ടോക്കിയോ ഒളിംപിക്സിന് ഏഴു നാൾ; ഇന്ത്യയുടെ ഒളിംപിക് ഹീറോ ജയിലിൽത്തന്നെ!
Mail This Article
ന്യൂഡൽഹി∙ ‘തൊടുത്തു വിട്ട അസ്ത്രംപോലെ ലക്ഷ്യത്തിൽ തറയ്ക്കാ’നാണ് ഇന്ത്യയുടെ ഇത്തവണത്തെ ഒളിംപിക് തീം സോങ് ആഹ്വാനം ചെയ്യുന്നത്. മോഹിത് ചൗഹാൻ പാടിയ ഗാനത്തിന്റെ വിഡിയോയിൽ ഇത്തവണത്തെ മെഡൽ പ്രതീക്ഷകളായ താരങ്ങൾ, ഇതുവരെ മെഡൽ നേടിയവർ തുടങ്ങിയവരൊക്കെ പ്രത്യക്ഷപ്പെടുന്നുണ്ട്. പക്ഷേ, അതിൽ അസാന്നിധ്യം കൊണ്ടു ശ്രദ്ധേയനാവുന്ന ഒരാളുണ്ട് – ഇന്ത്യയ്ക്കു വേണ്ടി 2 വ്യക്തിഗത ഒളിംപിക് മെഡലുകൾ നേടിയ ഗുസ്തിതാരം സുശീൽകുമാർ! ആ നേട്ടമുള്ള ഒരു കായികതാരവും ഇന്ന് ഇന്ത്യയിലില്ല.
ജൂനിയർ ഗുസ്തി താരത്തിന്റെ കൊലപാതകക്കേസിൽ പ്രതി ചേർക്കപ്പെട്ടു തിഹാർ ജയിലിൽ തടവിലായ സുശീലിനെ വിഡിയോയിൽനിന്ന് ഒഴിവാക്കാൻ കായിക മന്ത്രാലയം തീരുമാനിക്കുകയായിരുന്നു. ഡൽഹിയിലെ റിയൽ എസ്റ്റേറ്റ് മാഫിയയുടെ ഭീഷണിയുണ്ടെന്നതിനാൽ തിഹാർ ജയിലിൽ പ്രത്യേക സെല്ലിൽ കിടക്കുന്ന സുശീലാകട്ടെ ഗുസ്തി പരിശീലനം തുടരാൻ സൗകര്യങ്ങളാവശ്യപ്പെട്ടു കോടതിയെ സമീപിച്ചിരിക്കുകയുമാണ്. ഒരിക്കൽക്കൂടി ഇന്ത്യയുടെ ഒളിംപിക് മെഡൽ മോഹങ്ങൾ പൂത്തുലഞ്ഞു നിൽക്കുമ്പോൾ 2 തവണ അതു സാധ്യമാക്കിയ ഇതിഹാസതാരം ഗുസ്തി മത്സരങ്ങൾ ടിവിയിലെങ്കിലും കാണാൻ അവസരം തരണമെന്നും അപേക്ഷിച്ചിരിക്കുകയാണ്.
സുശീലിന്റെയും ഇന്ത്യയുടെ മറ്റനേകം ഗുസ്തിതാരങ്ങളുടെയും തട്ടകമായ ഛത്രസാൽ സ്റ്റേഡിയം വളപ്പിൽ മേയ് നാലിനു സാഗർ ധൻകഡ് എന്ന ജൂനിയർ ഗുസ്തിതാരം കൊല്ലപ്പെട്ടതാണു സുശീലിന്റെ കരിയറിനും ജീവിതത്തിനും മേൽ കളങ്കം വീഴ്ത്തിയത്. സുശീലിന്റെ ഫ്ലാറ്റിൽ താമസിച്ചിരുന്ന സാഗറിനെയും കൂട്ടരെയും ഒഴിപ്പിക്കാനുള്ള ശ്രമമാണു മരണത്തിന് ഇടയാക്കിയതെന്നാണു പൊലീസ് കേസ്. ഒളിവിൽ പോയ സുശീലിനെ പിടികൂടുന്നതിനിടെ താരത്തിന്റെ സൽപേരിനു കളങ്കം വരുത്തുന്ന ഒട്ടേറെ കഥകൾ ഡൽഹി പൊലീസ് പുറത്തുവിട്ടിരുന്നു.
സാഗറിനെ മർദിച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്നെന്നും കൊലപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നുമാണു സുശീലിന്റെ വാദം. ഡൽഹിയിലെയും ഹരിയാനയിലെയും റിയൽ എസ്റ്റേറ്റ് മേഖല നിയന്ത്രിക്കുന്ന അധോലോക സംഘങ്ങളും ഗുസ്തിതാരങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ പല കഥകളുമാണു സുശീലിന്റെ അറസ്റ്റോടെ പുറത്തു വന്നത്.
ഗുസ്തിയെക്കുറിച്ചുള്ള വിവരങ്ങളറിയാൻ സെല്ലിൽ ടിവി വേണമെന്നു സുശീൽ കോടതിക്ക് അപേക്ഷ നൽകിയിട്ടുണ്ട്. നേരത്തേ, ജയിലിൽ ഡംബെൽസ്, എക്സർസൈസ് ബാൻഡുകൾ, പോഷകാഹാരം, ഒമേഗ 3 ക്യാപ്സ്യൂളുകൾ, വൈറ്റമിൻ ഗുളികകൾ തുടങ്ങിയവ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു താരം അപേക്ഷ നൽകിയിരുന്നെങ്കിലും കോടതി തള്ളി.
സുശീലിന്റെ സുഹൃത്തും പിന്നീടു ശത്രുപക്ഷത്തെത്തുകയും ചെയ്ത ബജ്‌രംഗ് പുനിയയാണ് ഗുസ്തിയിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളിലൊരാൾ. ടോക്കിയോയിൽ ഒളിംപിക് വേദിയിൽ ഇന്ത്യൻ പതാക ഉയരുന്ന സന്ദർഭങ്ങളിൽ നാലു ചുമരുകൾക്കുള്ളിലിരുന്ന് അതു കാണാൻ സുശീലിനു യോഗമുണ്ടാകുമോയെന്നു കണ്ടറിയണം.
English Summary: Sports Ministry ignored Sushil Kumar facing murder charges, not included in Olympic anthem