക്സാന്ദ്രെ കോയെഫിനു പകരം നോഹ സദൂയിയെ കളത്തിലിറക്കിയാണ് ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിക്കു തുടക്കമിട്ടത്. ഹൈദരാബാദ് നിരയിൽ രണ്ടു മാറ്റങ്ങളുണ്ടായിരുന്നു. മലയാളി താരം അഭിജിത്തിനു പകരം എഡ്മിലൻസൻ കൊറെയയും വാൻമാൽസാവ്‌മയ്ക്കു പകരം ലെനി റോഡ്രിഗസും കളത്തിലിറങ്ങി. ആദ്യപകുതിയെ അപേക്ഷിച്ച് ചടുലമായ നീക്കങ്ങളുമായി ഹൈദരാബാദും ഒപ്പത്തിനൊപ്പം നിൽക്കുന്ന കാഴ്ചയായിരുന്നു ആദ്യ പകുതിയുടെ തുടക്കം മുതൽ. പകരക്കാരനായി എത്തിയ എഡ്മിൽസൻ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിനു തുടർച്ചയായി തലവേദന സൃഷ്ടിച്ചു. 52–ാം മിനിറ്റിൽ എഡ്മിൽസന്റെ ഗോൾശ്രമം ഗോൾകീപ്പർ സോംകുമാർ പാടുപെട്ടാണ് തടുത്തിട്ടത്.

ഇതിനിടെ കോറു സിങ്ങിനെ പിൻവലിച്ച് ബ്ലാസ്റ്റേഴ്സ് പരിശീലകൻ മലയാളി താരം കെ.പി. രാഹുലിനെയും കളത്തിലിറക്കി. ഇടതുവിങ്ങിൽ നോഹ സദൂയിയുടെ മുന്നേറ്റങ്ങൾ ഗാലറിയിൽ ആവേശം വിതറിയെങ്കിലും ഹൈദരാബാദ് പ്രതിരോധം ഉറച്ചുനിന്ന് പലപ്പോഴും അപകടം ഒഴിവാക്കി. സദൂയിയുടെ തികവാർന്ന ക്രോസുകൾ പലകുറി ഹൈദരാബാദ് ബോക്സിലേക്ക് എത്തിയെങ്കിലും തലവയ്ക്കാൻ ആളില്ലാതെ പോയത്നിർഭാഗ്യമായി. 65–ാം മിനിറ്റിൽ വിങ്ങിലൂടെ മുന്നോട്ടുകയറിയെത്തിയ നോഹ സദൂയിയുടെ ബുള്ളറ്റ് ഷോട്ട് നേരിയ വ്യത്യാസത്തിനാണ് ക്രോസ്‌ബാറിനു മുകളിലൂടെ പറന്നത്.

noah
ബ്ലാസ്റ്റേഴ്സ്– ഹൈദരാബാദ് മത്സരത്തിൽനിന്ന്. Photo: X@KBFC

70–ാം മിനിറ്റിൽ വിവാദച്ചുവയുള്ള പെനൽറ്റിയിൽനിന്ന് ഹൈദരാബാദ് ലീഡ് നേടിയതിനു പിന്നാലെ കേരള ബ്ലാസ്റ്റേഴ്സ് സമനില ഗോളിനായുള്ള സമ്മർദ്ദം ശക്തമാക്കി. ഇതിനിടെ നോഹ സദൂയിയുടെ ക്രോസിന് ബൈസിക്കിൾ കിക്കിലൂടെ ഗോളിലേക്കു വഴികാട്ടാനുള്ള ഹെസൂസ് ഹിമെനെയുടെ ശ്രമം വിഫലമായി. 77–ാം മിനിറ്റിൽ  ബ്ലാസ്റ്റേഴ്സിന്റെ വക വീണ്ടും രണ്ട് സബ്സ്റ്റിറ്റ്യൂഷൻ. സന്ദീപ് സിങ്ങിന് പകരം മലയാളി താരം മുഹമ്മദ് സഹീഫും ഹോർമിപാമിനു പകരം പ്രീതം കോട്ടാലും കളത്തിലിറങ്ങി. 79–ാം മിനിറ്റിൽ ഗാലറികളിൽ ആവേശം നിറച്ച് ഹൈദരാബാദ് ബോക്സിനുള്ളിൽനിന്ന് സഹീഫ് പായിച്ച ബുള്ളറ്റ് ഷോട്ട് ഹൈദരാബാദ് പ്രതിരോധത്തിൽത്തട്ടി തെറിച്ചു.

81–ാം മിനിറ്റിൽ അബ്ദുൽ റബീഹിന്റെ ഷോട്ട് ഗോളിയെ മറികടന്നെങ്കിലും പോസ്റ്റിൽത്തട്ടി തെറിച്ചത് ബ്ലാസ്റ്റേഴ്സിന്റെ ഭാഗ്യമായി. 84–ാം മിനിറ്റിൽ ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കെ റബീഹിന്റെ ഷോട്ട് അവിശ്വസനീയമാംവിധം പുറത്തുപോയത് മറ്റൊരു ഭാഗ്യനിമിഷമായി. ഇതിനിടെ ബ്ലാസ്റ്റേഴ്സ് സമനില ഗോൾ കണ്ടെത്താനുള്ള തീവ്രശ്രമത്തിലായിരുന്നു. ഇൻജറി ടൈമിൽ ബോക്സിലേക്കെത്തിയ പന്തിന് ബുള്ളറ്റ് ഹെഡറിലൂടെ വലയിലേക്ക് വഴികാട്ടാനുള്ള രാഹുലിന്റെ ശ്രമം നേരിയ വ്യത്യാസത്തിൽ പുറത്തുപോയി. അവസാന നിമിഷം ലഭിച്ച കോർണറും ഗോളിലേക്കെത്താതെ പോയതോടെ ബ്ലാസ്റ്റേഴ്സിന് സീസണിലെ നാലാം തോൽവിയോടെ മടക്കം.

English Summary:

Kerala Blasters FC Vs Hyderabad FC, Indian Super League 2024-25 Match- Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com