ADVERTISEMENT

ന്യൂഡൽഹി∙  ഗുസ്തിയിൽ ദേശീയ ജൂനിയർ ചാംപ്യനായിരുന്ന സാഗർ ധൻകഡിനെ മർദ്ദിച്ചത് ഭയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ മാത്രമാണെന്നും, കൊലപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും കേസിൽ അറസ്റ്റിലായ ഒളിംപിക് മെഡൽ ജേതാവ് സുശീൽ കുമാർ. നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ള സുശീൽ കുമാറിനെ കഴിഞ്ഞ ദിവസം പൊലീസ് സംഘം തുടർച്ചയായി നാലു മണിക്കൂർ ചോദ്യം ചെയ്തിരുന്നു. അപ്പോഴാണ് യുവതാരത്തെ കൊലപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് സുശീൽ മൊഴി നൽകിയത്.

ഡൽഹിയിലെ മോഡൽ ടൗൺ പൊലീസ് സ്റ്റേഷനിൽ റിമാൻഡിൽ കഴിയുന്ന താരത്തെ, ലോക്കപ്പിലടച്ചതു മുതൽ പൊട്ടിക്കരയുകയാണെന്നും പൊലീസ് വൃത്തങ്ങൾ വെളിപ്പെടുത്തി. രാത്രി മുഴുവൻ സുശീൽ കുമാർ ലോക്കപ്പിൽ ഉറങ്ങാതെയിരുന്നു. ഭക്ഷണം നൽകിയെങ്കിലും അതും സ്വീകരിക്കാൻ കൂട്ടാക്കിയില്ലെന്ന് പൊലീസ് വ്യക്തമാക്കി. രാത്രിയിൽ ഇടയ്ക്കിടെ ഉച്ചത്തിൽ കരഞ്ഞതായും പൊലീസ് വെളിപ്പെടുത്തി.

പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോഴാണ് സാഗറിനെ മർദ്ദിച്ചത് ഭയപ്പെടുത്താൻ മാത്രമാണ് സുശീൽ കുമാർ വെളിപ്പെടുത്തിയത്. എന്നാൽ, കൂട്ടം ചേർന്നുള്ള സംഘർഷത്തിനിടെ സാഗർ ധൻകഡ് കൊല്ലപ്പെടുകയായിരുന്നു. സംഘർഷത്തിനു ശേഷവും ഛത്രസാൽ സ്റ്റേഡിയം പരിസരത്ത് തുടർന്ന സുശീൽ കുമാർ, സാഗർ ധൻകഡ് കൊല്ലപ്പെട്ട വിവരമറിഞ്ഞതോടെ അവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു.

സാഗറിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി എല്ലായിടത്തും വൈറലാക്കാൻ സുശീൽ കുമാർ നിർദ്ദേശിച്ചിരുന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനായി തന്റെ സഹായിയായ പ്രിൻസ് എന്നയാളെ സുശീൽ നിയോഗിച്ചിരുന്നു. തനിക്കെതിരെ ഇനിയാരും ശബ്ദമുയർത്താതിരിക്കുന്നതിനാണ് സാഗറിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ എല്ലായിടത്തും പ്രചരിപ്പിക്കാൻ സുശീൽ കുമാർ നിർദ്ദേശിച്ചത്.

സാഗർ ധൻകടിന്റെ കൊലപാതകത്തിൽ കലാശിച്ച തർക്കത്തിനു കാരണം റിയൽ എസ്റ്റേറ്റ് ബിസിനസുമായി ബന്ധപ്പെട്ട് ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള തർക്കമാണെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്. സുശീലിനൊപ്പമുണ്ടായിരുന്നവരിൽ ചിലർ ഇപ്പോൾ ജയിലിലുള്ള ഒരു അധോലോക നേതാവിന്റെ കൂട്ടത്തിലുള്ളവരായിരുന്നുവെന്ന് പൊലീസ് പറയുന്നു.

അതിനിടെ, കൊലപാതക കേസിൽ അറസ്റ്റിലായ സുശീൽ കുമാറിനെ റെയിൽവേ സസ്പെൻഡ് ചെയ്യുമെന്ന് ഉറപ്പായിട്ടുണ്ട്. ഉത്തര റെയിൽവേയിൽ സീനിയർ കൊമേഴ്സ്യൽ മാനേജരായ സുശീൽ ഡപ്യൂട്ടേഷനിൽ ഡൽഹി സർക്കാരിന്റെ സ്പെഷൽ സ്പോർട്സ് ഓഫിസറായി പ്രവർത്തിച്ചുവരികയായിരുന്നു. കൊലപാതകം നടന്ന ഛത്രസാൽ സ്റ്റേഡിയത്തിൽ തന്നെയാണ് സുശീലിന്റെ ഓഫിസും.സുശീലിനെതിരെ ക്രിമിനൽ കേസ് റജിസ്റ്റർ ചെയ്തത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും സസ്പെൻഷൻ സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കുമെന്നും റെയിൽവേ വക്താവ് പറഞ്ഞു.

English Summary: Sushil Kumar cried in lock-up, was up all night: Police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com