ഒരാളുടെ പേര് രണ്ടു ടീമുകളിൽ; ദേശീയ ഗെയിംസ് ബീച്ച് വോളിയിൽ കേരളത്തെ അയോഗ്യരാക്കി
Mail This Article
ഉയർത്തിയടിച്ച പന്ത് സ്വന്തം തലയിൽ തന്നെ പതിച്ച അവസ്ഥയിലേക്കു കേരളത്തിലെ വോളിബോൾ തർക്കം. കളിക്കാരൻ എത്താതിരുന്നതുമൂലം ദേശീയ ഗെയിംസ് ബീച്ച് വോളിയിൽ കേരളം അയോഗ്യരാക്കപ്പെട്ടു. ഒരേ കളിക്കാരനെ വോളിബോൾ ടീമിലും ബീച്ച് വോളി ടീമിലും ഉൾപ്പെടുത്തിയതാണു കാരണം. സ്പോർട്സ് കൗൺസിൽ തിരഞ്ഞെടുത്ത വോളിബോൾ ടീമിനൊപ്പം കഴിഞ്ഞ ഒന്നര മാസമായി മുടങ്ങാതെ പരിശീലനം നടത്തുന്ന കളിക്കാരനെ മനഃപൂർവം ബീച്ച് വോളി ടീമിലേക്കു മാറ്റിയതാണു പ്രശ്നത്തിനു കാരണമെന്നു കളിക്കാർ പറയുന്നു. എന്നാൽ, ഗെയിംസ് മാനദണ്ഡം പാലിച്ചാണു കളിക്കാരനെ ബീച്ച് വോളി ടീമിൽ ഉൾപ്പെടുത്തിയതെന്നു മറുവിഭാഗവും പറയുന്നു.
ഇത്തവണത്തെ ദേശീയ ഗെയിംസിനു വേണ്ടി കൗൺസിലും വോളിബോൾ അസോസിയേഷനും വെവ്വേറെ ടീമുകളെ തിരഞ്ഞെടുത്തതു വലിയ വിവാദമായിരുന്നു. സുപ്രീം കോടതിയിൽ വരെ പോരടിച്ച് അനുകൂലവിധി നേടിയാണു സ്പോർട്സ് കൗൺസിലിന്റെ ടീം ഗെയിംസിനെത്തിയത്. എന്നാൽ, അവസാനനിമിഷം കൗൺസിലിന്റെ ടീമിന്റെ പരിശീലകരായി അസോസിയേഷൻ സ്വന്തം നിലയ്ക്കു പരിശീലകരെ ഏർപ്പെടുത്തിയ പുതിയ തർക്കത്തിനു വഴിതുറന്നു. ഒടുവിൽ കൗൺസിലിന്റെ ടീമിനൊപ്പം പരിശീലനം നടത്തിയിരുന്ന താരത്തെ അസോസിയേഷൻ ഇടപെട്ടു കേരളത്തിന്റെ ബീച്ച് വോളി ടീമിൽ ഉൾപ്പെടുത്തിയതു ഇന്നലെ വീണ്ടും ഒച്ചപ്പാടിനിടയാക്കി. താൻ പരിശീലനം നടത്തിയതും കളിച്ചതും വോളിബോളിൽ ആണെന്നും ബീച്ച് വോളിയിലല്ലെന്നും വ്യക്തമാക്കിയാണ് കളിക്കാരൻ ബീച്ച് വോളി ടീമിനൊപ്പം ചേരാൻ വിസമ്മതിച്ചത്.
ഇതുമായി ബന്ധപ്പെട്ട തർക്കം തുടരുന്നതിനിടെയാണ് ഇന്നലെ സൂറത്തിലെ ഡ്യൂമസ് ബീച്ചിൽ മത്സരത്തിനു തുടക്കമായത്. 2 പേരാണ് ബീച്ച് വോളി ടീമിൽ വേണ്ടത്. അതിൽ ഒരു കളിക്കാരൻ എത്താതിരുന്നതുമൂലം കേരള ടീമിനു മത്സരത്തിനായി റിപ്പോർട്ട് ചെയ്യാൻ സാധിച്ചില്ല. എതിരാളികളായ രാജസ്ഥാൻ ടീം അടുത്ത റൗണ്ടിലേക്കു കടക്കുകയും ചെയ്തു. കഴിഞ്ഞ ദേശീയ ചാംപ്യൻഷിപ്പിൽ മത്സരിച്ച താരങ്ങളെ മാത്രമേ വോളി ടീമിൽ ഉൾപ്പെടുത്താൻ പാടുള്ളൂ എന്ന കർശന നിർദേശമുള്ളതിനാൽ പകരം ടീമിനെ ഇറക്കാൻ അസോസിയേഷനു കഴിഞ്ഞതുമില്ല. പുരുഷ വോളി ആദ്യ മത്സരത്തിൽ കരുത്തരായ സർവീസസിനെതിരെ കേരളം ഒന്നിനെതിരെ 3 സെറ്റുകൾക്കു തോൽവി വഴങ്ങി (25–21, 23–25, 26–24, 25–20). വനിത ടീം ബംഗാളിനെ തോൽപിച്ചു.
Content Highlights: National Games, Volleyball