ADVERTISEMENT

മയാമി∙ അവസാന റൗണ്ടിൽ, ലോക ചെസ് ചാംപ്യൻ മാഗ്നസ് കാൾസനെതിരായ മൂന്നു തുടർവിജയങ്ങളോടെ 15 പോയിന്റുമായി എഫ്ടിഎക്സ് ക്രിപ്റ്റോകപ്പ് ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്കു രണ്ടാംസ്ഥാനം. 16 പോയിന്റുമായി മാഗ്നസ് കിരീടം നേടി.  

നേരം പാതിര കഴിഞ്ഞിരിക്കുന്നു.  ചെന്നൈയിൽനിന്ന് 15,000 കിലോമീറ്ററകലെ യുഎസിലെ മയാമിയിൽ എഫ്ടിഎക്സ് ക്രിപ്റ്റോകപ്പിന്റെ അവസാന റൗണ്ടിൽ ലോക ചെസ് ചാംപ്യൻ മാഗ്നസ് കാൾസനെ നേരിടുകയാണ് രമേഷ് ബാബു പ്രഗ്നാനന്ദ എന്ന കൗമാരക്കാരൻ.

ചെന്നൈയിൽനിന്നു സഹോദരി സന്ദേശം അയച്ചിട്ടുണ്ട്–‘കാൾസനെ തോൽപിക്കണം’. ഏഴാം റൗണ്ടിൽ ആദ്യ 2 കളികൾ സമനിലയായെങ്കിലും മൂന്നാം കളി വിജയിച്ച് മത്സരവിജയത്തിലേക്ക് അടുത്തിരിക്കുകയായിരുന്നു മാഗ്നസ് അപ്പോൾ.  എന്നാൽ, കൂട്ടുകാരുടെ പ്രഗ്ഗുവിനു ചേച്ചി വൈശാലിയോടുള്ള വാഗ്ദാനം ബാക്കിയുണ്ട്. പതിവുള്ള ഭസ്മക്കുറിയണിഞ്ഞ്, ഒരുമാത്ര ചിന്തയുറപ്പിച്ച് അവസാന കളിയിലേക്കുള്ള ഇടവേള. ഒരു റൂക്കിനെ ബലി നൽകി കളി സമനിലയാക്കാനുള്ള മാഗ്നസിന്റെ ശ്രമങ്ങൾക്ക് കൃത്യതയാർന്ന നീക്കങ്ങളിൽ തടയിടുന്നു പ്രഗ്നാനന്ദ. അവസാന നിമിഷങ്ങളിൽ ഒരവസരവും നൽകാതെ കാൾസനെ അട്ടിമറിച്ചതോടെ കളി ടൈബ്രേക്കറിലേക്ക്.

തുടർന്നു നടന്ന 2 അതിവേഗ കളികളിലും (ബ്ലിറ്റ്സ്) മാഗ്നസിനെ തകർത്ത് ഒരു അതിവേഗ ഹാട്രിക് വിജയവും മാച്ച് പോയിന്റും. ലോക ചെസ് ചാംപ്യൻ തുടർച്ചയായ മൂന്നു കളികളിൽ ഒരേ എതിരാളിയോടു തോൽവി വഴങ്ങിയത് ഒരു പക്ഷേ, ചരിത്രത്തിൽത്തന്നെ ആദ്യമായിരിക്കും.  

‘‘ചേച്ചി ഉറങ്ങിക്കാണും. അവസാന റൗണ്ട് ഒന്നും കാണാൻ ഉറക്കമിളച്ച് അവളിരിക്കാറില്ല. കളിയിൽ തോറ്റാലും എനിക്ക് അധികം നിരാശയൊന്നും തോന്നില്ലായിരുന്നു.... ഇനി രണ്ടുമൂന്നു ദിവസം കളിയില്ല. വിശ്രമം മാത്രം. ദുബായിലാണ് അടുത്ത ടൂർണമെന്റ്’’–അമിതാവേശവും സന്തോഷവുമില്ലാതെ പ്രഗ്ഗ പറയുന്നു.

ലോക ചെസിന്റെ ഉയരങ്ങളിലേക്ക് അതിവേഗം ഓടിക്കയറുമ്പോഴും കൈവിടാത്ത സമചിത്തതയാണ് പ്രഗ്നാനന്ദയുടെ പ്രത്യേകത. കവിയുന്ന ലോകശ്രദ്ധയും കുമിയുന്ന ആരാധകരും വിജയങ്ങളും, ചെന്നൈ സ്വദേശികളായ നാഗലക്ഷ്മിയുടെയും രമേഷ്ബാബുവിന്റെയും മകനെ ഒട്ടും ബാധിച്ചിട്ടില്ല. ഒട്ടേറെ വിദേശയാത്രകളും കനപ്പെട്ട വിജയങ്ങളും കഴിഞ്ഞെത്തിയ പ്രഗ്നാനന്ദയോട് ഇതുവരെ എത്ര രാജ്യങ്ങൾ സന്ദർശിച്ചു എന്നു ചോദിച്ചാൽ അറിയില്ല എന്നായിരിക്കും മറുപടി.

ജന്മനാ പോളിയോ ബാധിച്ച രമേഷ് ബാബുവിന് യാത്ര വിഷമമായതിനാൽ അമ്മയാണ് വിദേശട്രിപ്പുകളിൽ പ്രഗ്നാനന്ദയ്ക്ക് ഒപ്പമുണ്ടാവുക.  

മൂത്ത മകൾ വൈശാലിയുടെ കാർട്ടൂൺ ഭ്രമം ഇല്ലാതാക്കാനും ടിവിയിൽനിന്ന് അകറ്റാനും മറ്റേതു മാതാപിതാക്കളെയും പോലെ, ചെസ് കളി പഠിപ്പിച്ചതാണ് മാതാപിതാക്കൾ. 

ചേച്ചി കളിക്കുന്നതു കണ്ട് ഒപ്പം കൂടിയതാണ് പ്രഗ്ഗ. 10 വയസ്സുള്ളപ്പോൾ ഏറ്റവും പ്രായംകുറഞ്ഞ ഇന്റർനാഷനൽ മാസ്റ്ററായി.  പല പ്രമുഖരും പ്രഗ്നാന്ദയ്ക്കു മുന്നിൽ പലപ്പോഴായി കീടങ്ങി. 2022 ഫെബ്രുവരിയിൽ എയർതിങ്സ് മാസ്റ്റേഴ്സ് റാപിഡ് ടൂർണമെന്റിൽ ലോക ചാംപ്യൻ മാഗ്നസ് കാൾസനെ അട്ടിമറിച്ചപ്പോൾ ലോക ശ്രദ്ധ മുഴുവൻ പ്രഗ്ഗയിലേക്കായി.

മയാമിയിൽ പ്രഗ്ഗ തോൽപിച്ച പ്രമുഖരുടെ പേരു നോക്കൂ. അലി റേസ ഫിറൂസ്ജ, ലെവൻ അരോണിയൻ, അനിഷ് ഗിരി, മാഗ്നസ് കാൾസൻ. ചെന്നൈയിൽനിന്ന് മയാമിയിലേക്ക് ‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്’ ഉണ്ടാകാമെങ്കിലും പ്രഗ്നാനന്ദ എന്ന പതിനേഴുകാരനിൽനിന്ന് ലോകം ഭരിക്കുന്ന ചെസ് രാജാവിലേക്ക് അധികം ദൂരമില്ല എന്നതാണ് സത്യം.

English Summary: 16-year-old Indian chess GM Praggnanandhaa shocks world No. 1 Carlsen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com