പാരാലിംപിക്സിൽ കൈനിറയെ മെഡൽ ഇരട്ട സ്വർണം
Mail This Article
ടോക്കിയോ ∙ കാതു നിറയെ ദേശീയ ഗാനം, കൺനിറയെ ദേശീയ പതാക, കൈ നിറയെ മെഡലുകൾ – ടോക്കിയോ പാരാലിംപിക്സിൽ ഇന്ത്യയ്ക്ക് ഇന്നലെ 2 സ്വർണം, ഒരു വെളളി, ഒരു വെങ്കലം. പുരുഷ ഷൂട്ടിങ്ങിൽ മനീഷ് നർവാലും പുരുഷ ബാഡ്മിന്റനിൽ പ്രമോദ് ഭഗതുമാണ് സ്വർണം നേടിയത്.
ഷൂട്ടിങിലെ 50 മീറ്റർ മിക്സ്ഡ് പിസ്റ്റൾ ഇനത്തിലെ എസ്എച്ച് 1 വിഭാഗത്തിൽ ഗെയിംസ് റെക്കോർഡോടെയാണ് പത്തൊൻപതുകാരനായ മനീഷ് നർവാലിന്റെ സ്വർണം. ലോക റെക്കോർഡും ഹരിയാന ബല്ലഭ്ഗഡ് സ്വദേശിയായ നർവാലിന്റെ പേരിലാണ്. ഈയിനത്തിൽ ഹരിയാനയിലെ തന്നെ ഫരീദാബാദ് സ്വദേശിയായ സിങ്‌രാജ് അദാന വെളളി നേടി. മുപ്പത്തിയൊൻപതുകാരനായ അദാനയുടെ ടോക്കിയോയിലെ രണ്ടാം മെഡലാണിത്. നേരത്തേ 10 മീറ്റർ എയർ പിസ്റ്റളിൽ വെങ്കലം നേടിയിരുന്നു.
പാരാലിംപിക്സിൽ ആദ്യമായി ഉൾപ്പെടുത്തിയ ബാഡ്മിന്റനിൽ എസ്എൽ 3 വിഭാഗം ഫൈനലിൽ ബ്രിട്ടന്റെ ഡാനിയേൽ ബെതെലിനെയാണ് ഒഡീഷ ഭുവനേശ്വർ സ്വദേശി പ്രമോദ് ഭഗത് തോൽപിച്ചത് (21–14, 21–17). ലോക ഒന്നാം നമ്പറും ലോക ചാംപ്യനുമാണ് മുപ്പത്തിമൂന്നുകാരനായ ഭഗത്. ഇതേയിനത്തിലെ മൂന്നാം സ്ഥാന പ്ലേ ഓഫിൽ ജപ്പാന്റെ ദെയ്സുകെ ഫ്യുജിഹാരയെ തോൽപിച്ചാണ് ഉത്തരാഖണ്ഡ് രുദ്രാപുർ സ്വദേശി മനോജ് സർക്കാരിന്റെ (31) വെങ്കലനേട്ടം. സ്കോർ: 22–20, 21–13. ഭഗത്തിന് ഇന്ന് മിക്സ്ഡ് ഡബിൾസിൽ വെങ്കല മെഡൽ മത്സരവുമുണ്ട്. പുരുഷ ബാഡ്മിന്റൻ സിംഗിൾസിൽ മറ്റു വിഭാഗങ്ങളിൽ സുഹാസ് യതിരാജ്, കൃഷ്ണ നാഗർ എന്നിവർ ഫൈനലിലെത്തി വെള്ളി ഉറപ്പിച്ചു. ഇരുവരും ജയിച്ചാൽ കാത്തിരിക്കുന്നതും സ്വർണം. തരുൺ ധില്ലനു വെങ്കല മെഡൽ മത്സരവുമുണ്ട്. ഐഎഎസ് ഓഫിസറായ സുഹാസ്, യുപിയിലെ ഗൗതം ബുദ്ധ് നഗറിൽ ജില്ലാ മജിസ്ട്രേട്ടാണ്.
ആകെ 17 മെഡൽ
ഗെയിസ് ഇന്നു സമാപിക്കാനിരിക്കെ ആകെ 17 മെഡലുകളുമായി 26–ാം സ്ഥാനത്താണ് ഇന്ത്യ. പാരാലിംപിക്സിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നേട്ടം.
English Summary: India at the Paralympics