ടോക്കിയോ ഒളിംപിക്സിൽ വിദേശ കാണികൾക്കു വിലക്ക്
Mail This Article
ടോക്കിയോ ∙ കോവിഡ് ഉയർത്തുന്ന വെല്ലുവിളിയിൽ ഉലഞ്ഞ് വീണ്ടും ടോക്കിയോ ഒളിംപിക്സ്. ജൂലൈ 23നു തുടങ്ങേണ്ട ഒളിംപിക്സിലേക്കു വിദേശ കാണികളെ പ്രവേശിപ്പിക്കേണ്ടെന്നു സംഘാടക സമിതി ഔദ്യോഗികമായി തീരുമാനിച്ചു.
വിദേശത്തുനിന്നുള്ള കാണികൾക്കു പ്രവേശനമുണ്ടാകില്ലെന്നു ജപ്പാനിലെ മാധ്യമങ്ങൾ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും സംഘാടക സമിതിയുടെ തീരുമാനമുണ്ടാകുന്നത് ഇപ്പോഴാണ്.
ഒളിംപിക്സിൽ പങ്കെടുക്കുന്ന അത്‍ലീറ്റുകളുടെയും ജപ്പാനിലെ ജനങ്ങളുടെയും സുരക്ഷയെക്കരുതിയാണു തീരുമാനമെന്നു രാജ്യാന്തര ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാക്കും ടോക്കിയോ ഗവർണർ യൂറികോ കൊയ്കെയും പറഞ്ഞു. ഓഗസ്റ്റ് 24നു തുടങ്ങേണ്ട പാരാലിംപിക്സിലേക്കും വിദേശ കാണികൾക്കു പ്രവേശനമുണ്ടാകില്ല.
ഇതിനോടകം ടിക്കറ്റ് സ്വന്തമാക്കിയവർക്കു തുക മടക്കി നൽകുമെന്നും സംഘാടക സമിതി അറിയിച്ചു. ഒളിംപിക്സ് ടിക്കറ്റ് സ്വന്തമാക്കിയ 6 ലക്ഷം വിദേശികൾക്കു തുക മടക്കിക്കിട്ടും.