ഹച്ചിക്കോ എന്ന ജാപ്പനീസ് ഹീറോ
Mail This Article
ഐക്യരാഷ്ട്ര സംഘടനയുടെ തപാൽ അഡ്മിനിസ്ട്രേഷൻ (യുഎൻപിഎ), രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുമായി ചേർന്ന് 21 സമാധാന സ്റ്റാംപുകളാണു പുറത്തിറക്കിയത്. ആറു സ്റ്റാംപുകൾ ചേർത്തുവച്ച ഓരോ താളിന്റെയും അതിരുകളിൽ ഒളിംപിക്സ് വളയങ്ങൾ, ടോക്കിയോയിലെ റെയിൻബോ ബ്രിജ്, മൗണ്ട് ഫുജി, ടോക്കിയോ ടവർ, സ്കൈട്രീ, ബുള്ളറ്റ് ട്രെയിൻ, ദീപശിഖയേന്തിയ കായിക താരങ്ങൾ എന്നിവരെക്കൂടാതെ ഒരു നായയുടെ പ്രതിമയുമുണ്ട്. ഈ പ്രതിമ ജപ്പാൻകാരുടെ ഹൃദയം കവർന്ന ഒരു ദേശീയ നായകന്റെയാണ് – പേര് ഹച്ചിക്കോ!
ലോകത്തിലേറ്റവും തിരക്കുപിടിച്ച കവലയായ സെൻട്രൽ ടോക്കിയോയിലെ ഷിബുയ റെയിൽവേ സ്റ്റേഷന്റെ പ്രവേശന കവാടത്തിന്റെ പേരുതന്നെ ഹച്ചിക്കോ എന്നാണ്. ഒപ്പം ഹച്ചിക്കോയുടെ ഒരു വെങ്കലപ്രതിമയും.
ടോക്കിയോ യൂണിവേഴ്സിറ്റിയിൽ പ്രഫസറായിരുന്ന ഹിദേസബുറോ ഉഎനോയായിരുന്നു ഹച്ചിക്കോയുടെ യജമാനൻ. എല്ലാദിവസവും ട്രെയിൻ സ്റ്റേഷനിൽ പ്രഫസറെ യാത്രയാക്കാനും സ്വീകരിക്കാനും ഹച്ചിക്കോ പോയിത്തുടങ്ങി. 1925 മേയ് 21 ന്, അന്നു രണ്ടു വയസ്സുള്ള ഹച്ചിക്കോ സാധാരണ പോലെ ഷിബുയ ട്രെയിൻ സ്റ്റേഷനു പുറത്തു തന്റെ യജമാനനെ കാത്തിരുന്നു. പക്ഷേ, അദ്ദേഹം തിരിച്ചുവന്നില്ല. ക്ലാസെടുത്തുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി സംഭവിച്ച പക്ഷാഘാതത്തിൽ അദ്ദേഹം മരണമടഞ്ഞു. എന്നാൽ, ഹച്ചിക്കോ പിന്നീടുള്ള തന്റെ 10 വർഷത്തെ ജീവിതകാലം മുഴുവൻ ആ സ്റ്റേഷനു മുന്നിൽ യജമാനനായി കാത്തിരിപ്പു തുടർന്നു.
1932ൽ ഹച്ചിക്കോയുടെ കഥ അസാഹി ഷിംബുൻ എന്ന പത്രം പ്രസിദ്ധീകരിച്ചു. അങ്ങനെ ഹച്ചിക്കോ ജപ്പാനിലുടനീളം ഒരു സെലിബ്രിറ്റിയായി മാറി. 1935 മാർച്ച് 8ന് മരണം ഹച്ചിക്കോയുടെ കാത്തിരിപ്പ് അവസാനിപ്പിച്ചു.
ഹച്ചിക്കോയുടെ വെങ്കല പ്രതിമ ടോക്കിയോയിലെ പ്രധാന ആകർഷണമാണ്. ഒളിംപിക് സ്റ്റാംപുകളിലൂടെ ഹച്ചിക്കോയെ ലോകം കാണും, ഈ കഥയോർക്കും.
English Summary: Hachiko; Japanese here