സ്റ്റേഡിയത്തിലെത്തിയത് സംഘർഷം തടയാൻ: പുതിയ അവകാശവാദവുമായി സുശീൽ
Mail This Article
ന്യൂഡൽഹി∙ ഗുസ്തി ദേശീയ ജൂനിയർ ചാംപ്യനായിരുന്ന സാഗർ ധൻകഡിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പുതിയ അവകാശവാദവുമായി പൊലീസ് കസ്റ്റഡിയിലുള്ള ഒളിംപിക് മെഡൽ ജേതാവ് സുശീൽ കുമാർ. ഛത്രസാൽ സ്റ്റേഡിയത്തിൽ സംഘർഷം നടക്കുന്ന വിവരമറിഞ്ഞ് ഇരു കൂട്ടരെയും പിന്തിരിപ്പിക്കാനാണ് താൻ സ്ഥലത്തെത്തിയതെന്ന് സുശീൽ കുമാർ കേസ് അന്വേഷിക്കുന്ന ഡൽഹി പൊലീസിലെ ക്രൈം ബ്രാഞ്ച് സംഘത്തോട് വെളിപ്പെടുത്തി. ഇരു കൂട്ടരെയും ശാന്തരാക്കിയശേഷം വീട്ടിലെത്തി കിടന്നുറങ്ങിയതായും സുശീൽ കുമാർ വെളിപ്പെടുത്തി.
സുശീൽ കുമാറിനെ ആറു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടതിനു പിന്നാലെ, കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം താരത്തെ സംഭവം നടന്ന ഛത്രസാൽ സ്റ്റേഡിയത്തിലെത്തിച്ച് തെളിവെടുപ്പു നടത്തിയിരുന്നു. ചൊവ്വാഴ്ച പുലർച്ചെ നാലു മണിയോടെയാണ് സുശീലിനെയും ഒപ്പം പിടിയിലായ കൂട്ടാളി അജയ് കുമാറിനെയും പൊലീസ് സ്റ്റേഡിയത്തിലെത്തിച്ചത്. തുടർന്ന് അന്വേഷണത്തിന്റെ ഭാഗമായി അന്നു നടന്ന സംഘർഷം പൊലീസ് ഇവിടെ പുനഃസൃഷ്ടിക്കുകയും ചെയ്തു. ഇതിനിടെയാണ് തമ്മിലടിച്ചവരെ പിടിച്ചുമാറ്റുന്നതിനാണ് അവിടെ എത്തിയതെന്ന സുശീൽ കുമാറിന്റെ മൊഴി.
ഇതിനിടെ, ഡൽഹിയിലെ മോഡൽ ടൗൺ പൊലീസ് സ്റ്റേഷനിൽ റിമാൻഡിൽ കഴിയുന്ന താരത്തെ, ലോക്കപ്പിലടച്ചതു മുതൽ പൊട്ടിക്കരയുകയാണെന്നും പൊലീസ് വൃത്തങ്ങൾ വെളിപ്പെടുത്തി. രാത്രി മുഴുവൻ സുശീൽ കുമാർ ലോക്കപ്പിൽ ഉറങ്ങാതെയിരുന്നു. ഭക്ഷണം നൽകിയെങ്കിലും അതും സ്വീകരിക്കാൻ കൂട്ടാക്കിയില്ലെന്ന് പൊലീസ് വ്യക്തമാക്കി. രാത്രിയിൽ ഇടയ്ക്കിടെ ഉച്ചത്തിൽ കരഞ്ഞതായും പൊലീസ് വെളിപ്പെടുത്തി.
മേയ് നാലിന് സംഭവം നടന്നതിനു പിന്നാലെ ഒളിവിൽ പോയ സുശീലിനെ കഴിഞ്ഞ ദിവസം പഞ്ചാബിലെ ജലന്തറിൽനിന്നാണ് അറസ്റ്റ് ചെയ്തത്. ഡൽഹിയിലെ ഛത്രസാൽ സ്റ്റേഡിയത്തിനു സമീപം മേയ് 4ന് രാത്രി സുശീലും സുഹൃത്തുക്കളും ചേർന്ന് മർദ്ദിക്കുന്നതിനിടെയാണ് ജൂനിയർ താരം സാഗർ ധൻകഡ് മരിച്ചതെന്നാണ് കേസ്. സുശീലിനൊപ്പം കൂട്ടാളി അജയ് കുമാറും ജലന്തറിൽവച്ച് പിടിയിലായിരുന്നു.
English Summary: Sushil Kumar Claims he Went Chhatrasal Stadium to Stop Brawl: Report