ADVERTISEMENT

ദക്ഷിണ മേഖല ജൂനിയർ അത്‌ലറ്റിക്സിൽ കേരളത്തിന് മെഡൽ നിരാശയോടെ തുടക്കം. 42 ഇനങ്ങളിൽ ഫൈനൽ നടന്ന ആദ്യദിനം നേടാനായത് രണ്ടു സ്വർണവും 6 വെള്ളിയും 7 വെങ്കലവും മാത്രം. അണ്ടർ 18 ആൺകുട്ടികളുടെ 100 മീറ്ററിൽ‌ ആഷ്‌ലിൻ അലക്സാണ്ടറും അണ്ടർ 20 ആൺകുട്ടികളുടെ ലോങ്ജംപിൽ ടി.ജെ.ജോസഫുമാണ് കേരളത്തിനായി ആശ്വാസ സ്വർണം നേടിയത്. പോയിന്റ് പട്ടികയിൽ തമിഴ്നാട് ബഹുദൂരം മുന്നിലാണ്. 

ഇന്നലെ സ്വർണം പ്രതീക്ഷിച്ചിറങ്ങിയ പല ഇനങ്ങളിലും കേരളത്തിന് വെള്ളിയുമായി തൃപ്തിപ്പെടേണ്ടി വന്നു. ഈ മാസം നടക്കുന്ന ദേശീയ യൂത്ത് അത്‍ലറ്റിക്സ് ചാംപ്യൻഷിപ് മുന്നിൽകണ്ട് ചില പ്രധാന താരങ്ങൾ പിൻമാറിയത് തിരിച്ചടിയായി. കഴിഞ്ഞ വർഷത്തെ മീറ്റിന്റെ ആദ്യ ദിനത്തി‍ൽ 7 സ്വർണമടക്കം 31 മെഡലുകളായിരുന്നു മലയാളി താരങ്ങൾ നേടിയത്.

ഉച്ചവരെയുള്ള ഫൈനലുകൾ അവസാനിച്ചപ്പോൾ പേരിനൊരു സ്വർണം പോലുമില്ലാതെ വലഞ്ഞ കേരളത്തിന്റെ നിരാശകയറ്റിയത് ആലപ്പുഴ സ്വദേശിയായ ആഷ്‌ലിൻ അലക്സാണ്ടറാണ്. അണ്ടർ 18 വിഭാഗം 100 മീറ്ററിൽ 10.96 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ആഷ്‌ലിൻ സ്വർണം നേടി. ആലപ്പുഴ ലിയോ അത്‌ലറ്റിക് അക്കാദമിയുടെ താരമാണ്. കണ്ണൂർ ചെമ്പേരി സ്വദേശിയായ ടി.ജെ.ജോസഫ് അണ്ടർ 20 ലോങ്ജംപിൽ 7.59 മീറ്റർ ചാടിയാണ് ഒന്നാമതെത്തിയത്. പനമ്പള്ളി നഗർ സ്പോർട്സ് അക്കാദമിയിലാണ് ജോസഫ് പരിശീലിക്കുന്നത്. 

വെള്ളി മെഡൽ‌ നേടിയവർ: മുഹമ്മദ് ആസിഫ് (ലോങ്ജംപ്, അണ്ടർ 20), കെ.എച്ച്.സാലിഹ (ഹൈജംപ്, അണ്ടർ 20), മയൂഖ വിനോദ് (800 മീറ്റർ, അണ്ടർ 18), കെ.എസ്.അമൽദേവ് (800 മീറ്റർ, അണ്ടർ 20), മരിയ തോമസ് (3000 മീറ്റർ, അണ്ടർ 20), 

 

∙ വെങ്കല നേട്ടക്കാർ: സായ് നന്ദന (ലോങ്ജംപ്,അണ്ടർ 16), ജെ.ബിജോയ് (1500 മീറ്റർ, അണ്ടർ 18) ലിഗ്ന (100 മീറ്റർ, അണ്ടർ 20), ആർ.കാർത്തികേയൻ (ഷോട്പുട്,അണ്ടർ 16), എം.എസ്.അമൃത (ഡിസ്കസ് ത്രോ, അണ്ടർ 16), ജെ.എസ്.നിവേദ്യ (800 മീറ്റർ, അണ്ടർ 18), ശരണ്യൻ (800 മീറ്റർ, അണ്ടർ 18)

 

Content Highlight: South Zone Junior Athletics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com