സജൻ പ്രകാശ് പൊലീസിൽ ചേർന്നു; സ്പെഷൽ ആംഡ് പൊലീസിൽ ഇൻസ്പെക്ടർ
Mail This Article
ലോക പൊലീസ് മീറ്റിനു പുറപ്പെടുന്നതിനു തലേന്ന് രാജ്യാന്തര നീന്തൽ താരം സജൻ പ്രകാശ് കേരള പൊലീസിൽ ഔദ്യോഗിക അംഗമായി. 3 മാസത്തെ പരിശീലനം പൂർത്തിയാക്കിയ സജൻ സ്പെഷൽ ആംഡ് പൊലീസിൽ ഇൻസ്പെക്ടറായി ഇന്നലെ സർവീസിൽ പ്രവേശിച്ചു. പൊലീസ് മീറ്റിൽ പങ്കെടുക്കാൻ സജൻ ഇന്നു ചൈനയിലേക്കു തിരിക്കും. ഈ മാസം 8 മുതൽ 18 വരെയാണ് ചാംപ്യൻഷിപ്.
പരിശീലനം പൂർത്തിയാക്കി ജോലിയിൽ പ്രവേശിച്ചവർക്കേ ലോക പൊലീസ് ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ കഴിയൂവെന്നു നിബന്ധനയുണ്ട്. തുടർന്നാണ് സജന്റെ സർവീസ് പ്രവേശനം ഇന്നലെ തിടുക്കത്തിൽ പൂർത്തിയാക്കിയത്. പൊലീസ് ആസ്ഥാനത്തു നടന്ന ചടങ്ങിൽ ഡിജിപി ലോക്നാഥ് ബെഹ്റ ഔദ്യോഗിക മുദ്രകൾ അണിയിച്ചു. തുടർന്നു വൈകിട്ട് പൊലീസ് ട്രെയിനിങ് കോളജിലെത്തി ചുമതലയേറ്റെടുത്തു.
ദക്ഷിണ കൊറിയയിൽ കഴിഞ്ഞ ദിവസം സമാപിച്ച ലോക നീന്തൽ ചാംപ്യൻഷിപ്പിൽ പങ്കെടുത്ത ശേഷമാണു സജൻ പ്രകാശ് തിരുവനന്തപുരത്ത് എത്തിയത്. 2015 ദേശീയ ഗെയിംസിലെ മികച്ച പ്രകടനത്തിന് കേരളം ഗസറ്റഡ് റാങ്കിൽ ജോലി നൽകിയ 4 കായിക താരങ്ങളിൽ ഒരാളാണ് സജൻ പ്രകാശ്.
നേരത്തെ കേരള പൊലീസിൽ പ്രവേശിച്ച ഷൂട്ടിങ് താരം എലിസബത്ത് സൂസൻ കോശി എറണാകുളം കെഎപി ഒന്നാം ബറ്റാലിയനിൽ ഇൻസ്പെക്ടറാണ്. ഈ വർഷത്തെ ദേശീയ പൊലീസ് മീറ്റിൽ റെക്കോർഡോടെ 5 സ്വർണം നേടിയ സജൻ ലോക മീറ്റിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയാണ്.